നബ്‍വാന്‍റെയും സയാന്‍റെയും കൈകളിൽ അരിപ്രാവുകളുണ്ട്; മനസിൽ ഫലസ്തീനിൽ ശാന്തി പെയ്യുന്ന ദിനങ്ങളും...
text_fieldsനബ് വാനും സയാനും തങ്ങളുടെ ഹരിപ്രാക്കളുമൊത്ത്
പരപ്പനങ്ങാടി: ലോകം സമാധാനത്തിലേക്ക് ചിറകടിക്കട്ടെ എന്ന പ്രാർഥനയോടെയാണ് പതിനാലുകാരൻ നബ്‍വാനും സയാനും ഇപ്പോൾ അരിപ്രാവുക്കളെ വാനിലെക്കെറിയുന്നത്. ഫലസ്തീനിൽ പിഞ്ചു കുട്ടികളുടെയും സ്ത്രീകളുടെയും മേൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് കൗമാര മനസുകളെ അത്രമേൽ വേദനിപ്പിച്ചിട്ടുണ്ട്.
പരപ്പനങ്ങാടി ടൗണിലെ മാപുട്ടിൽ റോഡ് സൈഡിലെ അച്ചമ്പാട്ട് പറമ്പിലാണ് നബ്‍വാനും സയാനും കൂട്ടുകാരുമാണ് പ്രാവുകളെ പറത്തുന്നത്. സമാധാനത്തിന്‍റെ ചിറകടി സമ്മാനിക്കുന്ന ഇവരുടെ പ്രാവുകൾ എത്ര ദൂരം പറന്നു പോയാലും തിരികെ പറന്നെത്തും. അത് കൊണ്ട് തന്നെ നബ്‍വാന്‍റെ കയ്യിൽ നിന്ന് പ്രാവുകൾ വാങ്ങുന്നവർക്ക് വീണ്ടും ഒരിക്കൽ കൂടി മടങ്ങി വരേണ്ടി വരും. അത്രക്ക് ഇണക്കമാണ് പ്രാവുകളും നബ്‍വാനും സയാനും തമ്മിൽ.
പുതിയ തലമുറ വാട്സ്ആപ്പിലും ഗെയിമുകളിലും റീലുകളിലും തലതാഴ്ത്തി ഇരിക്കുമ്പോൾ, സദാസമയം തല ഉയർത്തിയും വാനനിരീക്ഷണം നടത്തിയും പ്രാവുകളുടെ സഞ്ചാരപദങ്ങളിൽ മനസുനട്ട് സ്നേഹം പ്രകടിപ്പിക്കുകയാണ് ഇവർ.
വിദ്യാലയങ്ങളിൽ പോകാൻ സാധിക്കാതെയും അന്നവും വെള്ളവും കിട്ടാതെയും നാടുംവീടും ഉപേക്ഷിക്കേണ്ടി വരുന്ന ഫലസ്തീൻ കുട്ടികൾക്ക് സമാധാനവും നിർഭയത്വവും പിറന്ന മണ്ണിന്‍റെ സ്വാതന്ത്ര്യവും കൊതിച്ചാണ് നബ്‍വാനും സയാനും ഇപ്പോൾ അരിപ്രാവുകളെ പറത്തുന്നത്.