സ്വന്തം കഴിവുകളിൽ വിശ്വാസമില്ലേ?
text_fieldsഎത്ര ഉയർന്ന നേട്ടങ്ങൾ കൈവരിച്ചാലും തന്റെ കഴിവുകൊണ്ടല്ല ഭാഗ്യം കൊണ്ടാണെന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ? സ്വയം ഒരു വഞ്ചകനാണെന്നും തനിക്ക് കഴിവില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടുമെന്നും ഭയപ്പെടുന്ന ഇത്തരം മാനസികാവസ്ഥയെ ഇംപോസ്റ്റർ സിൻഡ്രോം എന്നു വിളിക്കും.
സ്വന്തം കഴിവുകൊണ്ടല്ല തന്റെ വിജയങ്ങളെല്ലാം നേടിയതെന്നും ഭാഗ്യം കൊണ്ടാണ് വിജയങ്ങൾ കീഴടക്കിയതെന്നും ഇത്തരം മാനസികാവസ്ഥയിലുള്ളവർ ചിന്തിക്കും. ഇതു പിന്നീട് ഉത്കണ്ഠ, വിഷാദം തുടങ്ങിയവക്കും കാരണമായേക്കും. മറ്റുള്ളവർ എപ്പോഴെങ്കിലും തന്റെ കഴിവില്ലായ്മയെക്കുറിച്ച് തിരിച്ചറിയുമെന്ന ഭയം ഇവരെ അലട്ടിെക്കാണ്ടിരിക്കും.
ഇതിനെ മറികടക്കാൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും. തന്റെ കഴിവിനെക്കുറിച്ച് സ്വയം സംശയിക്കുകയും അമിതമായ തയാറെടുപ്പുകളും നടത്തും. 70 ശതമാനം പേരിലും പലപ്പോഴെങ്കിലും ഇത്തരം ചിന്തകളുണ്ടാകാം എന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.
ഇംപോസ്റ്റർ സിൻഡ്രോമിനെ മറികടക്കാൻ അടുത്ത സുഹൃത്തുക്കളോടോ മാനസികാരോഗ്യ വിദഗ്ധരോടോ തുറന്ന് സംസാരിക്കുന്നത് നന്നാകും. പ്രശംസകൾ സ്വീകരിക്കാൻ പഠിക്കുകയും സ്വയം അംഗീകരിക്കുകയും ചെയ്യുക. ഉത്കണ്ഠ, വിഷാദം എന്നിവ നേരിടുകയാണെങ്കിൽ മാനസിക വിദഗ്ധരുടെ സഹായം തേടുക. ആരും പൂർണരല്ലെന്നും എല്ലാവർക്കും തങ്ങളുടേതായ പ്രശ്നങ്ങളുണ്ടെന്നും മനസ്സിലാക്കുക.


