'ലോകകപ്പ് ആരവം'; ജഴ്സി സ്റ്റോറുകളിൽ തിരക്കേറി
text_fieldsകടയിൽ വിൽപനക്കെത്തിയ ജഴ്സികൾ
സീബ്: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തങ്ങളുടെ ഇഷ്ട ടീമുകളുടെ ജഴ്സികൾ സ്വന്തമാക്കാൻ ഫുട്ബാൾ പ്രേമികൾ. ഇത്തരം ജഴ്സികൾ വിറ്റഴിക്കുന്ന കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ബ്രസീൽ, അർജന്റീന, ജർമനി, പോർചുഗൽ, ക്രൊയേഷ്യ എന്നിങ്ങനെ ആരാധകർ കൂടുതലുള്ള രാജ്യങ്ങളുടെ ജഴ്സിയാണ് കൂടുതലും വിറ്റുപോകുന്നതെന്ന് സീബ് സൂക്കിലെ സ്പോർട്സ് ഷോപ് റിവ ഫാഷനിലെ വഹ്സിൻ പറയുന്നു. നെയ്മർ, മെസ്സി തുടങ്ങിയവരുടെ പേരിലുള്ള ജഴ്സികൾ അന്വേഷിച്ചും ആരാധകർ എത്തുന്നുണ്ട്.
സ്വദേശികളായ ആളുകൾ കൂടുതലും കൊണ്ടുപോകുന്നത് ജർമനിയുടെ ജഴ്സികളാണെന്ന് വഹ്സിൻ പറഞ്ഞു.ബംഗ്ലാദേശികൾ കൂടുതലും അർജന്റീനിയൻ ഫാൻസാണ്. ലോകകപ്പിലെ 'രിഹാല' പേരിലുള്ള പന്തിനും ആവശ്യക്കാർ ഏറെയാണ്.
സാധാരണ ക്ലബുകളുടെ ജഴ്സിയാണ് വിറ്റുപോകുന്നത്. എ.സി മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നീ ക്ലബുകളുടെ ജഴ്സിക്കായിരുന്നു മാർക്കറ്റ്. ലോകകപ്പ് അടുത്തതോടെ മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജഴ്സി കിറ്റുകളാണ് വിറ്റുപോകുന്നത്. വരുംദിവസങ്ങളിൽ സ്റ്റോക്ക് കൂടുതലായി എത്തിത്തുടങ്ങും. സൗദി അറേബ്യ, ഖത്തർ ടീമുകളുടെ ജഴ്സികൾ വരുംദിവസങ്ങളിൽ മാർക്കറ്റിലെത്തും.


