ആദ്യ മുസ്ലിം പെൺകുട്ടിയുടെ കഥകളി അരങ്ങേറ്റം ഒക്ടോബർ രണ്ടിന്
text_fieldsസാബ്രി അധ്യാപകനോടൊപ്പം
ലോകമാകെ കേരളത്തെ പ്രശസ്തമാക്കിയ കലാരൂപമായ കഥകളിയെ നെഞ്ചിലേറ്റി സാബ്രിയുടെ അരങ്ങേറ്റം ഒക്ടോബർ രണ്ടിന്. 300 വര്‍ഷത്തെ പഴക്കമേയുള്ളൂ ഈ കലാരൂപത്തിനെങ്കിലും അതിലേക്ക് മറ്റ് മതവിഭാഗത്തിലുള്ളവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കാരണം ക്ഷേത്ര മതിലകത്തിനുള്ളിലാണ് ഇത് അരങ്ങേറിയിരുന്നത്. കലാമണ്ഡലത്തിൽ കഥകളി പഠനത്തിന് പ്രവേശനം നേടിയ ആദ്യ പെൺകുട്ടി സാബ്രിയാണ്.
2023ൽ എട്ടാം ക്ലാസിലാണ് സാബ്രി പ്രവേശനം നേടിയത്. കഥകളിക്ക് പെൺകുട്ടികൾക്ക് അഡ്‌മിഷൻ നൽകി തുടങ്ങിയത് 2021 മുതലാണ്. ഒക്ടോബർ രണ്ടിന് രാത്രി എട്ടിന് പത്താംതരം പഠിക്കുന്ന സാബ്രിയുടെ കഥകളി അരങ്ങേറ്റം കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കും. കേരള കലാമണ്ഡലം കൂത്തമ്പലത്തിന്റെ 90 വർഷത്തെ ചരിത്രത്തിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ കഥകളി വിദ്യാർഥിനിയാണ് സാബ്രി.
സാബ്രി കുട്ടിക്കാലം മുതൽ എല്ലാ വർഷവും അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി കണ്ടിരുന്നുവെന്ന് പിതാവ് നിസാം 'മാധ്യമ'ത്തോട് പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച് ആറ് ദിവസം ക്ഷേത്രത്തിൽ കഥകളിയുണ്ടായിരുന്നു. ഫോട്ടോഗ്രാഫറായ അച്ഛനോടൊപ്പം കഥകളിയുടെ അണിയറയൊരുക്കങ്ങളും നേരിൽ കണ്ടു. കഥകളി കാണുന്നതിനിടയിലാണ് കഥകളി പഠിച്ചാലോ എന്ന ചിന്ത രൂപപ്പെട്ടത്.
ചടയമംഗലത്തുള്ള അധ്യാപകനായ ആരോമലിനെ മകളോടൊപ്പം വീട്ടിൽ പോയി കണ്ടു. കലാമണ്ഡലത്തിൽ പഠനത്തിന് ചേരാൻ തീരുമാനിച്ചു. അങ്ങനെ കലാമണ്ഡലത്തിൽ എട്ടാം ക്ലാസിൽ ചേർന്നു. ക്ലാസിൽ ഏഴ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് ആൺകുട്ടികൾ. പുതിയ ലോകത്തേക്കാണ് പ്രവേശിച്ചത്. രാവിലെ 4.30ന് കളരി ക്ലാസ് തുടങ്ങും. സാധകം കഴിഞ്ഞ് കളരി പരിശീലനം. ഉച്ചക്ക് 1.30 മുതൽ അക്കാദമിക് പഠനം. അത് കഴിഞ്ഞ് ചില ദിവസങ്ങളിൽ പരിശീലനം നൽകും. മറ്റ് ദിവസങ്ങളിൽ കുത്തമ്പലത്തിലെ ലൈവ് പരിപാടികൾ കണ്ട് ആസ്വാദനക്കുറിപ്പ് എഴുതണം. ഇതെല്ലാം സാബ്രിക്ക് പുതിയ അനുഭവമായിരുന്നു.
ഒരു കാലത്ത് ക്ഷേത്ര മതിലകത്ത് മാത്രം അവതരിപ്പിച്ചിരുന്ന ക്ലാസിക്ക് കലാരൂപമായ കഥകളിക്ക് പുതിയൊരു മാനമാണ് സാബ്രിയുടെ അരങ്ങേറ്റത്തിലൂടെ. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ നിന്ന് കലാമണ്ഡലത്തിലെത്തിയ സാബ്രിക്ക് കൃഷ്ണവേഷം ചെയ്യാനാണ് താൽപര്യം. അതിനുള്ള തയാറെടുപ്പിലാണ് സാബ്രി. ചെറുപ്രായം മുതൽ കഥകളിയോടുളള ഇഷ്ടത്തിന്റെ സാഫല്യം കൂടിയാണ് ഈ അരങ്ങേറ്റമെന്ന് നിസാം അമ്മാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.