ആശാനും പിള്ളേരും പിന്നെ, ആയിശക്കുട്ടിയും
text_fieldsആയിഷ ആനയടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനൊപ്പം
ശാസ്താംകോട്ട : വീട്ടിലെയും ചുറ്റുവട്ടത്തെയും താൻ പഠിക്കുന്ന സ്കൂളിലെയും കൊച്ച് കൊച്ച് സംഭവങ്ങളെ കോർത്തിണക്കി ‘ആശാനും പിള്ളേരും’ എന്ന പേരിൽ സ0മൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുകൾ ഇട്ടു വന്നിരുന്ന ആയിശ ഇന്ന് അതിരുകളില്ലാത്ത നിലയിലാണ്. സ്വതസിദ്ധമായ പ്രസംഗത്തിലൂടെയും അനുകരണത്തിലൂടെയും ഏവരുടെയും മനം കവർന്ന മൈനാഗപ്പള്ളിക്കാരുടെ സ്വന്തം ആയിശക്കുട്ടി എന്ന ആയിശ ആനയടിയിൽ ആണ് ഇപ്പോൾ പ്രശസ്തിയുടെ കൊടുമുടി കയറിയിരിക്കുന്നത്.
സമീപകാലത്ത് നടത്തിയ ചില പ്രസംഗങ്ങളാണ് ഈ നാലാം ക്ലാസുകാരിയെ വൈറൽ താരമാക്കിയത്. മോട്ടിവേറ്റർ അഭിഷാദ് ഗുരുവായൂരിനെ അതേപടി അനുകരിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് പ്രഭാഷകൻ വി. കെ സുരേഷ് ബാബു, വ്യവസായി എം.എം യൂസഫലി, കേന്ദ്ര മന്ത്രി നിർമല സീതാരാമൻ, അബ്ദുൽ സമദ് സമദാനി തുടങ്ങിയവരെയും അനുകരിച്ചതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
രണ്ടാഴ്ച മുമ്പ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിൽ മുഖ്യപ്രഭാഷകയായ ആയിശ ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കേണ്ടതിന്റെയും സഹജീവികളെ സ്നേഹിക്കേണ്ടതിന്റെയും ആവശ്യകയെ കുറിച്ച് നടത്തിയ പ്രസംഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു.
ഇത് കണ്ട ഇരിങ്ങാലക്കുട പോറത്തിശ്ശേരി കാർണിവൽ സംഘാടക സമിതി ഭാരവാഹികൾ ആയിശയെ അവിടെയും മുഖ്യപ്രഭാഷകയായി ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് മന്ത്രി ബിന്ദുവിനൊപ്പം നിന്ന് പള്ളുരുത്തി സെന്റ് റീത്താ സ്കൂളിലെ ഹിജാബ് വിവാദത്തിന് വിധേയമായ പെൺകുട്ടിക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് അയിശ നടത്തിയ പ്രസംഗമാണ് ഇപ്പോൾ തരംഗമായത്. ‘ഞാൻ ഈ തട്ടം ഇട്ടിട്ട് നിങ്ങൾക്കെന്നെ കാണുമ്പോൾ പേടി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അത് നമ്മുടെ കാഴ്ചയുടെ അല്ല, കാഴ്ചപ്പാടിന്റെ പ്രശ്നമാണ്’ -എന്ന് തുടങ്ങുന്ന പ്രസംഗം നിറ കൈയ്യടികളോടെയാണ് വേദിയിലും സദസിലും ഉണ്ടായിരുന്നവർ സ്വീകരിച്ചത്. മൈനാഗപ്പള്ളി, വേങ്ങ ആനയടിയിൽ മുഹ്സിന്റെയും സജീനയുടെയും മകളായ ആയിശ തേവലക്കര സി.എം.എസ് എൽ. പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ കൊച്ചു മിടുക്കി ഈ വർഷത്തെ ചവറ ഉപജില്ലാ ശാസ്ത്രമേളയിൽ ബീഡ്സ് വർക്കിൽ സെക്കൻഡ് എ ഗ്രേഡ് നേടി. റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസുകളും മറ്റും കൈകാര്യം ചെയ്യുന്ന ആയിശയ്ക്ക് സി.എം വിത്ത് മീ എന്ന പരിപാടിയുടെ പ്രമോഷന് വേണ്ടി വീഡിയോ ചെയ്യാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ലാത്ത ആയിശ പിതാവിനൊപ്പം ചേർന്ന് യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ട് വീട് പണി പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്. മുഹമ്മദ്, ഫാത്തിമ എന്നിവർ സഹോദരങ്ങൾ.


