ഏകാന്തതയുടെ അപാരതീരങ്ങളിൽനിന്ന് യൂബറിൽ രക്ഷപ്പെടുന്നവർ
text_fieldsപഠനച്ചെലവിനും ചെറു ശമ്പളമുള്ള ജോലിക്കൊപ്പം അധികവരുമാനത്തിനായുമൊക്കെയാണ് യുവജനത ഭക്ഷണ വിതരണ, ഓൺലൈൻ ടാക്സി ജോലി അഥവാ ഗിഗ് വർക്കിൽ സാധാരണ ഏർപ്പെടാറുള്ളത്. നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് താങ്ങാനാവാതെയാണ് കുറഞ്ഞ വരുമാനക്കാർ പലരും ഇത്തരം പാർട്ട് ടൈം ജോലി ചെയ്യാറുള്ളത്. എന്നാൽ, വൻനഗരങ്ങളിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ചിലർ ജോലിക്കുശേഷം ഗിഗ് വർക്കർമാരായി മാറുന്നുവെന്ന കൗതുകകരമായ വാർത്ത വന്നിരിക്കുന്നു. പണമല്ല ഇതിനുള്ള പ്രധാന കാരണമെന്നതും ശ്രദ്ധേയമാണ്.
ബംഗളൂരു സ്വദേശിയായ ചാർമിക നഗെല്ല തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പങ്കുവെച്ച അനുഭവം ഇങ്ങനെ: ഒരു ദിവസം ഓഫിസിലേക്ക് പോകാൻ ബൈക്ക് ടാക്സി വിളിച്ചപ്പോൾ, ‘ആം ഐ ഓഡിബിൾ?’ എന്ന ചോദ്യമാണ് ആദ്യം കേട്ടത്. കോർപറേറ്റ് സൂം മീറ്റിങ്ങുകളിലെ, ‘ഞാൻ പറയുന്നത് കേൾക്കാമോ’ എന്ന ഫോർമൽ ചോദ്യം ഒരു ഗിഗ് വർക്കറിൽനിന്ന് കേട്ടപ്പോൾ കൗതുകമായി. ചോദിച്ചപ്പോഴാണ് മനസ്സിലായത്, റൈഡർ ഒരു ഇൻഫോസിസ് ജീവനക്കാരനാണെന്നത്. അവധി ദിവസം വെറുതെയിരിക്കുന്നതിന് പകരമായി പുള്ളി തെരഞ്ഞെടുത്തതാണിത്. അധിക വരുമാനവും ഒപ്പം വെറുതെ മുറിയിൽ കിടന്നുറങ്ങാതെ ഉന്മേഷവാനായിരിക്കാനും ഗിഗ് വർക്ക് തന്നെ സഹായിക്കുമെന്നാണ് ആളുടെ വിശദീകരണം.
ഇതൊരു ആകസ്മിക സംഭവമല്ലെന്ന് എനിക്ക് മനസ്സിലായത്, മറ്റൊരിക്കൽ പ്രീമിയം വേഷമണിഞ്ഞ റൈഡറുടെ യൂബർ ബൈക്കിൽ കയറിപ്പോഴാണ്. ഒരു ബി ടു ബി ഇവന്റ് കമ്പനി സ്റ്റാഫായ താൻ പണത്തേക്കാളേറെ, ആളുകളുമായി സംസാരിക്കാൻ വേണ്ടിയാണ് വീക്കെൻഡിൽ ഗിഗ് വർക്ക് തെരഞ്ഞെടുക്കുന്നതെന്ന് ആൾ പറയുന്നു -ചാർമികയുടെ പോസ്റ്റ് കുറിക്കുന്നു.
ഏകാന്തത ഒഴിവാക്കാൻ വീക്കെൻഡുകളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മൈക്രോസോഫ്റ്റ് ജീവനക്കാരന്റെ കഥയും ഈയിടെ വൈറലായിരുന്നു. ഒറ്റപ്പെടലിൽനിന്നുള്ള വൈകാരിക രക്ഷപ്പെടലായി ഗിഗ് വർക്കിനെ കാണുന്നവർ മഹാനഗരങ്ങളിൽ കുറവല്ലെന്നും ചാർമിക കൂട്ടിച്ചേർക്കുന്നു.