അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഘാനക്കൊപ്പം തിളങ്ങി റിഹാൻ
text_fieldsറിഹാൻ അഷ്ഫക്ക് തന്റെ ഘാന ടീമിനൊപ്പം ട്രോഫിയുമായി. ഇൻസെറ്റിൽ റിഹാൻ
എടവണ്ണ: അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ പ്രാവീണ്യം തെളിയിച്ച് ഘാന ടീമിൽ മലയാളി വിദ്യാർഥി റിഹാൻ അഷ്ഫക്കും. യു.എസ്.എയിലെ സൗത്ത് ഫീൽഡ് മിഷിഗൻ ലോറൻസ് ടെക്നോളജിക്കൽ സർവകലാശാലയിൽ നടന്ന ലോക റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ മിഷൻ ചലഞ്ചിലും ഓട്ടോണമസ് ടാക്സി ഗെയിമിലും രണ്ടാം സ്ഥാനം നേടിയ ഘാന ടീം അംഗമാണ് എടവണ്ണ പത്തപ്പിരിയം സ്വദേശിയായ ഈ മിടുക്കൻ.
അമേരിക്കയിൽ ഓരോ വർഷവും നടത്തുന്ന റോബോഫെസ്റ്റ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളിയായ എട്ടാം ക്ലാസുകാരൻ റിഹാന്റെ ഘാനയെ പ്രതിനിധാനം ചെയ്തുള്ള ശ്രദ്ധേയ നേട്ടം. 20ലധികം രാജ്യങ്ങൾ പങ്കാളികളാകുന്ന ലോകോത്തര മത്സരത്തിൽ 2024 ഫെബ്രുവരിയിൽ ഗഹാന റോബോട്ടിക്സ് അക്കാദമി ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗ്യത പരീക്ഷയിൽ വിജയിച്ച് ജൂനിയർ വിഭാഗത്തിലെ അൺനോൺ മിഷൻ ചലഞ്ച്, ഓട്ടോണമസ് ടാക്സി ഗെയിം ഇനങ്ങളിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ നടന്ന റോബോഫെസ്റ്റിൽ 22 രാജ്യങ്ങളിൽനിന്നായി 30 ടീമുകളുമായുള്ള കടുത്ത മത്സരത്തിൽ റിഹാന്റെ ടീം ഇരുവിഭാഗങ്ങളിലും രണ്ടാംസ്ഥാനം നേടി. ഓട്ടോണമസ് ടാക്സി ഗെയിമിൽ മുഴുവൻ സ്കോറും നേടി. ജോർഡൻ ടീമിനൊപ്പം സമനിലയിലെത്തിയെങ്കിലും വെറും രണ്ട് സെക്കൻഡിന്റെ വ്യത്യാസത്തിൽ ഒന്നാംസ്ഥാനം നഷ്ടമായി. അടുത്തവർഷം സീനിയർ വിഭാഗത്തിൽ മത്സരിച്ച് മിഷിഗൻ യു.എസ്.എയിലെ ലോറൻസ് ടെക്നോളജിക്കൽ സർവകലാശാലയിൽനിന്ന് സ്കോളർഷിപ് നേടാനുള്ള ലക്ഷ്യത്തോടെയാണ് റെഹാൻ മുന്നോട്ട് പോകുന്നത്. ഘാനയിൽ ഐ.ടി പ്രഫഷനലുകളായ പത്തപ്പിരിയം സ്വദേശികളായ അറഞ്ഞിക്കൽ അഷ്ഫഖ് -റസ്ന ദമ്പതികളുടെ മകനാണ്. നാലാം ക്ലാസിൽ പഠിക്കുന്ന അയാൻ അഷ്ഫക്ക് സഹോദരനാണ്.