ബഹിരാകാശം സ്വപ്നം കണ്ടൊരു പെൺകൊടി
text_fieldsആയിഷ ബത്തൂൽ
റാസൽഖൈമ ഇന്നോവേഷൻ ആൻഡ് സസ്റ്റൈനബിലിറ്റി ചാലഞ്ചിൽ (ആർ.ഐ.എസ്.സി-25) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആയിഷ ബത്തൂൽ എന്ന ഈ പെൺകുട്ടിയോട് ബഹിരാകാശത്ത് എന്താണ് ഇത്ര താൽപര്യം? എന്ന് ചോദിച്ചാൽ ബഹുരസമല്ലേ ബഹിരാകാശ കാഴ്ചകൾ എന്നാണ് ഉത്തരം. അതെ, ചെറുപ്പം മുതലേ അതായിരുന്നു അവളുടെ സ്വപ്നം. ഒരു ബഹിരാകാശ സഞ്ചാരി ആകണം നക്ഷത്രങ്ങൾക്കിടയിൽ ഒഴുകി നടക്കണം.
കുഞ്ഞുനാളിലെ ആകാശക്കാഴ്ചകൾ കണ്ട് കണ്ണുമിഴിച്ചുനിന്നിരുന്ന ബത്തൂലിന് ഫിസിക്സ് അധ്യാപിക കൂടിയായ ഉമ്മ നിസ ഫാത്തിമ നക്ഷത്രങ്ങളെക്കുറിച്ചും ഗ്രഹങ്ങളെ കുറിച്ചും അമ്പിളിമാമനെ കുറിച്ചുമൊക്കെ ഒത്തിരി കഥകൾ പറഞ്ഞു കേൾപ്പിച്ചിരുന്നു. കൂടാതെ ഭൂമിയിലെ സകല ജന്തുജാലങ്ങളെയും സ്നേഹിച്ച് കാണിച്ച പിതൃപിതാവ് അമ്മദ് നെല്ലൊലിചികണ്ടിയും മാതൃപിതാവും ചരിത്ര ബിരുദധാരിയുമായ മൂസാങ്കണ്ടി മൂസയും പറഞ്ഞ കഥകളും കുഞ്ഞ് ബത്തൂലിനെ സ്വാധീനിച്ചിരുന്നു. അന്ന് മനസ്സിൽ പാകിയ പ്രപഞ്ചവിസ്മയവിത്തുകൾ പാകമായി മുളച്ചുപൊന്താൻ കുറച്ചു വർഷങ്ങൾ എടുത്തു എന്ന് മാത്രം.
സ്കൂൾ പ്ലസ് ടു കോളജ് പഠനങ്ങളിൽ മുഴുകി വർഷങ്ങളോളം ബഹിരാകാശ ചിന്തകൾക്ക് അർദ്ധവിരാമമിട്ട സമയത്താണ് റാസൽഖൈമ വൈജ്ഞാനിക വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഐ.ഡബ്ല്യൂ.എ.ഡബ്ല്യു- 25 എന്ന മത്സരത്തെ കുറിച്ചുള്ള ഒരു പോസ്റ്റർ ഒരു വാൽനക്ഷത്രം കണക്കെ ബതൂലിന്റെ കണ്ണുകളിലുടക്കിയത്. ‘ബഹിരാകാശ ടൂറിസം-സുസ്ഥിരത’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള ഒരു അവസരം ആയിരുന്നു അതിലൂടെ ബതൂലിനെ തേടിയെത്തിയത്.
പണ്ട് പാകിയ വിത്തിന് മുളച്ചുപൊന്താൻ ഒരിറ്റുജലം കിട്ടിയ പ്രതീതി. വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തി പ്രസ്തുത വിഷയത്തിൽ ആഴത്തിൽ പഠിച്ചും ഗവേഷണം നടത്തിയും ‘ഗ്രീൻ ലോഞ്ച്-ബഹിരാകാശ ടൂറിസത്തെ സുസ്ഥിരമാക്കുന്നു’ എന്ന തന്റെ കേസ് സ്റ്റഡിയിലൂടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് വേഗച്ചിറകുകൾ തുന്നിച്ചേർത്തു. പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജസ്രോതസ്സായ ആൽഗെകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനം പരമ്പരാഗത ഇന്ധനത്തിന് പകരം വെക്കാനായിരുന്നു ബതൂൽ തന്റെ ആശയത്തിലൂടെ നിർദ്ദേശിച്ചത്.
പരിസ്ഥിതിയെ പരിക്കേൽപ്പിക്കാതെ ഉയർന്നുപൊങ്ങുന്ന റോക്കറ്റുകളും അതുവഴി കുറ്റബോധമില്ലാത്ത ബഹിരാകാശ യാത്രകളെക്കുറിച്ചുള്ള ദർശനങ്ങളും പങ്കുവെച്ച് സെമി ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചു. സകല പരിശ്രമങ്ങൾക്കും ഉറക്കമില്ലാത്ത രാവുകൾക്കും ശേഷം തന്റെ പ്രബന്ധം തന്റേടത്തോടെ അവതരിപ്പിച്ച ബതൂലിന് നിരാശയാകേണ്ടി വന്നില്ല. അവസാന റൗണ്ടിലെത്തിയ അഞ്ച് ഫൈനലിസ്റ്റുകളോട് മത്സരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ബത്തൂൽ തന്റെ സ്വപ്നഗോവണിയിലേക്ക് കാലെടുത്തുവെച്ചത്. കുഞ്ഞുനാളിൽ മനസ്സിൽ പാകിയ വിത്തിന് പടർന്ന്പന്തലിക്കാൻ കിട്ടിയ സുസ്ഥിര ഇന്ധനം ആകട്ടെ ഈ നേട്ടം. ആസ്ട്രോസയൻസിൽ ഇനി ഒരു കൈ നോക്കാൻ തന്നെയാണ് ബത്തൂലിന്റെ തീരുമാനം.
റാസൽഖൈമ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടനിലെ മൂന്നാം വർഷ കമ്പ്യൂട്ടർ ബിരുദ വിദ്യാർഥിയായ ഐഷാബത്തൂൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി റഫീക്ക് നെല്ലൊലിചികണ്ടിയുടെ മൂത്തമകളാണ്. അനിയത്തിമാരായ കൻസ ഖദീജയും യാരാ ഹലീമയുമൊന്നിച്ച് ദുബൈ മുഹൈസ്നയിലാണ് താമസം.