മുറിയിൽ തനിച്ചിരുന്ന കുട്ടി ആൾക്കൂട്ടത്തിലേക്കെത്തിയപ്പോൾ...
text_fieldsമലപ്പുറം വാഴക്കാട് സ്വദേശിയായ മെഹ്ന ജനിച്ചതും വളർന്നതുമൊക്കെ യു.എ.ഇയിൽ തന്നെയാണ്. കുട്ടിക്കാലം മുതൽ ചെറിയൊരു ഇൻട്രേവേർട്ട് ആയിരുന്ന മെഹ്ന സോഷ്യൽ മീഡിയ വഴിയാണ് ഇന്ന് കാണുന്ന താനായി മാറിയത്. അധികം ആരോടും സംസാരിക്കാതെ തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടി കഴിയുന്ന കുട്ടിയായിരുന്നു മെഹ്ന. വീട്ടിൽ വിരുന്നുകാർ വന്നാൽ പുറത്തിറങ്ങാതെ റൂമിൽ തന്നെയിരിക്കുന്ന, സാധാരണ കുട്ടികൾ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ കാർട്ടൂണുകൾ കണ്ട് സമയം കളഞ്ഞിരുന്ന ഒരു കുട്ടി. ക്യാമറക്ക് മുന്നിൽ നിന്ന് സംസാരിക്കാൻ മടിയുള്ള മെഹ്ന തന്റെ ക്യാരക്റ്റർ തന്നെ മാറ്റിയെടുത്തത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ് വഴിയാണ്.
ഇൻഫ്ലുൻസറായ സഹോദരി മെഹറിനൊപ്പം ആദ്യമായി വീഡിയോ ചെയ്തു തുടങ്ങി. അന്ന് സഹോദരിക്കൊരു കൂട്ടായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മെഹ്ന ഒരു ഇൻസ്റ്റഗ്രാം പേജും തുടങ്ങി. പതിയെ പതിയെ ലൈഫ്സ്റ്റൈൽ വ്ലോഗുകളും, ഫാഷൻ വീഡിയോസും പങ്കുവെച്ചു. ഇതിനിടെ താൻപോലുമറിയാതെ തന്റെ പേടി എങ്ങോട്ടോ പറന്ന് പോയിരുന്നു. പുതിയ ഫാഷനും കാര്യങ്ങളുമെല്ലാം അറിയാനും പങ്കുവെക്കാനും താൽപര്യമുള്ള മെഹ്നക്ക് പിന്നീട് വീഡിയോസ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള ഒന്നായിരുന്നില്ല.
ചെറുപ്പം മുതൽ ചിത്രം വരക്കാൻ ഏറെ ഇഷ്ടമുള്ളയാളാണ്. നിരവധി അറബിക് കാലിഗ്രാഫികളും ചെയ്തിട്ടുണ്ട്. പലതും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്. മനോഹരമായി താൻ വരച്ച കാലിഗ്രാഫി ചിത്രങ്ങൾക്കും ആരാധകരുണ്ട്. താനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായതിൽ ഏറെ അഭിമാനിക്കുന്നുവെന്നും, പബ്ലിക്കിൽ ഇന്ന് സ്റ്റേജ് ഫിയർ ഇല്ലാതെ തനിക്ക് ഇന്ന് സംസാരിക്കാൻ കഴിയുമെന്നും, ഇത് തീരെ സോഷ്യലൈസ് അല്ലാതിരുന്ന തനിക്ക് ഒരു അചീവ്മെന്റ് ആണെന്നും മെഹ്ന പറയുന്നു. ഒരുപാട് ഇൻഫ്ലുൻസർമാരെയും പ്രമുഖ വ്യക്തികളെയും ഈ ചെറിയ പ്രായത്തിൽ തന്നെ പരിചയപ്പെടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് മെഹ്നക്ക്. ഇതിനെല്ലാം ഒപ്പം പഠനവും മനോഹരമായി മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് മെഹ്ന.
ഹൈസ്കൂൾ വിദ്യാഭ്യാസം ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജയിൽ നിന്നാണ് പൂർത്തിയാക്കിയത്. ബി.ബി.എ ഫസ്റ്റ് ഇയർ വിദ്യാർഥിനിയായ മെഹ്നയുടെ ഏറ്റവും വലിയ ആഗ്രഹം അല്ലെങ്കിൽ സ്വപ്നം സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നതാണ്.
പ്ലസ് ടു പബ്ലിക് പരീക്ഷ സമയത്ത് സോഷ്യൽ മീഡിയയും ഒപ്പം തൻറെ പഠനവും ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും പഠനത്തിനു മുൻതൂക്കം കൊടുത്തു പ്ലസ് ടുവിൽ ഫുൾ എപ്ലസ് വാങ്ങിയാണ് മെഹ്ന വിജയിച്ചത്. അന്ന് മീഡിയ വൺ ഗൾഫ് ടോപ്പർ അവാർഡും ലഭിച്ചിരുന്നു. സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഏതു പ്രതിസന്ധികളും തരണം ചെയ്യാൻ തയ്യാറാണ് ഈ മിടുക്കി.
സ്വന്തമായി സമ്പാദിച്ച പണം മാതാപിതാക്കൾക്ക് സമ്മാനിക്കാനായി സാധിച്ചതാണ് ജീവിതത്തിൽ തനിക്ക് ഏറെ സന്തോഷം നൽകിയ നിമിഷം. ഒപ്പം സഹോദരനും ഗിഫ്റ്റുകൾ വാങ്ങിച്ചു കൊടുക്കാൻ പറ്റുന്നതിലും ഒരുപാട് സന്തോഷമുണ്ട്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് തന്നെ തിരിച്ചറിഞ്ഞ് ഒരുപാട് പേർ തന്റെ വീഡിയോസ് കാണാറുണ്ടെന്നും, വ്ലോഗിങ് ഇഷ്ടമാണെന്നും പറയുമ്പോൾ സന്തോഷം തോന്നാറുണ്ട്. നല്ല മോഡസ്റ്റായ മെഹ്നയുടെ ഡ്രസ്സിങ് സ്റ്റൈൽ ഇഷ്ടപ്പെടുന്നവരാണ് മിക്ക ഫോളോവേഴ്സും. പുതിയ മോഡസ്റ്റ് ഫാഷൻ ട്രെൻഡുകൾ കൊണ്ടുവരാനും ഒരു ഇൻഫ്ളുവൻസർ എന്ന രീതിയിൽ തനിക്ക് സാധിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ നല്ലൊരു സപ്പോർട്ട് കൊണ്ടുകൂടിയാണ് തനിക്ക് ഇന്നൊരു ഇൻഫ്ലുൻസറായി നിൽക്കാൻ സാധിക്കുന്നത് എന്ന് മെഹ്ന പറയുന്നു. സഹോദരി മെഹറിനൊപ്പമുള്ള വീഡിയോസും പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ടിക് ടോക്കിലും നിരവധി ആരാധകരുണ്ട് ഇവർക്ക്.
ഉമ്മ സജ്നയും ഉപ്പ മെഹബൂബും സഹോദരി മെഹറിനും സഹോദരൻ മുസമ്മിലുമൊത്ത് അജ്മാനിലാണ് താമസം. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്നും ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആകണമെന്നും, തൻറെ കുടുംബത്തോടൊപ്പം ലോകം ചുറ്റണം എന്നുമാണ് ആഗ്രഹം.