വിഘ്നേഷിന് മുന്നിൽ വിഘ്നങ്ങൾ മാറിനിൽക്കും
text_fieldsവിഘ്നേഷ് ബ്രഹ്മയെ മന്ത്രി കെ.എൻ. ബാലഗോപാൽ അഭിനന്ദിക്കുന്നു
മയ്യനാട്: പരിമിതികൾ അതിജീവിച്ചു കൊണ്ട് അറിവിന്റെ മത്സര വേദികൾ കീഴടക്കി മുന്നേറുകയാണ് വിഘ്നേഷ് ബ്രഹ്മ എന്ന 11 വയസുകാരൻ. ശാരീരിക അസ്വസ്ഥതകളെ മനോബലം കൊണ്ട് നേരിടുന്ന അഞ്ചാം ക്ലാസുകാരൻ, ചക്രകസേരയിൽ ഇരുന്ന് ക്വിസ്മൽസരങ്ങളിൽ പങ്കെടുത്ത് വിധി സമ്മാനിച്ച രോഗത്തെ തോൽപ്പിച്ചു മുന്നേറുകയാണ്.
ജന്മനാ മസ്തിഷ്ക തളർവാതം (സെറിബ്രറൽ പാൾസി) ബാധിച്ച വിഘ്നേഷ് ബ്രഹ്മ മയ്യനാട് വെള്ളമണൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥി ആണ്. ഒരു കാര്യം ഒരു തവണ കേട്ടാൽ ഓർമകളുടെ ഉള്ളറകളിൽ അത് ഒളിപ്പിച്ചുവക്കുവാനുള്ള പ്രത്യേക കഴിവ് ഈ കൊച്ചു മിടുക്കനുണ്ട്. അതിനാൽ ഏതു തരം ഏതു ചോദ്യത്തിനും ഉടൻ ഉത്തരം നൽകും. ക്വിസ് മൽസരങ്ങളിൽ പതിവായി പങ്കെടുക്കുന്ന വിഘ്നേഷ് ബ്രഹ്മ ഏതു മത്സരത്തിൽ പങ്കെടുത്താലും വിജയം ഉറപ്പാണ്.
മയ്യനാട് ജന്മംകുളം ശാന്തി നടയിൽ കിഴക്കതിൽ നീതുവിന്റെ മകനാണ് വിഘ്നേഷ്. സഹോദരിയായ രണ്ടാം ക്ലാസ്സുകാരി ബൃന്ദയും സഹായത്തിനായുണ്ട്. വായിച്ചു പഠിക്കാൻ പരിമിതികൾ ഉള്ള വിഘ്നേഷ് ചോദ്യോത്തരങ്ങൾ കേട്ട് പഠിച്ചാണ് ഓരോ ക്വിസ് മത്സരത്തിലും പങ്കെടുക്കുന്നത്. മകന്റെ സ്കൂളിലെ അധ്യാപിക കൂടിയായ അമ്മ നീതുവാണ് ക്വിസ്സിൽ മുഖ്യ പരിശീലക.
വിഘ്നേഷ് ബ്രഹ്മ
പിന്തുണക്കായി എപ്പോഴും അമ്മൂമ്മ ശശികലയും അച്ചാച്ചനായ സുലീഫ് കുമാറും വിഘ്നേഷിനൊപ്പം ഉണ്ടാവാറുണ്ട്. ഒപ്പം ഓരോ മത്സരവേദിയിലും കരുത്തായി ബി.ആർ.സി ചാത്തന്നൂരിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീജയും സ്ക്രൈബായ ഷഹാന എന്ന കൊച്ചു മിടുക്കിയും. വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രഥാനാധ്യാപികയും, ക്ലാസ്ടീച്ചർ ദീപയും മറ്റ് അധ്യാപകരും സമഗ്ര ശിക്ഷ കേരള ചാത്തന്നൂർ ബി.ആർ.സിയും വിഘ്നേഷിന്റെ കൂടെ തന്നെയുണ്ട്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുള്ള ക്വിസ് മൽസരങ്ങളിലെല്ലാം പങ്കെടുത്ത് വിജയ കിരീടമണിയാൻ ഇതിനകം സാധിച്ചിട്ടുണ്ട്. രോഗത്തെ തോൽപ്പിച്ച് ക്വിസ് മൽസരങ്ങളിൽ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച വിഗ്നേഷ് ബ്രഹ്മയെ മന്ത്രി കെ.എൻ. ബാലഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി. എന്നിവർ അഭിനന്ദിച്ചിട്ടുണ്ട്. മയ്യനാട് ജന്മംകുളം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെ ഷെൽഫിൽ മുഴുവൻ വിഘ്നേഷ് ബ്രഹ്മക്ക് ലഭിച്ച ഉപഹാരങ്ങളാണ്.
വായിക്കാനും എഴുതാനും നടക്കുന്നതിനും ഉള്ള പ്രയാസങ്ങളെയൊക്കെ മറികടന്നാണ് ഈ കൊച്ചു മിടുക്കൻ ക്വിസ് മൽസരങ്ങളിൽ പങ്കെടുക്കുന്നത്. മൽസര വേദികളിലെ പ്രകടനം കണ്ട് പലരും വീട്ടിലെത്തി അഭിനന്ദിച്ചിട്ടുണ്ട്. ഇനിയും ഏറെ വിജയം നേടണമെന്ന ആഗ്രഹവുമായി കൂടുതൽ ചോദ്യവും ഉത്തരങ്ങളും ഓർമയിലാക്കാനുള്ള പരിശ്രമവുമായി വിഘ്നേഷ് മുന്നേറുകയാണ്.


