മിടുമിടുക്കൻ മുഹമ്മദ് ഫായിസ്
text_fieldsമുഹമ്മദ് ഫായിസ്
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് മിടുമിടുക്കനായ പ്രവാസി വിദ്യാർഥിയാണ് മുഹമ്മദ് ഫായിസ്. പഠനത്തോടൊപ്പം കല, കായികം, നൂതനാശയം തുടങ്ങിയ വിവിധ മേഖലകളിൽ തന്‍റെ കഴിവുകൾ പ്രകടിപ്പിച്ച് മുന്നേറുന്ന ഒരു യുവപ്രതിഭയാണ്.
കലാ രംഗത്ത് ചിത്രരചന, പിയാനോ, ഡാൻസ്, ക്രിയേറ്റീവ് ആർട്ട് സയൻസ് എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. കുഞ്ഞു നാളിലെ പിയാനോ വായിച്ചു തുടങ്ങിയതാണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പിയാനോ വായിച്ച് സമ്മാനം നേടിയിട്ടുണ്ട്. ഫുട്ബാൾ, ബാഡ്മിന്‍റൺ, ചെസ്സ്, കാരംസ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു. പഠനത്തിൽ മിടുക്കനും നല്ലൊരു ഗായകനുമാണ്.
ആറ് വയസ്സു മുതൽ തന്നെ ഫായിസ് റുബിക്സ് ക്യൂബ് പരിഹരിക്കുന്നതിൽ അതീവ താൽപ്പര്യം കാണിച്ചിരുന്നു. 4x4 റുബിക്സ് ക്യൂബ് വളരെ വേഗത്തിൽ പരിഹരിക്കാനുള്ള കഴിവ് ഫായിസിനുണ്ട്. അൽഐൻ മലയാളി സമാജം സംഘടിപ്പിച്ച എക്സ്പ്രഷൻ ജൂനിയർ വിഭാഗത്തിലും 2023, 2024 എന്നീ വർഷങ്ങളിൽ സീനിയർ വിഭാഗത്തിലും ബ്ലു സ്റ്റാർ സംഘടിപ്പിച്ച മത്സരത്തിലും ഒന്നാം സമ്മാനങ്ങൾ നേടി.
2019-ൽ അൽഐൻ സ്പോർട്സ് അക്കാദമി നടത്തിയ ഫുട്ബാൾ ലീഗിൽ വിജയിയായിരുന്നു. അൽ ഐൻ സായിദ് ലൈബ്രറി നടത്തിയ ഗൈമിങ് ഫെസ്റ്റിൽ സ്ട്രീറ്റ് ഫൈറ്റർ എന്ന മത്സരത്തിൽ ഒന്നാമത് എത്തിയിട്ടുണ്ട്.
അഡ്കിനോന്‍റെ ആഭിമുഖ്യത്തിൽ അബൂദബിയിൽ നടന്ന ഫോർമുല-1 ഇൻ സ്കൂൾ മത്സത്തിൽ റേയ്സറായി പങ്കെടുത്തു. സ്കൂളിൽ നടന്ന ഇൻസ്ട്രുമെന്‍റൽ മ്യൂസിക് (പിയാനോ), ചിത്രരചന, ഫാൻസി ഡ്രസ്സ്, സയൻസ് എക്സിബിസിഷൻ, ക്രിയേറ്റീവ് ആർട്ട് എന്നിവയിൽ ഫായിസിനായിരുന്നു ഒന്നാം സ്ഥാനം.
അൽ-ഐൻ ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. രക്ഷിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും ഒപ്പം സ്കൂളിലെ അധ്യാപകരുടെ പിന്തുണയുമാണ് ഫായിസിന് പ്രചോദനം. പിതാവ്: നൗഷാദ് മുഹമ്മദ് (അൽഐൻ വാട്ടർ കമ്പനിയിൽ എക്സ്പെർട്ട് സൂപ്പർവൈസർ). മാതാവ് അധ്യാപികയായ ഷീബ നൗഷാദ്. ഇവർ കൊല്ലം, ചവറ, ടൈറ്റാനിയം സ്വദേശികളാണ്.


