റൂബിക്സ് ക്യൂബുകൾ എളുപ്പത്തിൽ പരിഹരിച്ച് ഹൃഷികേശ്
text_fieldsഎടവനക്കാട്: ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസിലുകളാണ് റൂബിക്സ് ക്യൂബുകൾ. വ്യത്യസ്തതരം റൂബിക്സ് ക്യൂബുകൾ ചുരുങ്ങിയ സമയംകൊണ്ട് പരിഹരിക്കുന്നതിൽ വൈദഗ്ധ്യം പ്രകടിപ്പിക്കുകയാണ് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഹൃഷികേശ് നന്ദകുമാർ.
കശക്കി നൽകുന്ന റൂബിക്സ് ക്യൂബിലെ വിവിധ നിറങ്ങളിലുള്ള കട്ടകളെ ഓരോ വശത്തും ഒരേ നിറം വരുന്ന രീതിയിൽ ക്രമീകരിക്കുകയെന്ന ശ്രമകകരമായ ജോലി അനായാസമാണ് ഈ കൊച്ചുമിടുക്കൻ ചെയ്യുന്നത്.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരൻ ചെയ്യുന്നതു കണ്ടാണ് ഒരുവശത്ത് ഒമ്പതു കട്ടകൾ വരുന്ന 3X3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ ഹൃഷികേശ് പഠിക്കുന്നത്.
കുട്ടിയുടെ താൽപര്യം കണ്ടപ്പോൾ രക്ഷിതാക്കൾ 4X4, 5X5, മിറർ ക്യൂബ്, ആക്സിസ് ക്യൂബ്, സിലിണ്ടർ, പിരമിഡ്, മെഗാമിൻക്സ്, സ്നേക് പസിൽ തുടങ്ങിയ വ്യത്യസ്തയിനം റൂബിക്സ് ക്യൂബുകൾ വാങ്ങിക്കൊടുത്തു. വളരെ വേഗം അവ പരിഹരിക്കാൻ പഠിച്ചു. എടവനക്കാട് പഴങ്ങാട്ട് ജയവിഹാറിൽ പി.ബി. നന്ദകുമാറിന്റെയും പി.എസ്. വിജയലക്ഷ്മിയുടെയും ഇളയ മകനാണ്. സഹോദരി വിന്ദുജ.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയ ഹൃഷികേശ് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്.