നിങ്ങളുടെ ജീവിതത്തിലുണ്ടോ ആ ‘യെല്ലോ പേഴ്സൺ’
text_fieldsമഞ്ഞ വർണം പ്രതിനിധീകരിക്കുന്ന സവിശേഷതകളാണ് തെളിച്ചം, ഇളംചൂട്, ശുഭപ്രതീക്ഷ തുടങ്ങിയവ. ഇതുപോലെ വെളിച്ചം വിതറുന്നവരുണ്ടോ നിങ്ങളുടെ ജീവിതത്തിൽ? ഇരുണ്ട മേഘങ്ങളുള്ള ദിവസം പൊടുന്നനെ വരുന്ന സൂര്യപ്രകാശം പോലെ ജീവിതത്തിന് തെളിച്ചം നൽകുന്നവരാണ് ഈ യെല്ലോ പേഴ്സൺ
ഉന്മേഷത്തിന്റെയും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വർണമാണ് മഞ്ഞ. ഈ നല്ല വികാരങ്ങളെല്ലാം ഒരു വ്യക്തിയിൽ നിറഞ്ഞിരിക്കുന്നുവെന്ന് കരുതുക, അവരാണ് യെല്ലോ പേഴ്സൺസ്. മൂടിക്കെട്ടിനിൽക്കുന്ന ജീവിതത്തിന് സൂര്യവെളിച്ചമേകുന്നവർ.
എത്ര കടുത്ത ജീവിത സാഹചര്യത്തിലും നിങ്ങളുടെ സ്പിരിറ്റ് ഉയർത്തുന്ന വാക്കുകളും പ്രവൃത്തികളുമായി ആശ്വാസത്തിന്റെ മഞ്ഞത്തണലായി അവരുണ്ടാകും. ജഡ്ജ് ചെയ്യപ്പെടുമെന്ന് പേടിക്കാതെ ഏതു കാര്യവും പങ്കുവെക്കാനും അതിൽ നിങ്ങൾക്ക് മികച്ചതായ വഴി പറഞ്ഞുതരുന്നയാളുമായിരിക്കും അത്. അത്തരമൊരു യെല്ലോ പേഴ്സണെ ലഭിച്ചത് എത്ര അനുഗ്രഹമാണെന്ന് നിങ്ങൾ ഇടക്കിടെ ഓർക്കുകയും ചെയ്യും.
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
കുറച്ചുനാളായി സമൂഹമാധ്യമങ്ങൾ യെല്ലോ പേഴ്സണെ ആഘോഷിക്കാൻ തുടങ്ങിയിട്ട്. മനോഹരമായ പോസ്റ്റുകളിലൂടെയും വിഡിയോകളിലൂടെയും പലരും തങ്ങളുടെ യെല്ലോ പേഴ്സണ് സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്നു.
ഒരാൾ യെല്ലോ പേഴ്സണാവുന്നത് എപ്പോൾ?
നിങ്ങളുടെ യാത്ര പാതി ദൂരത്തിലാണെങ്കിലും കൂടെയുള്ളയാളുടെ ശുഭപ്രതീക്ഷയും പോസിറ്റിവ് വൈബും കൊണ്ട് വിജയത്തിന് തൊട്ടരികിലെത്തിയെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിൽ, കൂടുതൽ ഉത്സാഹം നിറക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ യെല്ലോ പേഴ്സണാണ്.
സാന്നിധ്യം കൊണ്ട് ഒരു തരത്തിലുള്ള അസ്വസ്ഥതയോ ആശങ്കയോ ഉണ്ടാക്കില്ലെന്നു മാത്രമല്ല, അവരുടെ സമീപനം നിങ്ങളുടെ സാഹചര്യത്തെ സമാധാനപൂർണമാക്കും.
എങ്കിലും...
നിങ്ങളുടെ ആ യെല്ലോ പേഴ്സണെ എത്രതന്നെ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുവെങ്കിലും ‘അവരും മനുഷ്യരാണ്’ എന്നത് മറക്കരുതെന്ന് മനഃശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് തന്നെ അവർ സമ്പൂർണരല്ല. വളരെ മോശം സാഹചര്യത്തെയോ അവസ്ഥയേയോ അങ്ങനെ തന്നെ സ്വീകരിക്കേണ്ട ജീവിതാവസ്ഥയിൽ അമിതമായ ശുഭപ്രതീക്ഷ വിപരീത ഫലം സൃഷ്ടിച്ചേക്കാം....
അതിവൈകാരികതയുടെ പരിസരങ്ങളിൽ അവർ അധികനേരം നിങ്ങളെ നിർത്തില്ല. കാര്യങ്ങളുടെ തെളിച്ചത്തിലേക്കും പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് അവർ നയിക്കും. വൈകാരിക പിന്തുണയും സമ്മർദത്തിൽനിന്നുള്ള മോചനമാർഗവുമാണവർ. വിഷമഘട്ടങ്ങളിൽ സുരക്ഷയും സ്ഥിരതയും തോന്നിപ്പിക്കുന്നയാളുകളാണ് നിങ്ങളുടെ യെല്ലോ പേഴ്സൺ. ഇവർ സ്ട്രെസ് ഹോർമോൺ കുറക്കാൻ സഹായിക്കും.’’
ആകൃതി ആസ്ത സൈക്കോളജിസ്റ്റ്, ഡൽഹി