വണ്ടർ സ്പേസ് ബോയ് ക്വാസി
text_fields2023ൽ 14കാരൻ പയ്യന് ഒരു അന്താരാഷ്ട്ര കമ്പനിയിൽ ജോലികിട്ടി. കമ്പനിയുടെ പേര് സ്പേസ് എക്സ്, ഉടമ ഇലോൺ മസ്ക്. അവന്റെ േപര് കൈറൻ ക്വാസി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനായി ക്വാസി. അക്കാദമിക മികവിന്റെയും പുത്തൻ സാധ്യതകളുടെയും പ്രതിരൂപമായി ശാസ്ത്രരംഗത്ത് ക്വാസി മാറി. എയ്റോസ്പേസിലും കൃത്രിമബുദ്ധിയിലും അവൻ കാഴ്ചവെച്ച മികച്ച പ്രകടനം ലോകം ചർച്ചചെയ്തു.
എന്നാൽ, സ്പേസ് എക്സിൽ ചേർന്നതിന് തൊട്ടുപിന്നാലെ കൈറൻ ക്വാസിയുടെ ‘ലിങ്ക്ഡ്ഇൻ’ പേജ് നീക്കം ചെയ്യപ്പെട്ടു. കാരണം, ലിങ്ക്ഡ് ഇൻ സൈറ്റിന്റെ നിയമമനുസരിച്ച് 16 വയസ്സായവർക്ക് മാത്രമേ ലിങ്ക്ഡ് ഇന്നിൽ അക്കൗണ്ട് അനുവദിക്കൂ. ‘‘16 വയസ്സ് തികയാത്തതിനാൽ എന്റെ ലിങ്ക്ഡ്ഇന് അക്കൗണ്ട് റിമൂവ് ചെയ്യുകയാണെന്ന് ലിങ്ക്ഡ്ഇൻ അധികൃതര് അറിയിച്ചിരിക്കുകയാണ്. ഇത് ഞാൻ നിരന്തരമായി നേരിടുന്ന പ്രശ്നമാണ്. യുക്തിരഹിതവും പ്രാകൃതവുമായ വിഡ്ഢിത്തം എന്നേ അതിനെ പറയുന്നുള്ളൂ. ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നിൽ എൻജിനീയറായി ജോലിചെയ്യാൻ എനിക്ക് യോഗ്യതയുണ്ട്. എന്നാൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കയറാനാവില്ല, എന്തൊരു വിരോധാഭാസം! ചില ടെക് കമ്പനികളുടെ നയങ്ങൾ എത്രത്തോളം പിറകിലാണ്!’’ ക്വാസി അന്ന് കുറിച്ചു.
2025 മാർച്ചിൽ ക്വാസി വീണ്ടും ഒരു പോസ്റ്റിട്ടു. 16 വയസ്സ് തികഞ്ഞ ഉടൻ ക്വാസി ലിങ്ക്ഡ്ഇന്നിൽ തിരിച്ചെത്തിയതിനെക്കുറിച്ചായിരുന്നു അത്. ‘ഇപ്പോൾ എനിക്ക് 16 വയസ്സായി, ലിങ്ക്ഡ്ഇൻ എന്നെ പ്ലാറ്റ്ഫോമിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നാണ് ക്വാസി എഴുതിയത്. 2023 മുതൽ, ക്വാസി സ്പേസ് എക്സിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ്. സ്റ്റാർലിങ്ക് പ്രോജക്ടിന്റെ പ്രധാന ഭാഗംകൂടിയാണ് ക്വാസി. ഒപ്റ്റിമൈസേഷൻ, ഡേറ്റ, ബീം പ്ലാനിങ് തുടങ്ങിയവയിലെല്ലാം ക്വാസി മുഖ്യ പങ്കുവഹിക്കുന്നു. സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രോജക്ടായ സ്റ്റാർലിങ്കിനെ ലോകമെമ്പാടുമെത്തിക്കാൻ ക്വാസി നൽകിയ സംഭാവന ചെറുതൊന്നുമല്ല.
സ്പേസ് എക്സിനുമുമ്പ് ഇന്റൽ ലാബ്സിൽ ഇന്റേണായും ക്വാസി ജോലിചെയ്തിട്ടുണ്ട്. 14ാം വയസ്സിൽ ഹ്യൂമൻ എ.ഐ ലാബുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്റലിലെ ആദ്യ ബിരുദ ഇന്റേണും ക്വാസിയായിരുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. ഓപൺ സോഴ്സ് പ്ലാറ്റ്ഫോമുകൾ മെച്ചപ്പെടുത്തുന്നതിലും മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലിൽ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യത വർധിപ്പിക്കുന്നതിലും ക്വാസി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
മികച്ചൊരു പ്രസംഗകനായും ക്വാസി തിളങ്ങിയിട്ടുണ്ട്. ലിനക്സ് ഫൗണ്ടേഷൻ നോർത്ത് അമേരിക്ക ഉച്ചകോടിയിലും ഷിഫ്റ്റ് എ.ഐ ഗ്ലോബൽ കോൺഫറൻസിലുമെല്ലാം അവതാരകനായും ക്വാസി തിളങ്ങി. കെമിക്കൽ എൻജിനീയറായ പിതാവ് മുസ്താഹിദ് ക്വാസിയുടെയും വാൾസ്ട്രീറ്റ് എക്സിക്യൂട്ടിവ് ആയ അമ്മ ജൂലിയ ക്വാസിയുടെയും മകനാണ് കൈറൻ ക്വാസി. സാന്താ ക്ലാര സർവകലാശാലയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബാച് ലർ ഓഫ് സയൻസ് ബിരുദം നേടി 2023ൽ ക്വാസി ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തി. തുടർന്ന് 170 വർഷത്തെ ചരിത്രത്തിൽ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായും ക്വാസി മാറി.
.