വിദ്യാർഥിനികളുടെ സമയോചിത ഇടപെടൽ; കുരുന്നുജീവന് പുതുശ്വാസം
text_fieldsസമയോചിത ഇടപെടലിലൂടെ കുട്ടിയെ രക്ഷപ്പെടുത്തിയ വിദ്യാർഥിനികൾ
ചിറ്റൂർ: നവജാത ശിശുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് നാല് വിദ്യാർഥിനികളുടെ സമയോചിത ഇടപെടൽ. കണക്കൻപാറ ഇന്ദിര നഗർ കോളനിയിൽ കാണാതായ കുട്ടിയെ തിരയുന്നതിനിടെ ശുചിമുറിയിൽ തൊട്ടിയിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഇവർ കൃത്രിമശ്വാസം നൽകി രക്ഷിക്കുകയായിരുന്നു.
കോയമ്പത്തൂർ ഭാരതിയാർ യൂനിവേഴ്സിറ്റിയിലെ എം.എസ്.ഡബ്ല്യു വിദ്യാർഥിനി അഭിനയ, പാലക്കാട് അക്കൗണ്ടിങ് വിദ്യാർഥിനി ആർ. അനുനയ, പ്ലസ് വൺ വിദ്യാർഥിനി ശ്രീഹരണി പ്രിയ, എട്ടാം ക്ലാസ് വിദ്യാർഥിനി രാജേശ്വരി എന്നിവരാണ് സമയോചിത ഇടപെടൽ നടത്തിയത്.
14 ദിവസം പ്രായമുള്ള കുട്ടിയെ കാണാനില്ലെന്ന് മാതാവ് അയൽവാസികളെ അറിയിച്ചയുടൻ ഇവർ ഓടിയെത്തി വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. വേഗത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തതോടെ ജീവൻ രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കുട്ടിയുടെ മാതാവിന്റെ കരച്ചിൽ കേട്ടാണ് വിദ്യാർഥിനികൾ ഓടിയെത്തിയത്. കുട്ടിയെ കാണാനില്ലെന്നറിഞ്ഞതും ആദ്യം വീട്ടിനകത്തും പിന്നീട് പരിസരങ്ങളിലും തിരച്ചിൽ നടത്തി. വീടിന് പിറകിലുള്ള ശുചിമുറിയിൽ നോക്കിയ രാജേശ്വരി കണ്ടത് തൊട്ടിയിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന കുഞ്ഞിനെയാണ്. ഉടൻ തൂക്കിയെടുത്ത് പിറകിൽ നിന്ന മാതാവിന്റെ കൈയിൽ കൊടുത്തെങ്കിലും എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു അവർ.
ഓടിയെത്തിയ അഭിനയ കുട്ടിയെ വാങ്ങി കൃത്രിമശ്വാസമുൾപ്പെടെ നൽകുകയായിരുന്നു. ഏറെക്കുറെ അനക്കം നിലച്ചിരുന്ന കുരുന്ന് ഇതോടെ ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു.