‘പ്രണയത്തിൽ എത്തിയത് വളരെ ഈസിയായി, നിലപാടും ആഗ്രഹങ്ങളും അറിഞ്ഞപ്പോൾ കെമിസ്ട്രി വർക്കൗട്ടായി’; വിവാഹ വിശേഷങ്ങളുമായി ഐഷ സുൽത്താന
text_fieldsഐഷ സുൽത്താന
കോഴിക്കോട്: ഡൽഹി ഡെപ്യൂട്ടി കലക്ടർ ഹർഷിത്ത് സൈനിയുമായുള്ള പ്രണയ-വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായിക ഐഷ സുൽത്താന. വളരെ ഈസിയായാണ് പ്രണയത്തിൽ എത്തിയതെന്നും തന്‍റെ നിലപാടും സൈനിയുടെ നിലപാട് ഒന്നാണെന്നും ഐഷ പറഞ്ഞു.
സൈനിയുടെ റെസ്പോൺസിബിലിറ്റിയും കമിറ്റ്മെന്‍റും തന്നെ ആകർഷിച്ചു. നമ്മൾ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് അയാളും ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പെട്ടെന്നൊരു കെമിസ്ട്രി വർക്കൗട്ട് ആയി. അതിനാൽ പ്രണയത്തെ കുറിച്ച് രണ്ടു പേർക്കും കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ഞാൻ എന്ന സംവിധായികയെ അല്ല, എന്‍റെ ശബ്ദത്തെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ലക്ഷദ്വീപുകാർക്ക് വേണ്ടിയുള്ള സംസാരമാണ് ഇഷ്ടമായത് -ഐഷ സുൽത്താന വ്യക്തമാക്കി.
ഡൽഹി ഡെപ്യൂട്ടി കലക്ടർ ഹർഷിത്ത് സൈനിയും ഐഷ സുൽത്താനയും
സ്വകാര്യ ജീവിതം ഒതുക്കത്തിൽ വേണമെന്ന അഭിപ്രായത്തിലാണ് വിവാഹ വിവരം പുറത്ത് പറയാതിരുന്നത്. ജൂൺ 20നാണ് വിവാഹം രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്ത ശേഷം എല്ലാവരെയും അറിയിച്ച് വിവാഹ സൽകാരം നടത്താനാണ് തീരുമാനിച്ചിരുന്നത്. വിവാഹത്തിന് വിളിച്ചില്ലെന്നും അറിയിച്ചില്ലെന്നും നാട്ടുകാരും വേണ്ടപ്പെട്ടവരും പരാതി പറഞ്ഞു.
'ഞാൻ സംവിധാനം ചെയ്ത സിനിമ സൈനി കണ്ടതായി അറിയില്ല. എംപുരാനും ജാനകിക്കും എതിരെ കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ വന്നതിനാൽ എഴുത്ത് പൂർത്തിയായ 124 (A) എന്ന സിനിമ തൽകാലം മാറ്റിവെച്ചു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള പുതിയ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി. ഇന്നും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചാണ് സ്ക്രിപ്റ്റ് എഴുതിയത്' -ഐഷ പറയുന്നു.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട രാഷ്ട്രീയവും ഭരണകൂട നീക്കങ്ങളെ കുറിച്ചും ഐഷ സുൽത്താന പ്രതികരിച്ചു. ലക്ഷദ്വീപിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. അഗത്തിയിൽ സ്കൂൾ അടച്ചുപൂട്ടിയതിൽ സമരം നടക്കുന്നുണ്ട്. 22 ദിവസമായി കുട്ടികൾ സ്കൂളിൽ പോകുന്നില്ല. പ്രശ്ന പരിഹാരത്തിനായി എം.പി പരിശ്രമിക്കുന്നുണ്ട്. അതിനാൽ തന്‍റെ ജോലി വളരെ കുറഞ്ഞു. മഹൽ ഭാഷ ഇല്ലാതാക്കാനുള്ള ഭരണകൂട നീക്കം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപ് നിവാസികൾ അവകാശങ്ങൾക്കായി ഇപ്പോൾ പ്രതികരിക്കുന്നുണ്ട്. ഒരു ജനതക്ക് പ്രതികരിക്കാനാവാത്ത വിധത്തിൽ രാജാവിനെ പോലെ ഭരണകൂടം അടക്കി വാഴുകയായിരുന്നു. സമരം കൊണ്ടും കോടതി കൊണ്ടും നേടാവുന്ന കാര്യങ്ങൾ ദ്വീപിലുണ്ട്. മാധ്യമങ്ങൾ ഇല്ലാത്തതിനാൽ ദ്വീപിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയുന്നില്ല. ഇവാക്കുവേഷൻ വിഷയത്തിൽ ഇന്നും പരിഹാരമില്ല. എല്ലാ സംവിധാനങ്ങളും ഉള്ള ആശുപത്രി പ്രധാന ആവശ്യമാണ്.
ഒരു ഡെപ്യൂട്ടി കലക്ടറിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളല്ല ലക്ഷദ്വീപിൽ നടക്കുന്നത്. മുകളിൽ നിന്നുള്ള നിർദേശങ്ങൾ നടപ്പാക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണം ഉപദ്രവിക്കാൻ തീരുമാനിച്ചാൽ ജനങ്ങൾ അത് അനുഭവിക്കേണ്ടി വരും -ഐഷ സുൽത്താന വ്യക്തമാക്കി.
ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഐഷ സുൽത്താനയും ഹർഷിത്ത് സൈനിയും തമ്മിലുള്ള വിവാഹം ജൂൺ 20നാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഡൽഹി ഡെപ്യൂട്ടി കലക്ടറായ ഹർഷിത്ത് സൈനി, അന്ത്രോത്ത്- അഗത്തി ദ്വീപുകളിൽ സേവനം ചെയ്തിരുന്നു. ചെത്ത്‍ലാത്തിൽ നിന്നുള്ള ആദ്യ സിനിമാ സംവിധായികയായ ഐഷ സുൽത്താന കേന്ദ്ര സർക്കാറിനെതിരെയും ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്.