‘ഗസ്സയിൽ അമ്മയെ തേടുന്ന അന്ധ ബാലികയായി ആഫിയ’; ഹൃദയം കവർന്ന് മോണോആക്ട്
text_fieldsആഫിയ ഫാത്തിമ പിതാവ് സി. മുഹമ്മദ് ഷെരീഫിനൊപ്പം
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവം അറബിക് മോണോആക്ടിൽ എ ഗ്രേഡുമായി പാലക്കാട് വല്ലപ്പുഴ എച്ച്.എസ്. സ്കൂളിലെ സി. ആഫിയ ഫാത്തിമ. വല്ലപ്പുഴ സ്കൂളിലെ തന്നെ അറബിക് അധ്യപകനായ പിതാവ് സി. മുഹമ്മദ് ഷെരീഫിന്‍റെ പരിശീലനത്തിലും അധ്യാപികയായ മാതാവ് സമീനയുടെ പിന്തുണയിലുമാണ് ആഫിയ നേട്ടം കൈവരിച്ചത്.
യുദ്ധഭൂമിയിൽ മാതാവിനെ തേടുന്ന അന്ധയായ ബാലികയായും മകളെ നഷ്ടപ്പെട്ട വൃദ്ധയായും ക്രൂരനായ പട്ടാളക്കാരനായും നേർക്കാഴ്ചകൾ ലോകത്തെ ഓർമിപ്പിക്കുന്ന പത്രക്കാരനായും സ്വാന്തനമേകാൻ എത്തിയ മലയാളി വനിത രശ്മിയായും... മാറി മറിയുന്ന ഭാവാഭിനയത്തിലൂടെ ആഫിയ വേദിയെ കൈയിലെടുത്തു.
വാർത്തകളിലൂടെ മാത്രം കാണുന്ന യുദ്ധഭൂമിയിലെ നിശബ്ദ നിലവിളികളുടെ വേദനിപ്പിക്കുന്ന നേർക്കാഴ്ച കാണികൾക്ക് കൈമാറാൻ അവതാരികക്ക് കഴിഞ്ഞു. അറബിക് മോണോ ആക്റ്റ് മത്സരത്തിൽ ആദ്യമായി പങ്കെടുത്ത ഈ എട്ടാം ക്ലാസുകാരിയാണ് അവതരണ മികവിലൂടെ സംസ്ഥാന തലത്തിൽ വിജയം കൈവരിച്ചത്.
ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ മികച്ച നടിയായി ആഫിയയെ തെരഞ്ഞെടുത്തിരുന്നു. നാടകത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഒരുക്കിയ പിതാവായിരുന്നു ആഫിയയുടെ പരിശീലകൻ. സ്കൂളിലെ അറബി അധ്യാപകൻ മൻസൂർ മാസ്റ്ററുടെ പൂർണ പിന്തുണയും വിജയത്തിന് സഹായിച്ചെന്ന് ആഫിയ പറഞ്ഞു. അബ്ദുള്ള അദ്നാൻ ആണ് ആഫിയയുടെ സഹോദരൻ.


