ദേവനയുടെ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത് വീണയിൽ പുതു വിസ്മയം
text_fieldsദേവന ജിതേന്ദ്ര
തൃശൂർ:ദേവനയുടെ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത് വീണയിൽ പുതു വിസ്മയം. ബിലഹരി രാഗത്തിലെ കനുകൊണ്ടിനി ശ്രീ രാമുനി എന്ന കൃതി വേദിയില്‍ അവതരിപ്പിച്ച് ദേവന നേടിയത് വീണയിൽ ഹാട്രിക്. വീണ കച്ചേരിയില്‍ അതി വിസ്മയം തീര്‍ക്കുന്ന വാഗേയകാരനായ തൃശ്ശൂർ അനന്ത പദ്മനാഭന്റെ ശിഷ്യ സുമ സുരേഷ് വര്‍മ്മയുടെ പരിശീലനമാണ് ദേവനക്ക് തുടർ വിജയമൊരുക്കിയത്.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വീണയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയത്. ഹയർ സെക്കണ്ടറിയിലും വിജയം കൂടെ നിന്നു. കണ്ണൂർ സെന്റ് തെരെസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ദേവന. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഗുരുവായൂര്‍ ചെമ്പൈ സംഗീത ഉത്സവം, കൊല്ലൂര്‍ മൂകാംബിക നവരാത്രി സംഗീത ഉത്സവം, മൃദംഗ ശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ വീണ കച്ചേരി നടത്തിയിട്ടുണ്ട്.
ഈ വര്‍ഷം മക്രേരി ദക്ഷിണാ മൂര്‍ത്തി അനുസ്മരണ ത്യാഗരാജ സംഗീത ആരാധനയിലും വീണ വായിച്ചു.കണ്ണൂർ ചേലോറ ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ ജിതേന്ദ്ര യുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. അനിന ത്യാഗരാജിന്റെയും ഏക മകളാണ്.


