ഇന്ന് അന്താരാഷ്ട്ര സൈക്കിൾ ദിനം; ഇത് സാഹിറിന്‍റെയും ഷാഹുലിന്‍റെയും സൈക്കിൾ യജ്ഞം
text_fieldsകോഴിക്കോട്: പലരും ആദ്യമായി സ്വന്തമാക്കിയ വാഹനം സൈക്കിളാകും. സൈക്കിൾ നൽകുന്ന ഗൃഹാതുരമായ ഓർമകളും ഏറെയുണ്ടാകും. പുതിയ കാലത്ത് സൈക്കിൾ ക്ലബ്ബുകളും ദീർഘദൂര സൈക്കിൾ യാത്രകളുമെല്ലാം സജീവമാണ്. സൈക്കിൾ സവാരി ശീലമാക്കുന്നതിലൂടെയുള്ള ആരോഗ്യ നേട്ടങ്ങളെക്കുറിച്ചെല്ലാം എല്ലാവരും ബോധവാന്മാരായി. സൈക്കിളുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും ഇവയൊന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്നും കൂടുതൽ പദ്ധതികളും ശ്രദ്ധയും ഇക്കാര്യത്തിൽ വേണമെന്നും പറയുകയാണ് കോഴിക്കോട് സൈക്കിൾ മേയർ കക്കോടി പാലത്ത് സ്വദേശി സാഹിർ അബ്ദുൽ ജബ്ബാറും സുഹൃത്ത് ഫറോക്ക് കോടമ്പുഴ സ്വദേശി ഷാഹുലും.
സൈക്കിൾ ഇരുവരുടെയും ജീവിതത്തിന്‍റെ ഭാഗമായിട്ട് 15 വർഷത്തിലേറെയായി. ഒരുലക്ഷത്തിലേറെ കിലോമീറ്റർ സൈക്കിളിൽ താണ്ടിയിട്ടുണ്ടെന്നും ഇവർ പറയുന്നു. സൈക്കിൾ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായും നിരവധി സർക്കാർ പദ്ധതികൾക്ക് പ്രോത്സാഹനം നൽകിയും ഇരുവരും ഈ രംഗത്ത് സജീവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൈക്കിൾ ക്ലബ്ബുകൾ രൂപീകരിക്കുന്നതിലായിരുന്നു ഏറെക്കാലമായി ശ്രദ്ധ. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന്‍റെ സൈക്കിൾ ബ്രിഗേഡ് പദ്ധതിക്കടക്കം ഷാഹുൽ സൈക്കിളുകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ തീരദേശ ഹൈവേയിൽ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച സൈക്കിൾ ട്രാക്ക് നടപ്പാക്കുന്നത് സംബന്ധിച്ച് പുതിയ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജൂലൈ ആദ്യ വാരം കോഴിക്കോടുനിന്നും സൈക്കിളിൽ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമത്തിലാണ് ഇരുവരും.
ആംസ്റ്റർഡാം ആസ്ഥാനമായ ബി.വൈ.സി.എസ് എന്ന സംഘടന കേരളത്തിൽ ബൈസിക്കിൾ മേയർ പദവി നൽകിയ നാലുപേർ ചേർന്ന് തയാറാക്കിയ ‘സൈക്കിൾ സൗഹൃദ കേരളത്തിനായുള്ള മാനിഫെസ്റ്റോ’ സർക്കാറിന് സമർപ്പിക്കും. ഏത് പ്രായത്തിലുള്ള വീട്ടമ്മമാരെയും സൗജന്യമായി സൈക്കിൾ പഠിപ്പിക്കുന്ന പദ്ധതി കോഴിക്ക് ജില്ലയിൽ നടപ്പിലാക്കാനും പദ്ധതിയുണ്ട്. റോഡുകൾ നിർമിക്കുമ്പോൾ സൈക്കിൾ പാതയും ചേർക്കുക, സൈക്ലിങ്ങിനും നടത്തത്തിനും മാത്രമായി എല്ലാ ജില്ലയിലും ഒരു റോഡ്, പൊതു പാർക്കിങ് ഏരിയകളിൽ സൈക്കിളുകൾക്കും സ്ഥലം നൽകുക എന്നിവയെല്ലാം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.


