ഫാത്തിമ നസ്റീനും തിമോത്തി ഫിലിപ്പും കേരളത്തിൽ ഒന്നാമത്
text_fieldsഫാത്തിമ നസ്റീൻ, തിമോത്തി ഫിലിപ്പ്
ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ ആദ്യ സെഷനിൽ ബി.ആർക്, ബി.പ്ലാനിങ് പ്രവേശനത്തിനുള്ള രണ്ടാം പേപ്പറിന്റെ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. jeemain.nta.ac.in എന്ന സൈറ്റിൽ ഫലം ലഭ്യമാണ്.
ജനുവരി 30ന് നടന്ന പരീക്ഷയിൽ ബി.ആർക്കിന് 44,144 പേരും ബി.പ്ലാനിങ്ങിന് 18,596 പേരുമാണ് പങ്കെടുത്തത്. മഹാരാഷ്ട്രയിൽനിന്നുള്ള പാത്നെ നീൽ സന്ദേശ് ബി.ആർക്കിനും മധ്യപ്രദേശുകാരി സുനിധി സിങ് ബി. പ്ലാനിങ്ങിലും 100 പെർസൈന്റൽ മാർക്ക് നേടി.
ബി.ആർക്കിൽ മലയാളിയായ കെ. ഫാത്തിമ നസ്റിൻ 99.966 സ്കോർ നേടി അഖിലേന്ത്യ തലത്തിൽ 12ാംസ്ഥാനത്തും ഒ.ബി.സി വിഭാഗത്തിൽ ഒന്നാമതുമെത്തി. ബി.പ്ലാനിങ് പരീക്ഷയിൽ തിരുവല്ല സ്വദേശി തിമോത്തി ഫിലിപ്പിനാണ് കേരളത്തിൽ ഒന്നാംസ്ഥാനം. 99.74 ശതമാനം മാർക്കോടെ അഖിലേന്ത്യ തലത്തിൽ 14ാം റാങ്കാണ്.
ബിലീവേഴ്സ് ഹോസ്പിറ്റൽ ഗാസ്ട്രോഇന്റസ്റ്റിനൽ വിഭാഗം മേധാവി ഡോ. സുബിത്ത് ഫിലിപ്പിന്റെയും അന്നു ഫിലിപ്പിന്റെയും മകനാണ്. പാലാ ബ്രില്യന്റിലായിരുന്നു പ്രവേശന പരീക്ഷ പരിശീലനം. ബി.ആർക്-ബി.പ്ലാനിങ് പരീക്ഷകളിൽ നിരവധി വിദ്യാർഥികൾ 99 ശതമാനം മാർക്ക് കരസ്ഥമാക്കിയതായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ അധികൃതർ അറിയിച്ചു.