ഏഷ്യൻ യൂത്ത് ഗെയിംസ്; ഇടിക്കൂട്ടിൽ തീപാറിക്കാൻ മലപ്പുറം പെൺകരുത്തും
text_fieldsനിഷാദ് അൻജൂം
മനാമ: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വള്ളുവനാടിന്റെ അഭിമാനമാകാൻ ഒരു പെൺകരുത്തും. തായ് മാർഷൽ ആർട്സിലെ മോയ്തായ് ഫുൾ കോണ്ടാക്ട് ഫൈറ്റിനാണ് മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനിയായ 16കാരി നിഷാദ് അൻജൂം കളത്തിലിറങ്ങുന്നത്. നാളെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലാണ് മത്സരം. റിങ്ങ് എയിൽ 51 കിലോഗ്രാം വിഭാഗത്തിലാണ് അൻജൂമിന്റെ പോരാട്ടം.
എട്ടാം വയസ്സ് മുതലേ കരാട്ടേ പരിശീലനം നേടിത്തുടങ്ങിയ അൻജൂമിന്റെ ജീവിതത്തിലെ പ്രധാന ഏടാണ് ഏഷ്യൻ യൂത്ത് ഗെയിംസ്. പതിനൊന്നാം വയസ്സിൽ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ അൻജൂം വിവിധ മാർഷൽ ആർട്സുകളിൽ നിന്നായി ഇതുവരെ നേടിയത് 10 സ്റ്റേറ്റ് മെഡലുകളും ഒമ്പത് നാഷനൽ മെഡലുകളുമാണ്. ഇടിക്കൂട്ടിൽ പതറാത്ത മനസ്സും കരുത്തുമായി ആത്മവീര്യത്തോടെ ഇടിച്ചുകയറുന്ന അൻജൂമിന്റെ രണ്ടാം ഇന്റർനാഷനൽ മത്സരം കൂടിയാണിത്.
അത് ഏഷ്യൻ യൂത്ത് ഗെയിംസിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചാണെന്നുള്ളതിൽ അഭിമാനം വേറെയും. ആദ്യമായി കഴിഞ്ഞവർഷം തായ്ലൻഡിലാണ് അൻജൂം അന്താരാഷ്ട്ര മത്സരത്തിനായി പോയിരുന്നത്. കരാട്ടേ സ്റ്റേറ്റ് ലെവൽ കോംപറ്റീഷനുകളിൽ 2018 മുതൽ കളത്തിലുണ്ട് അൻജൂം. പിന്നീട് ആണ് മോയ്തായിലേക്ക് കടന്നുവരുന്നത്. കിക്ബോക്സിങ്ങിലും കഴിവുതെളിയിക്കാൻ അൻജൂമിന് കഴിഞ്ഞിട്ടുണ്ട്. 2022 വരെ തുടർന്ന സ്റ്റേറ്റ് പോരാട്ടം ദേശീയതലത്തിലേക്ക് മാറിയത് 2023 മുതലാണ്.
ശേഷം നടന്ന 2023 ലെയും 2024ലെയും ദേശീയ മത്സരത്തിൽ നേടിയ ഗോൾഡ് മെഡലുകളാണ് അൻജൂമിന് യൂത്ത് ഗെയിംസിനായുള്ള വഴിതുറന്നത്. കരാട്ടേ പഠനം മാസ്റ്ററായ കുഞ്ഞിമുഹമ്മദിൽ നിന്നാണ് പഠിച്ചുതുടങ്ങിയത്. പിന്നീട് മോയ്തായിലേക്ക് മാറിയപ്പോൾ മാസ്റ്ററായി ഫഹദും അൻജൂമിനെ പഠിപ്പിച്ചു. ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടയപ്പോൾ ജയ്പൂരിൽ വെച്ചായിരുന്നു അവസാനഘട്ട പരിശീലനം.
മുൻ പ്രവാസിയായ പിതാവ് അൻസാർ ബാബുവിന്റെ ആഗ്രഹമായിരുന്നു മകൾ ഒരു അഭ്യാസി ആകണമെന്നത്. അതിനായി പൂർണപിന്തുണയും സഹായവും അൻസാർ മകൾക്ക് നൽകി. താൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തുടർന്നതുപോലും മകളുടെ ഭാവിക്കുവേണ്ടിയാണെന്നാണ് അൻസാർ പറയുന്നത്. ഗ്ലോബ് വിൻ ലോജിക്സ്റ്റിക്സിന്റെ സഹായത്തോടെയാണ് അൻജൂം ഇത്തവണ ഏഷ്യൻ യൂത്ത് ഗെയിംസിനായി ബഹ്റൈനിലേക്കെത്തുന്നത്. അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിനിയാണ് അൻജൂം. ഫാത്തിമ സജ്നയാണ് മാതാവ്. നൈന നദ സഹോദരിയാണ്. മൈലാഞ്ചിക്കൈകളുടെ കരുത്ത് ഇടിക്കൂട്ടിൽ കാണിക്കാനൊരുങ്ങുന്ന അൻജൂമിന് വിജയം ആശംസിക്കുന്നു.


