‘സുപ്രഭ’യിൽനിന്ന് അങ്കത്തട്ടിന്റെ ശോഭയിലേക്ക് ഈ ദമ്പതികൾ
text_fieldsകെ.കെ. ഉണ്ണികൃഷ്ണനും പി. മായയും
ഒറ്റപ്പാലം: മീറ്റ്ന എസ്.ആർ.കെ നഗറിലെ ‘സുപ്രഭ’ വീട്ടിൽ ഇത്തവണ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് പതിവിലും ചൂടേറെ...കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിലവിൽ കൗൺസിലറായ പി. മായക്കൊപ്പം ഇത്തവണ ഭർത്താവ് കെ.കെ. ഉണ്ണികൃഷ്ണനും കന്നിയങ്കത്തിനുള്ള തയാറെടുപ്പിലാണ്. വാർഡ് വിഭജനത്തെ തുടർന്ന് പുതുതായി രൂപംകൊണ്ട വനിത വ്യവസായ കേന്ദ്രം (22) വാർഡിലാണ് ഇത്തവണ മായ മത്സരിക്കുന്നത്. തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയം (23) വാർഡിലാണ് ഉണ്ണികൃഷ്ണൻ ജനവിധി തേടുന്നത്. ഇരുവരും യു.ഡി.എഫ് സ്ഥാനാർഥികളാണ്.
മീറ്റ്ന യു.പി സ്‌കൂൾ അധ്യാപികയായ മായ കഴിഞ്ഞ തവണ എൻ.എസ്.എസ് കോളജ് (20) വാർഡിൽ നിന്നും 129 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് കൗൺസിലിൽ എത്തിയത്. പിന്നീട് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായി. നിലവിലെ 22, 23 വാർഡുകളിലെ ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട വാർഡായിരുന്നു എൻ.എസ്.എസ് കോളജ്. ഇരുവരുടെയും ആത്മവിശ്വാസത്തിന് കാരണവും ഇതാണ്.
2003ൽ എയർ ഫോഴ്സിൽനിന്നും വിരമിച്ച ഉണ്ണികൃഷ്ണൻ പിന്നീട് ആരോഗ്യവകുപ്പിലും കെ.എസ്.ഇ.ബിയിലും സേവനസമനുഷ്ടിച്ചിട്ടുണ്ട്. 2003ലാണ് സൂപ്രണ്ട് തസ്തികയിലിരിക്കെ കെ.എസ്.ഇ.ബിയിൽ നിന്നും വിരമിച്ചത്. നിയമബിരുദധാരി കൂടിയാണിദ്ദേഹം. വാർഡ് വിഭജനത്തെ തുടർന്ന് വാർഡ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഭർത്താവിനെ സ്ഥാനാർഥിയാക്കിയതെന്നും ഇത്തവണ മത്സരിക്കുന്നില്ലെന്ന ആദ്യഘട്ട തീരുമാനം പിന്നീട് നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് മാറ്റുകയാണുണ്ടായതെന്നും ഇവർ പറയുന്നു.


