Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightട്ർണീം, ട്ർണീം... ഈ...

ട്ർണീം, ട്ർണീം... ഈ ചക്രങ്ങളുരുളും; ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളും

text_fields
bookmark_border
ട്ർണീം, ട്ർണീം... ഈ ചക്രങ്ങളുരുളും; ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളും
cancel
camera_alt

ആ​ശി​ഖും വ​ർ​ദ​യും മ​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര​ക്കി​ടെ

Listen to this Article

മലപ്പുറം: മക്കളുടെ മൊബൈൽ ഫോണിനോടുള്ള അമിതമായ ഭ്രമം മാറ്റണം. അതിന് എന്ത് ചെയ്യാമെന്ന ചോദ്യത്തിൽ നിന്നാണ് ദമ്പതികളായ ആശിഖും വർദയും യാത്രയെന്ന ഉത്തരത്തിലേക്കെത്തിയത്. വെറുമൊരു സാധാരണ യാത്രയല്ല.

മലയാളനാടിനെ ഒന്നടങ്കം തൊട്ടറിയാനുള്ള സൈക്കിൾ സവാരി. അങ്ങനെ പെരിന്തൽമണ്ണയിൽനിന്നും ഇന്നലെ മൂന്ന് സൈക്കിളുകൾ ഉരുണ്ടുതുടങ്ങി. മുൻകൂട്ടി നിശ്ചയിച്ച യാത്ര പദ്ധതികളോ എണ്ണിതിട്ടപ്പെടുത്തിയ ദിവസങ്ങളോ ഇല്ല. നാട് കണ്ട് തീരുംവരെ ഈ ചക്രങ്ങളുരുളും.

മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ ആശിഖും വർദയും മക്കളായ കാഹിൽ അർശ്, ആര്യൻ അർശ് എന്നിവരെ കൂട്ടിയാണ് കേരളം മുഴുവൻ കറങ്ങാനിറങ്ങിയത്. മൂന്ന് സൈക്കിളുകളിലായാണ് യാത്ര. മൂന്ന് വയസ്സുകാരനായ ആര്യൻ മാതാവിന്‍റെ സൈക്കിളിന്‍റെ പിറകിലിരിക്കും.

നാലാം ക്ലാസുകാരൻ കാഹിലിന്‍റെ കുഞ്ഞുസൈക്കിൾ ആശിഖിന്‍റെ സൈക്കിളിനൊപ്പം ഘടിപ്പിച്ചതാണ്. ഇതിന് വേണ്ട സജ്ജീകരണങ്ങൾ യു.കെയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. സെയിൽസിൽ ജോലി ചെയ്തിരുന്ന ആശിഖും ഫാർമസിസ്റ്റായിരുന്ന വർദയും തങ്ങളുടെ ജോലി രാജിവെച്ചാണ് ഈ സർക്കീട്ടിനിറങ്ങിയത്.

യാത്രക്കുള്ള ചെലവിന് വേണ്ട തുക യാത്രക്കിടയിൽ തന്നെ സുഗന്ധവിൽപനയിലൂടെ കണ്ടെത്താനാണ് കരുതുന്നത്. മൂത്തമകനായ കാഹിലിന്‍റെ പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ വഴി ക്ലാസുകൾ കേൾക്കും. പഠനത്തിൽ മിടുക്കനായതിനാൽ അതുകൊണ്ട് ബുദ്ധിമുട്ടില്ലെന്നാണ് പറയുന്നത്. നീണ്ട ഒരു വർഷക്കാലത്തെ തയാറെടുപ്പിന് ശേഷമാണ് ഈ നാൽവർസംഘം കഴിഞ്ഞ ദിവസം യാത്ര തുടങ്ങിയത്.

അഞ്ച് വർഷമായി ആശിഖ് സൈക്കിൾ സവാരികൾ നടത്തുന്നുണ്ട്. വർദ പെഡലുമായി കൂട്ടായിട്ട് ഒരുവർഷത്തിലേറെയായി. പുതു വർഷത്തിൽ പുത്തൻ പ്രതീക്ഷയോടെ ഈ ചക്രങ്ങൾ ഉരുണ്ടു തുടങ്ങുകയാണ്, ഒപ്പം ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങളും.

Show Full Article
TAGS:Family Cycling journey Lifestyle 
News Summary - these wheels turn; and the dreams of a family
Next Story