ആലാപനമാധുര്യംകൊണ്ട് ഹൃദയംകവർന്ന് മിസ്ബാഹ്
text_fieldsമിസ്ബാഹ്
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ വേദികളിൽ സംഗീതത്തിലെ തന്റെ പ്രതിഭ തെളിയിച്ച് ശ്രദ്ധേയനായി 10 വയസ്സുകാരൻ മിസ്ബാഹ് ജസീർ. മൂന്നാമത്തെ വയസ് മുതൽ കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ഗായകനായ പിതാവ് ജസീർ കണ്ണൂരിനൊപ്പം വേദികളിൽ പാടുന്നുണ്ട്.
ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഈ മിടുക്കൻ. സംഗീതവും അഭിനയവും നൃത്തവും എല്ലാം ഒരേ സമയം തനിക്ക് വഴങ്ങുമെന്ന് മിസ്ബാഹ് തെളിയിച്ചുകഴിഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ പല പരിപാടികളിലും ശ്രദ്ധാകേന്ദ്രമാണിന്ന് ഈ കൊച്ചുകലാകാരൻ.
അടുത്തിടെ പുറത്തിറങ്ങിയ ഗഫൂർ ചേലക്കര വരികളെഴുതി സംഗീതം നൽകിയ ‘മോം-വൗ’, ഹബീബ് മാങ്കോടിന്റെ വരികൾക്ക് പിതാവ് ജസീർ തന്നെ സംഗീതം നൽകിയ ‘ഓണം വന്ന നേരം’, രതീഷ് തുളസീധരന്റെ രചനയിൽ പിറന്ന ‘പൂനിലാവിൻ ചില്ലയിൽ’, ‘എന്റെ കുഞ്ഞുവാവ’ എന്നീ ശ്രദ്ധേയമായ നാല് ആൽബങ്ങളുടെ ഭാഗമാകാൻ ഭാഗ്യമുണ്ടായി മിസ്ബാഹിന്. അണിയറയിൽ ഒരുങ്ങുന്ന രണ്ട് ആൽബങ്ങളിൽ കൂടി പാടിക്കഴിഞ്ഞു. പഴയകാല മാപ്പിള, ഹിന്ദി ഗാനങ്ങളും ആലപിക്കാനും പുതുതലമുറയിലെ അടിപൊളി ഗാനങ്ങൾക്കൊത്ത് ചുവടുവെക്കാനും ഏറെ ഇഷ്ടമാണ്.
ജസ്റ്റിൻ തോമസിന്റെ കീഴിൽ കീബോർഡും സുരേഷ് സരിഗ മാസ്റ്ററിന്റെ കീഴിൽ സംഗീതവും അഭ്യസിക്കുന്നു. കണ്ണൂർ വളപട്ടണം സ്വദേശിയായ ജസീറിന്റെയും തംജീദിന്റെയും മകനാണ് മിസ്ബാഹ്. മിൻഹയും മിസ്ലയുമാണ് സഹോദരങ്ങൾ. ജസീറും കുടുംബവും സൗദിയിൽ ദമ്മാമിനടുത്ത് റാസ് തനൂറയിലാണ് സ്ഥിരതാമസം. എല്ലാവരിൽനിന്നും നിർലോഭമായ സ്നേഹവും പ്രോത്സാഹനവുമാണ് മിസ്ബാഹിന് ലഭിക്കുന്നത്.
ഗായകനും ഷോർട്ട് ഫിലിം-ആൽബം സംവിധായകമായ പിതാവ് ജസീർ കണ്ണൂർ 22 ഓളം സംഗീത ആൽബങ്ങളിൽ പാടുകയും 14 ഗാനങ്ങൾക്ക് സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ് പാടിയ ‘മധുരിതമാം ദുനിയാവ്’ എന്ന ഖവാലി, കെ.എസ്. രഹനയോടൊപ്പം പാടിയ ‘കണ്മണിക്കൊരു താരാട്ട്’ എന്നിവ ജസീറിന്റെ ഈണത്തിൽ പിറന്ന ഗാനങ്ങളാണ്. സംഗീതത്തിന് പുറമെ ‘ദിശ’ എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു കഥാപാത്രത്തിന് ജീവൻ നൽകി അഭിനയവും തനിക്ക് വഴങ്ങുമെന്ന് മിസ്ബാഹ് തെളിയിച്ചുകഴിഞ്ഞു. വലിയ കലാകാരനായി വളരണം എന്നാണ് മിസ്ബാഹിന്റെ ആഗ്രഹം.