ഇല്ലായ്മകളോട് പോരാടി ഷുഹൈദ് കോയ തങ്ങൾ ദേശീയ ടീമിലേക്ക്
text_fieldsചെറുതുരുത്തി: ഇല്ലായ്മകളോട് പോരാടി ഇന്ത്യൻ ജൂനിയർ 20 ദേശീയ ടീമിൽ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട് നാടിന്റെ അഭിമാനമായിരിക്കുകയാണ് ഷുഹൈദ് കോയ തങ്ങൾ. ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിന് സമീപം പള്ളിത്താഴത്ത് വീട്ടിൽ പി.കെ. സീതി തങ്ങളുടെയും ഷെമീറ ബീവിയുടെയും മകനായ ഷുഹൈദ് ഹൈദരാബാദിൽ നടന്ന സെലക്ഷനിലാണ് ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രവാസിയായ പിതാവ് സീതി തങ്ങൾ വൃക്കരോഗത്തെത്തുടർന്ന് ഡയാലിസിസ് ചെയ്യുകയാണ്.
ചെറുപ്പം മുതലേ പഠിത്തത്തിലും ഫുട്ബാൾ കളിയിലും മുൻപന്തിയിലായിരുന്നു ഷുഹൈദ്. ചെറുതുരുത്തിയിലെ സി.എഫ്.എ പരിശീലന കളരിയിൽ നിന്ന് റിട്ട. മിലിറ്ററി ഉദ്യോഗസ്ഥൻ അബ്ദുൽ മജീദ്, കുഞ്ഞു മൊയ്തീൻ, നിതീഷ്, താഹിർ എന്നിവരുടെ പരിശീലനം നേടി. തുടർന്ന് ആറ്റൂർ അറഫ സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനകാലത്ത് ഗോൾ വലയം കാക്കുകയും സി.ബി.എസ്.ഇയിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തെത്തി അറഫാ കപ്പ് നേടുകയും ചെയ്തു. ഇതോടെ നിരവധി അവസരങ്ങൾ തേടിയെത്തി. ഡിഗ്രിക്ക് പഠിക്കവെ ജൂനിയർ എഫ്.സിയിൽ ബംഗളൂരുവിൽ സെലക്ഷൻ കിട്ടിയപ്പോൾ പിതാവിെൻറ ആരോഗ്യാവസ്ഥെയത്തുടർന്ന് അത് വേണ്ടെന്ന് വെച്ചെങ്കിലും വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് എഫ്.സിയിൽ ചേർന്നു.


