‘ഫുള്‍ അയണ്മാന്’
text_fieldsലോകത്തിലെത്തന്നെ അതികഠിനമായ കായിക പരീക്ഷണങ്ങളിലൊന്നാണ് ‘അയൺമാൻ’ ഫിറ്റ്നസ് ചലഞ്ച് മത്സരം. നീന്തലും ഓട്ടവും സൈക്കിളോട്ടവും എല്ലാം ചേർന്ന ശ്രദ്ധേയമായൊരു മത്സരയിനം. 18 വയസ്സ് തികഞ്ഞവർക്ക് മാത്രമേ മത്സരത്തിനിറങ്ങാൻ നിയമം അനുവദിക്കുന്നൊള്ളു. പതിനെട്ടുവയസ്സ് തികയുന്ന പിറന്നാൾ ദിനത്തില്‍ തന്നെ ‘ഫുള്‍ അയണ്മാന്’ നേട്ടം കയ്യിലൊതുക്കി ശ്രദ്ധേയനായിരിക്കുകയാണ് ദുബൈയിൽ താമസിക്കുന്ന മലപ്പുറം വെളിമുക്ക് സ്വദേശിയായ ശ്രീദത്ത് എന്ന വിദ്യാർഥി.
ഇങ്ങനെ ഒരു പിറന്നാൾ സമ്മാനം അത്യപൂർവമാണ്. മികച്ച ശാരീരിക ക്ഷമതയും അർപ്പണബോധവുമുളളവർ മാത്രം വിജയിക്കുന്ന ലോകത്തിലെ പ്രയാസമേറിയ ഈ മത്സരയിനത്തിൽ കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ജന്മദിനത്തില് ഫുള്‍ അയണ്മാന് പദവി നേടുന്നത്. ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ ആളും. അയൺമാൻ ചാലഞ്ച് പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന നേട്ടവും ഇനി ശ്രീദത്തിനുള്ളതാണ്. ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ജർമനിയിലെ ഹാംബർഗിൽ നടന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിലായിരുന്നു ‘ഉരുക്ക് മനുഷ്യൻ’ നേട്ടം ശ്രീദത്ത് സ്വന്തമാക്കിയത്.
മത്സരത്തില്‍ ഹാഫ് അയണ്മാന്, ഫുള്‍ അയണ്മാന് എന്നീ വിഭാഗങ്ങളുണ്ട്. ഇരുവിഭാഗങ്ങളിലും പങ്കെടുക്കണമെങ്കില്‍ 18 വയസ്സ് തികയണം. അയൺ മാൻ സ്വപ്നം മനസ്സിൽ താലോലിച്ച് നടക്കുന്നതിനിടെ കഴിഞ്ഞ വർഷമാണ് ശ്രീദത്ത് ജന്മദിനമായ ജൂൺ രണ്ടിന് ജർമനിയിൽ ചാമ്പ്യൻഷിപ്പ് നടക്കുന്ന വിവരം അറിയുന്നത്.
യാദൃശ്ചികമായി ഒത്തുവന്ന ഈ സുദിനം തന്റെ റെക്കോർഡ് ദിനംകൂടിയാക്കി മാറ്റണമെന്ന നിശ്ചയദാർഢ്യത്തിൽ സ്കൂൾ പഠനത്തോടൊപ്പം മുഴു സമയം പരിശീലനം തുടർന്നു. ഇടവേളകളില്ലാതെ കായിക ക്ഷമത തെളിയിക്കേണ്ട മത്സരത്തിലേക്ക് അങ്ങിനെ നെഞ്ചു വിരിച്ചാണ് ശ്രീദത്ത് ഇറങ്ങിയത്. ഫുൾ അയൺ മാനാവാൻ തുടർച്ചയായി 16 മണിക്കൂറിനുള്ളില്‍ നീന്തല്‍, സൈക്ലിങ്, ഓട്ടം എന്നിവ ചെയ്തുതീര്ക്കുകയെന്നതാണ് മത്സരത്തിലെ പ്രധാന വെല്ലുവിളി.
നിശ്ചിത സമയത്തിനുമെത്രയോ മുമ്പ് 13 മണിക്കൂറുകൊണ്ട് ശ്രീദത്ത് മത്സരം ഫിനിഷ് ചെയ്തപ്പോൾ റെക്കോർഡ് പിറക്കുകയായിരുന്നു . രാവിലെ 6.40ന് ആരംഭിച്ച മത്സരം രാത്രി 7.40 ഓടെ പൂർത്തിയാക്കി.
3.8 കിലോമീറ്റര്‍ നീന്തല്‍ (ഒരു മണിക്കൂര്‍ ഏഴുമിനിറ്റ്), 180 കിലോമീറ്റര്‍ സൈക്ലിങ് (ആറുമണിക്കൂര്‍ 10 മിനിറ്റ്), 42.2 കിലോമീറ്റര്‍ ഓട്ടം (അഞ്ചു മണിക്കൂര്‍ 20 മിനിറ്റ്) എന്നിവയിലൂടെയാണ് അഭിമാന നേട്ടം കൈവരിച്ചത്. ഓട്ടത്തിലും നീന്തലിലും ഒരുപാട് തവണ ജേതാവായിട്ടുണ്ടെങ്കിലും ഇത്രയും അധികം ദൂരം ഇടവേളയില്ലാതെ താണ്ടുന്നതും ട്രയാത്ത്ലണ് മത്സരത്തിന് വേണ്ടിയാണ്.
ശ്രീദത്ത് പിതാവ് സുധീർ കുമാർ, സഹോദരി ശ്രീനിധി, മാതാവ് രഞ്ജിത എന്നിവരോടൊപ്പം
ഫുള്‍ അയേണ്‍മാന്‍ മത്സരത്തില്‍ 3000 ത്തോളം പങ്കെടുത്തിരുന്നു. എന്നാല്‍ 18ാം ജന്മദിനത്തില് പങ്കെടുക്കുന്ന ഒരേയൊരാള്‍ ശ്രീദത്തായിരുന്നു. ഇതിനുമുന്‍പ് പുഖ്റായാന്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നടന്ന സൗത്ത് ഏഷ്യന്‍ ട്രയാത്ത്ലണ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീദത്ത് കപ്പ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഗോവയില്‍ ദേശീയ ഗെയിംസിലും പങ്കെടുത്തു. യു.എ.ഇ.യിലും ഒട്ടേറെ ട്രയാത്ത്ലണ് മത്സരങ്ങളില്‍ ശ്രീദത്ത് നേട്ടം കൊയ്തിട്ടുണ്ട്. കൃത്യമായ പരിശീലനമാണ് തന്റെ വിജയങ്ങൾക്ക് പുറകിലെ പ്രധാന രഹസ്യമെന്ന് ശ്രീദത്ത് പറയുന്നു.
വർഷങ്ങളുടെ നീണ്ട അധ്വാനവും ചിട്ടയായ പരിശീലനവുമുണ്ട്. ഓരോന്നിനും പ്രത്യേക സമയക്രമം നിശ്ചയിച്ചാണ് പരിശീലനം. കുഞ്ഞുനാൾ മുതൽ കായികമേഖലയിലായിരുന്നു ശ്രീദത്തിന്റെ താൽപര്യം. മകന്റെ അഭിരുചി കൃത്യമായി മനസ്സിലാക്കിയ മാതാപിതാക്കൾ മകന് ദുബൈയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല പരിശീലനത്തിന് അവസരമൊരുക്കി. പഠനത്തോടൊപ്പം കായിക ഇനങ്ങളിൽ പരിശീലനം തുടർന്നു. ആദ്യം ഫുട്ബോളിലും പിന്നീട് നീന്തലിലേക്കും ഓട്ടത്തിലേക്കുമെല്ലാം ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫുട്ബോൾ കമ്പക്കാരനായി ആഴ്സനൽ ക്ലബിൽ പരിശീലിക്കാൻ തുടങ്ങി. ദുബൈ ഡൽഹി പ്രൈവറ്റ് സ്കൂളിൽ പഠനം തുടങ്ങിയതോടെയാണ് കായിക രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. വ്യത്യസ്ത കായിക യിനങ്ങളിൽ അഭിരുചിയുള്ള കുട്ടിയാണെന്ന് കണ്ടെത്തിയ അധ്യാപകർ ഈ രംഗത്തേക്ക് കൂടുതൽ വാതായനങ്ങൾ തുറന്നു നൽകി. ആറാം ക്ലാസ് മുതൽ കരാട്ടെ പഠിക്കാൻ തുടങ്ങി .
പതിനൊന്നം വയസ്സിൽ ബ്ലേക് ബെൽറ്റ് നേടി. സ്കൂളിലെ ഫിലിപ്പിനോ നീന്തൽ പരിശീലകനാണ് ട്രയാത്ത്ലണ് ചാലഞ്ചിനെ കുറിച്ച് രക്ഷിതാക്കളോട് സൂചിപ്പിക്കുന്നത്. തുടർന്ന് 14–ാം വയസ്സുമുതൽ ട്രയാത്ത്ലണ് പരിശീലനത്തിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി. മലയാളി കായിക പ്രേമികളുടെ യു.എ.ഇയിലെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ കേരള റൈഡേഴ്സിലെ അംഗങ്ങളെ കണ്ടുമുട്ടിയതാണ് ശ്രീദത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കൂട്ടായ്മയിലെ നാസറിന്റെയും മോഹൻദാസിന്റെയും പിന്തുണ ഏറെ സഹായിച്ചു. കേരള ട്രയാത്തലോൺ അസോസിയേഷൻ വഴി സംസ്ഥാന, ദേശീയ ട്രയാത്തലോണിലും നാഷനൽ ഗെയിംസിലും നേട്ടം കൈവരിച്ചു. പരിശീലകരായ ഒളിംപ്യൻ പ്രദീപ് കുമാര്‍, റിനറ്റ് എന്നിവരും മുന്നോട്ടുനയിച്ചു.
കലാ കായിക രംഗത്ത് സജീവമായ കുട്ടികൾക്ക് അക്കാദമിക് പഠനം നഷ്ടമാകാതെ ഈ രംഗത്ത് പ്രതിഭ തെളിയിക്കാൻ അവസരം നൽകുന്ന ദുബൈ വിദ്യാഭ്യാസ സമിതിയുടെ റഹാൽ പദ്ധതിയും ശ്രീദത്തിന്റെ നേട്ടത്തിന് ഗുണം ചെയ്തുവെന്ന് പിതാവ് സുധീർ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഈ വർഷം പ്ലസ്ടു പഠനം മികച്ച മാർക്കോടെ പൂർത്തിയാക്കിയ ശ്രീദത്ത് ബിസ്നസ് അനലറ്റിക്സിൽ ബിരുദമെടുക്കാനുള്ള ശ്രമത്തിലാണ്.
ഭാവിയിൽ ഒളിബിക്സിൽ ഇന്ത്യയെ പ്രധിനിധീകരിക്കണം. അടുത്ത നാഷനൽ ഗെയിംസിൽ കേരളത്തിന്റെ അഭിമാന താരമാകണം എന്നിവയൊക്കെ ഇനിയുള്ള ആഗ്രഹങ്ങളാണ്. ദുബൈയിലെ മികച്ച ട്രയാത്ത്ലണ് പരിശീലന കേന്ദ്രത്തിൽ ചേർന്ന ശ്രീദത്ത് അതിനായുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഓരോ കായിക ഇനങ്ങൾക്കും വ്യത്യസ്ത പരിശീലകരുടെ കീഴിലാണ് ഇവിടെ ട്രെയിനിങ് തുടങ്ങിയിരിക്കുന്നത്.
ദുബൈയിൽ സാംസങ് മിഡിൽ ഈസ്റ്റ് മിന മേഖലയിലെ സർവീസ് ഡയറകർ ആയി ജോലി ചെയ്യുന്ന മലപ്പുറം വെളിമുക്ക് ഇഴിഞ്ഞിലത്ത് വീട്ടിൽ സുധീർ കുമാറിന്റെയും രഞ്ജിതയുടെയും മൂത്തമകനാണ് ശ്രീദത്ത്. അനിയത്തി ശ്രീനിധിയും സ്കൂൾ കായിക മത്സരങ്ങളിൽ സ്ഥിരം പ്രാധിനിത്യമറിയിക്കുന്നുണ്ട്. ദുബൈ ഊദ് മേത്തയിലാണ് കുടുംബം താമസിക്കുന്നത്.
ഇതിന് മുമ്പ് 18 വയസ്സിൽ ലോകത്ത് ഈ വിജയം സ്വന്തമാക്കിയത് രണ്ടുപേർ മാത്രം. അതിലൊന്ന് ഇന്ത്യക്കാരനാണ്. 2018ൽ അമേരിക്കയിലെ ലൂയിസ് വില്ലെയിൽ നടന്ന അയൺമാൻ ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്ര സ്വദേശി മേഘ് ഥാക്കൂറാണ് തന്റെ 18ാം പിറന്നാളിന് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരൻ.