ആദികേശിന് സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷി അവാർഡ്
text_fieldsഫറോക്ക്: ഇടതു കൈകൊണ്ട് ചിത്രങ്ങൾ വരച്ചും വിരലുകളില്ലാത്ത കൈകൊണ്ട് ഡ്രംസ് വാദനം നടത്തിയും നാടിനും സ്കൂളിനും അഭിമാനമായി മാറിയ പി. ആദികേശിന് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷി അവാർഡ്. ചിത്രകലയിൽ യു.ആർ.എഫ് വേൾഡ് റെക്കോർഡ്, ഡ്രംസ് വാദനത്തിൽ പ്രാവീണ്യം എന്നിവ കണക്കിലെടുത്താണ് ഇത്തവണ കാൽലക്ഷം രൂപയുടെ പുരസ്കാരത്തിന് അർഹനായത്.
ജന്മനാ വലതുകാലും വലതു കൈവിരലുകളുമില്ലാത്ത ആദികേശ് വേദികളിൽ പ്രകടനം കാഴ്ചവെക്കുമ്പോൾ സദസ്സ് നിറഞ്ഞാടുക പതിവാണ്. നല്ലൂർ ഗവ. യു.പി സ്കൂൾ അഞ്ചാംതരം വിദ്യാർഥിയായ ആദികേശിന്റെ കഴിവ് തിരിച്ചറിഞ്ഞത് രക്ഷിതാക്കളും അധ്യാപകരുമായിരുന്നു. ആദികേശിന്റെ കഴിവ് കേട്ടറിഞ്ഞ സിനി ആർടിസ്റ്റ് ദേവരാജും സംഘവും ചേർന്ന് ഡ്രംസ് വാങ്ങിക്കൊടുത്തത് വഴിത്തിരിവായി.
കള്ളിത്തൊടി പുൽപറമ്പിൽ വളയംകുന്നത്ത് പള്ളിയാളി സജിത്തിന്റെയും പ്രേംജ്യോത്സനയുടെയും ഏകമകനാണ്. 2023ലെ ഉജ്ജ്വല ബാല്യം പുരസ്കാരവും ആദികേശ് നേടിയിട്ടുണ്ട്.


