ഒരു കുടുംബത്തിൽനിന്ന് മൂന്ന് സ്ഥാനാർഥികൾ
text_fieldsവി.പി. പ്രമോദ്, ഇ. അനുപമ, വി.പി. നിഷാന്ത്
തലശ്ശേരി: ഇടത് മുന്നണിയുടെ ഉരുക്ക് കോട്ടയായ കതിരൂർ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ് സ്ഥാനാർഥികളായി ഒരുകുടുംബത്തിൽനിന്ന് മൂന്നു പേർ. കതിരൂർ നാലാം മൈൽ നാലേ ഒന്നിലെ വലിയ പുരയിൽ കുടുംബത്തിൽനിന്ന് വി.പി. പ്രമോദ്, അനുജൻ വി.പി. നിഷാന്ത്, പ്രമോദിന്റെ ഭാര്യ ഇ. അനുപമ എന്നിവരാണ് മത്സരരംഗത്തുള്ളത്.
കതിരൂരിൽ കച്ചവടം നടത്തുന്ന 54 കാരനായ പ്രമോദ് 16ാം നമ്പർ അമ്പലം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയാണ് ഇദ്ദേഹം അങ്കത്തിനിറങ്ങുന്നത്. പൊന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും ജവഹർ ബാലമഞ്ച് തലശ്ശേരി ബ്ലോക്ക് ചെയർമാനുമാണ്. പ്രമോദിന്റെ ഭാര്യ ഇ. അനുപമക്കും അനുജൻ നിഷാന്തിനും ഇത് കന്നി മത്സരമാണ്. അഞ്ചാം വാർഡിലാണ് (വേറ്റുമ്മൽ) അനുപമ മത്സരിക്കുന്നത്. 46 കാരിയായ അനുപമ പൊന്ന്യം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ജവഹർ ബാലമഞ്ച് കതിരൂർ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.
നാലാം മൈൽ (വാർഡ്-19) വാർഡിൽ നിന്നാണ് നിഷാന്ത് ജനവിധി തേടുന്നത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. കോൺഗ്രസ് നാലാം മൈൽ 36ാം നമ്പർ ബൂത്ത് പ്രസിഡന്റും ഐ.എൻ.ടി.യു.സി കതിരൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്. പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണ് ഇവരുടേത്. നിഷാന്തിന്റെ ഭാര്യ ടി. ദിവ്യയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കതിരൂർ പഞ്ചായത്തിലെ 17ാം വാർഡിൽ മത്സരിച്ചിരുന്നു.


