റെക്കോഡുകളുടെ തിളക്കത്തിൽ അദ്നാൻ മുഹമ്മദ്
text_fieldsഅദ്നാൻ മുഹമ്മദ്
പന്തളം: അസാമാന്യ ഓർമശക്തിയും ഏകാഗ്രതയും കൊണ്ട് അഞ്ചാംവയസ്സിൽ അഞ്ച് റെക്കോഡുകൾ സ്വന്തമാക്കി വിസ്മയമാവുകയാണ് അദ്നാൻ മുഹമ്മദ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ അദ്നാൻ, ശരീരത്തെ ബാധിക്കുന്ന 54 രോഗങ്ങളെയും അവ ബാധിക്കുന്ന അവയവങ്ങളെയും വെറും ഒരുമിനിറ്റ് എട്ട് സെക്കൻഡ് കൊണ്ട് അതിവേഗം പറഞ്ഞുതീർത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കി. 48 ഏഷ്യൻ രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് 57 സെക്കൻഡിനുള്ളിൽ മനഃപാഠമായി ചൊല്ലി നേരത്തേ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിട്ടുണ്ട്.
മൂന്ന് വയസ്സും 10 മാസവുമുള്ളപ്പോൾ 18 പച്ചക്കറികൾ, 20 പഴങ്ങൾ, 26 ശരീരഭാഗങ്ങൾ, 20 മൃഗങ്ങൾ, 20 വാഹനങ്ങൾ, 20 പക്ഷികൾ തുടങ്ങി നൂറുകണക്കിന് വസ്തുക്കൾ തിരിച്ചറിയുകയും ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, കേരളത്തിലെ ജില്ലകൾ എന്നിവ കൃത്യമായി പറയുകയും ചെയ്ത് ആദ്യമായി ഐ.ബി.ആർ പട്ടം നേടി. 520-ലധികം വിവരങ്ങൾ പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവിന് അസാധാരണ ഗ്രഹണശക്തിയുള്ള പ്രതിഭാശാലിയായ കുട്ടി എന്ന ബഹുമതി ലഭിച്ചു.
ഒന്നര വയസ്സുള്ളപ്പോഴാണ് കുട്ടിയുടെ അസാധാരണമായ കഴിവിനെ മാതാവ് തിരിച്ചറിയുന്നത്. ഡിജിറ്റൽ പഠനസാധ്യതകളെ കുട്ടികളുടെ വിജ്ഞാനത്തിനായി എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്നതിന്‍റെ ഉദാഹരണമാണ് ഈ മിടുക്കൻ. തലയോലപ്പറമ്പ് സ്വദേശിയായ നുഫൈലിന്‍റെയും പന്തളത്തുകാരി സുമയ്യയുടെയും മകനാണ്.


