Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightഓർമയിലെ ഓണം...

ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും

text_fields
bookmark_border
Aerial view of the Mundakkai-Chooralamala landslide
cancel
camera_alt

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ആകാശ കാഴ്ച

പറഞ്ഞ് പറഞ്ഞ് ഓണം വീണ്ടുമിങ്ങെത്തി. ഓണനാളിനെ വരവേല്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു മുണ്ടക്കൈ ചൂരൽമല ദേശവാസികൾക്ക്. സമാനതകളില്ലാത്ത മഹാദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും ജീവിത സമ്പാദ്യങ്ങളും ഉരുൾ കൊണ്ടുപോയപ്പോൾ ഓണം ആഘോഷിച്ചിരുന്ന സ്കൂൾ ഗ്രൗണ്ടും പുന്നപ്പുഴ കൊണ്ടുപോയി.

2024 ജൂലൈ 30 ന് ഒറ്റ രാത്രികൊണ്ട് രണ്ട് ദേശങ്ങളെ പ്രകൃതിക്കലി കവർന്നെടുത്തപ്പോൾ മരവിച്ചുപോയ മനസ്സുകൾക്കിടയിൽനിന്ന് ആമോദത്തിന്റെ ഓണനാളിലെ ഓർമകൾ വായിച്ചെടുക്കാൻ ശ്രമിക്കുകയാണ് ബാക്കിയായവർ. ദുരന്തമുണ്ടായി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് കഴിഞ്ഞ വർഷത്തെ ഓണമെത്തിയത്. ഉരുൾ ദുരന്തത്തിന്റെ പകപ്പിൽ സംസ്ഥാനത്തുതന്നെ ഓണാഘോഷം സർക്കാർ ഒഴിവാക്കി.

പക്ഷേ, ചൂരൽമലയുടെ ഓണാഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന നവോദയ ആർട്സ് ആൻഡ് സ്പോർട് ക്ലബ് അംഗങ്ങൾ കഴിഞ്ഞ ഉത്രാട നാളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകൾ അയവിറക്കാൻ ഒത്തുകൂടി. ഇത്തവണ ഓണാഘോഷം വേണമെന്ന് പലർക്കും ആഗ്രഹമുണ്ടെങ്കിലും വെള്ളാർമല സ്കൂളും ഗ്രൗണ്ടും ഇരുളിൽ കുത്തിയൊലിച്ചുപോയതോടെ നാടിന്റെ ഏറ്റവും വലിയ ആഘോഷം സംഘടിപ്പിക്കാൻ ഒരുതരി സ്ഥലംപോലും പ്രകൃതി ബാക്കിവെച്ചിട്ടില്ല. ഉരുൾ ദുരന്തത്തിനു ശേഷം പല ദിക്കുകളിലായി കഴിയുകയാണിപ്പോൾ ബാക്കിയായവർ.

ഓർമകൾ വീണ്ടെടുക്കുമ്പോൾ

മുണ്ടക്കൈ ചൂരൽമല പ്രദേശം സൗഹൃദങ്ങളുടെ ഈറ്റില്ലമായിരുന്നു. ഓണവും പെരുന്നാളും ക്രിസ്മസും വിഷുവുമെല്ലാം അവർക്ക് നാടിന്റെ ഉത്സവങ്ങളായിരുന്നു. ജാതി മത ഭേദമന്യേ പരസ്പരം ഉണ്ടും കൊടുത്തും ആഘോഷിച്ചും ആഹ്ലാദിച്ചും അവരെല്ലാം വെള്ളരിമലയുടെ താഴ്വാരത്ത് ആഘോഷങ്ങളെ ഹൃദയത്തോട് ചേർത്ത് ഒന്നിക്കും. മുണ്ടക്കൈയിലെ മൂന്ന് തലമുറകളുടെ ഓണാഘോഷങ്ങൾ കേട്ടറിഞ്ഞതിന്റെ ഓർമയുണ്ട് അടുത്തനാളുകളിൽ പ്രധാന സംഘാടകനായിരുന്ന വി.എസ്. ശ്രീജിത്ത് കുമാറിന്. ദുരന്ത സമയത്ത് തൃശൂരിൽ ആയിരുന്നതുകൊണ്ടുമാത്രം ജീവൻ ബാക്കിയായ ശ്രീജിത്തിന്റെ കുടുംബത്തെയും വീടും ഉരുളെടുത്തു.

ഓണമടുത്താൽ പ്രത്യേക വൈബാണ് മുണ്ടക്കൈക്കാർക്ക്. ഉത്രാടത്തിന്റെ ഒരാഴ്ച മുന്നേ മത്സരങ്ങൾ തുടങ്ങും. ഉരുളിൽ ഒലിച്ചുപോയ മുണ്ടക്കൈ ബാലവാടിയുടെ മുന്നിലെ സ്ഥലമായിരുന്നു പ്രധാന മത്സര വേദി. സുബ്രേട്ടൻ എന്ന് മുണ്ടക്കൈക്കാർ സ്നേഹത്തോടെ വിളിക്കുന്ന സുബ്രമണ്യൻ ആയിരുന്നു സംഘാടകരിലെ മെയിൻ. ഉരുൾ കശക്കിയെറിഞ്ഞവരുടെ കൂട്ടത്തിൽ സുബ്രേട്ടനും കുടുംബത്തിലെ എട്ടുപേരും വീടുമെല്ലാം ഉണ്ടായിരുന്നു. ഉത്രാട നാളിൽ രാവിലെ തുടങ്ങുന്ന ഓണാഘോഷങ്ങൾ രാത്രിവരെ നീളുമായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. നാടിന്റെ ഉത്സവത്തിന് സാക്ഷിയാവാൻ മാത്രം ഓണനാളിൽ നാട്ടിലേക്ക് ലീവെടുത്ത് വരുന്ന പ്രവാസികൾ പോലും നിരവധിയായിരുന്നു.

ചൂരൽമല പ്രദേശത്തുകാരുടെ ഓണാഘോഷം എല്ലാ വർഷവും നവോദയ ആർട്സ് ആൻഡ് സ്പോർട് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു. മാസങ്ങൾക്കു മുമ്പേ ഒരുക്കങ്ങൾ തുടങ്ങും. 2023ൽ ഓണാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലതല വടംവലി മത്സരം സംഘടിപ്പിച്ചത് വലിയ വിജയമായിരുന്നു. രാത്രി വൈകി മത്സരം നടക്കുമ്പോഴും ആവേശക്കടലിൽ ആർത്തുവിളിക്കാൻ നാടൊന്നാകെ സ്കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി.


അടുത്ത വർഷം സംസ്ഥാനതല വടംവലി മത്സരം സംഘടിപ്പിക്കണമെന്ന തീരുമാനവും അന്ന് ക്ലബ് എടുത്തു. കഴിഞ്ഞ വർഷം അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഉരുളിന്റെ രൂപത്തിൽ മഹാദുരന്തം തേടിയെത്തിയത്. പുന്നപ്പുഴയുടെ അരികിലുള്ള വെള്ളാർമല സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഓണാഘോഷങ്ങളുടെ ആസ്ഥാനം. ഉത്രാട നാളിൽ രാവിലെ തുടങ്ങുന്ന മത്സരങ്ങളും ആഘോഷങ്ങളും നാടിന്റെ ഉത്സവമായിരുന്നുവെന്ന് ക്ലബിന്റെ പ്രസിഡന്റ് നാട്ടുകാർ കുട്ടേട്ടൻ എന്ന് സ്നേഹപൂർവം വിളിക്കുന്ന കെ. ജയേഷ് പറയുന്നു.

ഒരുമയുടെ ഓണം എല്ലാ വിഭാഗത്തിൽ പെട്ടവരും നിറഞ്ഞ മനസ്സോടെ ഏറ്റെടുക്കും. ആട്ടും പാട്ടും കൂത്തുമൊക്കെയായി ഭക്ഷണമെല്ലാം ഒരുക്കി രാവ് പകലാക്കി മാറ്റിയാവും ആളുകൾ പിരിഞ്ഞുപോകുക. ദുരന്തത്തിനു ശേഷം ചൂരൽമല ടൗണിൽ പ്രവർത്തിച്ചിരുന്ന ക്ലബ് കെട്ടിടംപോലും പ്രവർത്തിക്കാൻ അനുയോജ്യമല്ലാതായി. ക്ലബിന്റെ അമരത്തിരുന്ന പലരും ഉരുൾ ദുരന്തത്തിൽ മാഞ്ഞുപോയി. ഒമ്പത് ഉറ്റവരെയടക്കം ഉരുൾ കശക്കിയെറിഞ്ഞപ്പോൾ ഇനി ഒറ്റക്കാക്കില്ലെന്ന് പറഞ്ഞ് കരങ്ങൾ മുറുകെ പിടിച്ച പ്രതിശ്രുത വരനെ പിന്നീടുണ്ടായ വാഹനാപകടത്തിലും നഷ്ടപ്പെട്ട ശ്രുതിയുടെ അച്ഛൻ ശിവണ്ണനടക്കമുള്ളവർ ക്ലബിന്റെ നെടുംതൂണായിരുന്നു.

മാനവ സൗഹാർദത്തിന്റെ നേർക്കാഴ്ച

വർഷത്തിൽ വിരുന്നുവരുന്ന ഓണവും പെരുന്നാളുമെല്ലാം വലിയ ഉത്സാഹത്തിലാണ് നെഞ്ചോട് ചേർത്തിരുന്നത്. ദാരിദ്ര്യത്തിന്റെ അതിപ്രസരം എസ്റ്റേറ്റ് മേഖലയിൽ പതിവ് കാഴ്ചകളാണെങ്കിലും ഇത്തരം ആഘോഷങ്ങളിൽ മിക്ക വീടുകളും വീട്ടുകാരും ഉത്സാഹഭരിതരായിരിക്കും. മങ്ങിയ കാഴ്ചകളെ വകഞ്ഞുമാറ്റി, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളില്ലാത്ത സ്നേഹവും സൗഹാർദവും ആഘോഷങ്ങളിലെല്ലാം കാണാനാവും.

ആഘോഷങ്ങൾക്ക് മാത്രമല്ല, ഏതൊരാവശ്യത്തിനും മുണ്ടക്കൈക്കാർ മതവും രാഷ്ട്രീയവും സംഘടനയുമൊന്നും ചികയാറില്ല. അതുകൊണ്ടുതന്നെ കെട്ടകാലത്തെ വിഭാഗീയതയുടേയും വർഗീയതയുടേയും ദുർമേദസ്സുകളുകളെ ഈ നാട് പടിക്ക് പുറത്ത് നിർത്തിയിട്ടേ ഉള്ളൂ. ഓണത്തിന് അത്തപ്പൂക്കളമിടുന്ന മുസ്‍ലിം വീടുകളും റമദാൻ കാലത്ത് നോമ്പെടുക്കുന്ന ഹിന്ദു സഹോദരങ്ങളുമൊന്നും ഇവിടെ അപൂർവ കാഴ്ചകളല്ല. ഉരുൾ കൊണ്ടുപോയ മുണ്ടക്കൈ പള്ളിയിലെ നോമ്പുതുറക്ക് ഒരുക്കിയിരുന്ന വിഭവങ്ങൾ എത്താത്ത ഒരു വീടുപോലും ഉണ്ടാകാതിരുന്നതും ആ ദേശക്കാർ ഉയർത്തിയ മാനവ സൗഹാർദത്തിന്റെ നേർക്കാഴ്ചയായിരുന്നു.


മസ്ജിദിന്റെയും അമ്പലത്തിന്റെയും ചർച്ചിന്റെയും ഭാരവാഹികളെയടക്കം അതിഥികളാക്കിയാണ് പല പരിപാടികളും ഇവിടത്തുകാർ സംഘടിപ്പിക്കുക. പെരുന്നാൾ ദിനത്തിനും വിഷുവിനും ക്രിസ്മസിനും സന്തോഷം പങ്കിടാൻ അയൽക്കാരന്റെ മതം നോക്കാതെ ഓടിയെത്തുന്നതും ഈ സൗഹാർദത്തിന് കളങ്കമില്ലാത്തതുകൊണ്ടാണ്.

മുണ്ടക്കൈ ചൂരൽമല വാസികളുടെ മത സൗഹാർദത്തിൽ അസൂയ പൂണ്ടിരുന്ന മാവേലി പക്ഷേ, കഴിഞ്ഞ തവണ ദുരന്തത്തിൽ വിറങ്ങലിച്ചവരെ കണ്ടാണ് തിരിച്ചുപോയിട്ടുണ്ടാവുക. സാധാരണ പറയുന്നതുപോലുള്ള ഒരൊഴുക്കന്‍ പ്രയോഗമായല്ല, ഒരുമയുടെ ഓണം എന്ന വാക്കിനെ അന്വർഥമാക്കുന്നതായിരുന്നു ഇവിടത്തെ ഓണം. മഹാ ദുരന്തത്തിന് മുകളില്‍ ഉയര്‍ന്നുനിന്ന സഹായഹസ്തങ്ങള്‍ക്ക് ജാതിയുടേയോ മതത്തിന്റേയോ അടയാളങ്ങൾ ഇല്ലാതിരുന്നതുപോലെത്തന്നെയായിരുന്നു ആ ദേശത്തിന്റെ ആഘോഷങ്ങളും ജീവതവും.

അതിജീവനത്തിന്റെ നാളുകൾ

ഉരുൾ ദുരന്തത്തിനു ശേഷം രണ്ടാമത്തെ ഓണമാണ് മലയാളികളിലേക്കെത്തുന്നത്. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ പുത്തുമലയിലെ ഹൃദയഭൂമിയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ദുരന്തത്തിന്റെ ഇരകൾ കൈകളിൽ നിറയെ പൂക്കളുമായാണ് എത്തിയത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പൂക്കൾ അർപ്പിച്ചും കണ്ണീർ പൊഴിച്ചും ദുരന്തരാത്രി ഓർത്തെടുത്തപ്പോൾ ഹൃദയഭൂമി വീണ്ടും സങ്കടക്കടലായി മാറി.

പ്രശോഭിന് മുത്തം നൽകിയിട്ട് ഒരു വർഷമായില്ലേ എന്ന് പറഞ്ഞായിരുന്നു അമ്മയുടെ കരച്ചിൽ. നിവേദിനും ധ്യാനും ഇഷാനും ഒന്നിച്ചുറങ്ങുന്നിടത്ത് അച്ഛനും അമ്മയും മിഠായിയും കളിപ്പാട്ടങ്ങളും വരുമ്പോഴെല്ലാം സമർപ്പിക്കും. ഉരുൾ കൊണ്ടുപോയ 33 കുട്ടികളുടെ ചിത്രത്തിന് മുന്നിൽ വെള്ളാർമല സ്കൂളിലെ അധ്യാപകരടക്കം കണ്ണീർപൂക്കൾ അർപ്പിച്ചു. നഷ്ടപ്പെട്ടതൊക്കെയും നെഞ്ചിലെ കനലായി എരിയുമ്പോഴും ഒറ്റരാത്രിയിൽ അനേകം ജീവനുകളും ജീവിതങ്ങളും ജീവിത കാലത്തെ സമ്പാദ്യങ്ങളും ഉരുളെടുത്ത നടുക്കുന്ന ഓർമകളെ മറവിക്ക് വിട്ടുകൊടുത്ത് അതിജീവനത്തിനുള്ള പോരാട്ടങ്ങളിലാണിപ്പോൾ ദുരന്തബാധിതർ. ഓണവും വിഷുവും പെരുന്നാളും ക്രിസ്മസുമെല്ലാം ഇനിയും ഒത്തൊരുമിച്ചുള്ള നാടിന്റെ ആഘോഷമാകണം.


നഷ്ടങ്ങളുടെ ഓർമകളിൽ മുൻഗാമികൾ കാണിച്ചുകൊടുത്ത സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും തകർത്തെറിഞ്ഞ മതത്തിന്റെ അതിർവരമ്പുകളേയും ഇനിയുള്ള കാലത്തും നെഞ്ചിലേറ്റാനാണ് ബാക്കിയായവരുടെ ശ്രമം. കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി പുതിയ വീടൊരുങ്ങുമ്പോൾ ഒരു ദേശത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അവിടെ ഉയരുന്നത്.

മഹാദുരന്തത്തിൽ ജീവൻ മാത്രം തിരിച്ചുകിട്ടിയ പലരും അവിടെത്തന്നെ വീട് ആഗ്രഹിക്കുന്നതും ഇനിയുള്ള കാലം ആ നാടിന്റെ ഒത്തൊരുമക്കും സ്നേഹത്തിനും ഒപ്പം കഴിയാനുള്ള അതിയായ ആഗ്രഹംകൊണ്ടുമാണ്. ദുരന്തത്തിന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ചിന്നിച്ചിതറിപ്പോയവർ ടൗൺഷിപ് ഉയരുന്നതോടെ നാടിനെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. കവി മുരുകന്‍ കാട്ടാക്കട പാടിയതുപോലെ “പൂക്കള്‍ വിളിച്ചില്ല, പാടം വിളിച്ചില്ല, ഊഞ്ഞാലുമില്ല, കിളിത്തട്ടുമില്ല, ഇലയിട്ട് മധുരം വിളമ്പിയില്ല, എങ്കിലും ഓര്‍മയിലെ ഓണം വിളിക്കുന്നു പിന്നെയും.”

Show Full Article
TAGS:onam memories onam celebration Wayanad Landslide Survivor 
News Summary - The Onam of memory calls again
Next Story