കുഞ്ഞു കൈകളിൽ വിരിയുന്ന വലിയ താളം
text_fieldsജഗത് കൃഷ്ണ
അടുത്ത കാലത്തായി യു.എ.ഇയിലെ കലാവേദികളിൽ നിറഞ്ഞുനിൽക്കുന്ന കൊച്ചു വാദ്യമേളക്കാരൻ ‘കുഞ്ഞു ജഗ്ഗു’ എന്നറിയപ്പെടുന്ന മാസ്റ്റർ ജഗത് കൃഷ്ണ ഇന്ന് ദുബൈയിലെ ഒരു കുട്ടിത്താരമാണ്. കാർട്ടൂൺ ലോകം അടക്കിവാഴുന്ന സമപ്രായക്കാർക്കിടയിൽ കേരളത്തിന്റെ തനത് ചെണ്ടമേളത്തിൽ തന്റേതായൊരു താളം കണ്ടെത്തുകയാണ് ഈ ഒമ്പതുവയസ്സുകാരൻ.
നന്നേ ചെറുപ്പത്തിൽ കയർ കെട്ടി തോളിൽ തൂക്കിയിട്ട കാലി പ്ലാസ്റ്റിക് ഡബ്ബായിലും സ്റ്റീൽ പത്രങ്ങളിലും സ്റ്റൂളുകളിലും കൊട്ടിപ്പാടിത്തുടങ്ങിയ ആ താളബോധമാണ്, ഇന്ന് ജഗതിനെ ഓർക്കസ്ട്ര ഫ്യൂഷൻ വേദികളിലും ശിങ്കാരിമേളത്തിലും ഒരുപോലെ തിളങ്ങുന്ന പ്രകടനങ്ങളിലേക്ക് എത്തിച്ചത്. ദുബൈ ഗൾഫ് ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഈ തലശ്ശേരിക്കാരൻ, നാട്ടിലും പ്രവാസലോകത്തുമായി ഇതിനകം അമ്പതിലേറെ വേദികളിൽ ചെണ്ടമേളം ഉൾപ്പെടെയുള്ള കലാപ്രകടനങ്ങൾ കാഴ്ചവെച്ചു കഴിഞ്ഞു. വേദികളിൽ പ്രത്യേക പരിശീലനവുമൊന്നുമില്ലാതെ, കേൾക്കുന്ന പാട്ടിനൊത്ത് താളമിട്ട് കൊട്ടിക്കയറാനുള്ള ജഗതിന്റെ അസാമാന്യ കഴിവ് ആരെയും അമ്പരപ്പിക്കും. ദുബൈയിലെ ലോർജ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുന്ന കണ്ണൂർ തലശ്ശേരി പെരുന്താറ്റിൽ സ്വദേശി കോയിത്തട്ട പ്രജിൽ കുമാറിന്റെയും ലിംനയുടെയും ഏക മകൻ. സ്വയം കണ്ടു പഠിച്ച താളങ്ങളുടെ ലോകത്തുനിന്നാണ് കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തിലേക്ക് അവൻ വളർന്നത്.
പ്രജിൽ കുമാറും ഭാര്യ ലിംനയും മകൻ ജഗത് കൃഷ്ണക്കൊപ്പം
ഒരു വയസ്സാകുന്നതിനുമുമ്പേ തന്നെ കുട്ടിയിൽ താളബോധം ഉണ്ടെന്ന് രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. ടിവിയിലും മറ്റും സംഗീതം കേൾക്കുമ്പോഴുമെല്ലാം കയ്യിലുള്ള കളിപ്പാട്ടങ്ങൾ നിലത്തടിച്ചു പാട്ടിനൊത്ത് താളം പിടിച്ചിരുന്നു. കളിപ്പാട്ടങ്ങൾ വാങ്ങുമ്പോഴും തെരഞ്ഞെടുക്കുക കൊട്ടാൻ പാകത്തിലുള്ള സാധനങ്ങളാണ്. രണ്ടു വയസ്സായതോടെ കയ്യിൽ കിട്ടിയ കമ്പുകളും സ്പൂണുകളും ഉപയോഗിച്ച് കുഞ്ഞു ജഗത് പാത്രങ്ങളിൽ താളം പിടിച്ചു തുടങ്ങി. വീട്ടിലെ പാത്രങ്ങളും സ്റ്റൂളുകളും കൊട്ടിത്തകർത്ത ജഗ്ഗുവിന് കേട്ട വഴക്കിന് കണക്കില്ല. കാരണം ദുബൈയിലെ തൊട്ടടുത്ത താമസക്കാർക്ക് കൊട്ടുന്ന ശബ്ദം ശല്യമായി. എന്നിട്ടും അവൻ കൊട്ട് നിർത്തിയില്ല. താളത്തെ നെഞ്ചേറ്റിയ ഈ കുഞ്ഞു കലാകാരൻ കണ്ണിൽ കാണുന്നതിലെല്ലാം താളം കണ്ടെത്തി. ഉത്സവപ്പറമ്പുകളിൽ നിന്നു വാങ്ങുന്ന കളിപ്പാട്ട ചെണ്ടയിൽ ആവേശത്തോടെ കൊട്ടി. കുഞ്ഞു കൈകൾ കൊട്ടിവേദനിക്കുമ്പോൾ താളം മാറ്റി പിടിച്ച് വേദന കുറക്കാൻ ശ്രമിച്ചു വെന്നല്ലാതെ കൊട്ടും താളവും നിർത്തിയില്ല. പ്ലാസ്റ്റിക് ഡബ്ബായിൽ കയറിട്ട് തോളിലിട്ട് കുറേ കാലം അങ്ങനെയും കൊട്ടി. ജഗതിന്റെ വിരൽ വേഗവും താളക്കണിശതയും രക്ഷിതാക്കളെ അമ്പരപ്പിച്ചു.
പ്രജിലിനും ഭാര്യ ലിംനക്കും ചെറുപ്പം മുതലേ ചിത്രം വരയിൽ അൽപം കഴിവുണ്ട്. എന്നാൽ, ഇവരുടെ കുടുംബത്തിലാർക്കും ചെണ്ടയുമായോ മറ്റു വാദ്യോപകരണങ്ങളുമായോ യാതൊരു ബന്ധവും ഇല്ല. മകനിൽ വന്നു ചേർന്ന പുണ്യത്തെ അവർ വേണ്ട രീതിയിലൊക്കെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ നല്ലൊരു ചെണ്ടയും സ്വന്തമായി ജഗതിനുണ്ട്. യു.എ.ഇയിലെ സംഗീത വേദികളിൽ ഓർഗസ്ട്രക്കൊപ്പം ചെണ്ട കൊട്ടിയുള്ള ജഗത്തിന്റെ ഫ്യൂഷൻ ഐറ്റത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കാറ്. ഓടക്കുഴലിനൊപ്പവും നർത്തകർക്കൊപ്പവും കരോക്കെ ട്രാക്കിനൊപ്പവും ചെണ്ട കൊട്ടിയും താളമിട്ടും ആസ്വാദകരെ ൈകയൈിലെടുക്കുന്നു. ശിങ്കാരി മേളക്കാർക്കൊപ്പം താളംചവിട്ടാനും ജഗത് മുന്നിലുണ്ടാകും. മണ്ഡല മാസങ്ങളിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നടക്കാറുള്ള ഭജനക്ക് കൊട്ടാനും അയ്യപ്പ പൂജാ പരിപാടികൾക്കും സ്ഥിരം സന്നിധ്യമാണ്. പരിപാടികൾക്ക് പോകുന്നതിന് മുന്നോടിയായി പരിശീലനമൊന്നും ചെയ്യാറില്ലെന്നതാണ് ജഗതിന്റെ ഒരു രീതി. ഏത് പാട്ട് കേട്ടാലും അതിനൊത്ത് താളം പിടിച്ചു കൊട്ടി കയറിക്കോളും. ഇതിനകം 50ൽപരം വേദികളിൽ തന്റെ സാന്നിധ്യ മറിയിച്ചു.
ടിവിയിൽ കാർട്ടൂൺ കണ്ടിരിക്കേണ്ട ചെറുപ്രായത്തിൽ ചെണ്ടമേളങ്ങളുടെ വീഡിയോ ആയിരുന്നു കൂടുതൽ കണ്ടിരുന്നത്. ഇത്തരം വീഡിയോ കണ്ട് ജഗത് തന്നെ ചെണ്ട കൊട്ട് പഠിക്കുകയായിരുന്നു. രണ്ടരവയസിൽ ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. മൂന്നാം വയസിൽ ആദ്യ ഗുരുവായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാറിന് ദക്ഷിണ നൽകിയാണ് തുടക്കം കുറിച്ചത്. കുറച്ചു നാൾ പ്രശാന്ത് മാരാർ കാഞ്ഞങ്ങാടിന്റെ കീഴിലും ഇപ്പോൾ സതീശൻ പൈങ്കുളത്തിന്റെ കീഴിലും ചെണ്ട പരിശീലനം നടത്തുന്നു. രാജേഷ് ചേർത്തലയുടെ ശ്രുതിമധുരമായ ഓടക്കുഴൽ നാദത്തിനൊത്ത് ചെണ്ടയിൽ താളം പിടിച്ചപ്പോൾ, ആ വീഡിയോ കണ്ട് അദ്ദേഹം മകനെ നേരിൽ കണ്ട് അഭിനന്ദിച്ചതായും പിതാവ് പ്രജിൽ പറഞ്ഞു .
റാസൽഖൈമയിൽ നടന്ന അയ്യപ്പ മഹോത്സവ വേദിയിൽ ചെണ്ടയിലുള്ള പ്രകടനം കണ്ട് സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ ജഗതിനെ പൊന്നാട അണിയിച്ചു ആദരിച്ചിരുന്നു. അവധി ദിവസങ്ങളിൽ ദുബൈയിലുള്ള ദർശനം ഭജൻസ് ടീമിന്റെ കൂടെ ഗഞ്ചിറ കൊട്ടാനും പോകാറുണ്ട്. സ്കൂൾ വേദികളിലും കുട്ടിത്താരമാണ്. എല്ലാ പിന്തുണയും നൽകി സ്കൂൾ അധികൃതരും ഉണ്ട്. നാട്ടിൽ അവധിക്കു പോകുമ്പോഴും ചെറിയ മേളങ്ങൾക്കൊക്കെ പോകും. തലശ്ശേരിയിലെ പെരുന്താറ്റിൽ കോഴിത്തട്ട ശ്രീ പോർക്കലി ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ ചെണ്ട മേളം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കളിച്ചു നടക്കേണ്ട പ്രായത്തിൽ ചെണ്ട കൊട്ടാനിറങ്ങിയ കുരുന്നിന്റെ പ്രകടനം നാട്ടുകാരെ അത്ഭുതപ്പെടുത്തി.
ചെമ്പടമേളം, പഞ്ചാരി മേളം തുടങ്ങിയവയെല്ലാം പഠിച്ചെടുത്ത ബാലൻ തായമ്പക, മൃദംഗം, ഡ്രംസ്, കീ ബോർഡ് എന്നിവയിലും പരിശീലനം നടത്തുന്നുണ്ട്. ഡാൻസ്, ചിത്രരചന, ഫുട്ബാൾ, ഷട്ടിൽ, സ്കേറ്റിങ് ഷൂസ് റേസ് എന്നിവയിലെല്ലാം ജഗത് തന്റെ കഴിവ് പ്രകടിപ്പിച്ചു വരുന്നു. എല്ലാം ജഗതിന്റെ താല്പര്യത്തിൽ തന്നെ പരിശീലിച്ചെടുക്കുകയാണ്. സിനിമാ നടനും ചെണ്ട വാദ്യക്കാരനുമായ ജയറാമിനെ നേരിൽ കാണണമെന്നതായിരുന്നു ജഗത് കൃഷ്ണയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. അടുത്തിടെ ഷാർജയിൽ നടന്നൊരു ഓണ പരിപാടിക്കിടെ ജയറാമിനെ നേരിട്ട് കണ്ട് ജഗ്ഗു തന്റെ ആഗ്രഹം സഫലീകരിച്ചു. കലാപ്രകടനങ്ങളുടെ വീഡിയോകളെല്ലാം കണ്ട അദ്ദേഹം അഭിനന്ദിക്കുകയുമുണ്ടായി. ഇനി എന്നെങ്കിലുമൊരിക്കൽ ജയറാമിന്റെയും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെയും കൂടെ മേളം അവതരിപ്പിക്കാനുള്ളൊരു അവസരം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജഗത് കൃഷ്ണ.