ഉയരങ്ങള്‍ കീഴടക്കാന്‍ കുഞ്ഞു ഗസാലി യാത്ര തുടരുന്നു
text_fieldsഇത്തവണ കുഞ്ഞു ഗസാലിയുടെ കുഞ്ഞിളംകാലുകള്‍ പതിഞ്ഞത് ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡുകളില്‍ ഒന്നായ കര്‍ദുങ് ലാ പാസില്‍. ഉയരങ്ങള്‍ കീഴടക്കാന്‍ അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഗസാലി ഇബ്‌നു ഫര്‍ഹാന്‍ യാത്ര തുടരുകയാണ് തന്റെ മാതാപിതാക്കളുടെ കൈപിടിച്ച്. മലപ്പുറം പറപ്പൂര്‍ ചോലക്കുണ്ടിലെ ഊര്‍ഷമണ്ണില്‍ ഫര്‍ഹാന്‍ ബാദുഷയും ഭാര്യ പടപ്പറമ്പിലെ പാലപ്പുറപൊറ്റോത്ത് റുമൈസയും മകനേയും കൂട്ടി 500 കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്താണ് കര്‍ദുങ്‌ലാ പാസ് കീഴടക്കിയത്. സ്വപ്‌നതുല്യമായ സ്ഥലം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് വേണമെങ്കിൽ ഗസാലിയെ വിശേഷിപ്പിക്കാം.
ഒന്നരവയസ്സിലെ യാത്ര
ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമായാണ് ലഡാക്കിലെ കര്‍ദുങ് ലാ പാസ് അറിയപ്പെടുന്നത്. വെള്ളപുതച്ചുറങ്ങുന്ന ഹിമാലയമലനിരകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ഭാവങ്ങളാണ്. 49 ശതമാനം മാത്രമാണ് ഓക്‌സിജന്‍ ലഭിക്കുക. 2020ല്‍
ഒന്നരവയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഗസാലി ഹിമാലയത്തില്‍ ആദ്യമായി കാലുകുത്തിയത്. ഡല്‍ഹിയില്‍നിന്നും മണാലി വരെ മൂന്നു ദിവസം നീണ്ട യാത്രയില്‍ കുട്ടി ഗസാലിക്ക് മറ്റു ശാരീരീക പ്രയാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇത്തവണ കര്‍ദുങ്‌ല പാസ് കീഴടക്കാന്‍ തീരുമാനിക്കുകയായിരുന്നു ഫര്‍ഹാനും റുമൈസയും. വേണ്ടത്ര മരുന്നുകളും ഡോക്ടര്‍മാരുടെ നിർദേശങ്ങളും എല്ലാം അനുസരിച്ച് തയാറെടുപ്പുകൾ പൂർത്തീകരിച്ച് യാത്ര ആരംഭിച്ചു.
ഹിമാലയൻ ടു ഹിമാലയ
പാലക്കാട്ടുനിന്നും ജമ്മു-കശ്മീര്‍ വരെ തീവണ്ടി മാർഗമായിരുന്നു യാത്ര. ശേഷം ശ്രീനഗറില്‍നിന്നും ഹിമാലയന്‍ ബൈക്കില്‍. ആദ്യം ലഡാക്കിലേക്കും പിന്നീട് 17,982 അടി ഉയരത്തിലുള്ള കർദുങ് ലാ പാസിലേക്കും. എവറസ്റ്റ് ബേസ് ക്യാമ്പിനെക്കാള്‍ ഉയരത്തിലാണ് കർദുങ് ലാ സ്ഥിതിചെയ്യുന്നത്. വിളിക്കാതെ വരുന്ന മേഘവിസ്ഫോടനങ്ങളും മണ്ണിടിച്ചിലും യാത്രക്ക് വിഘാതം സൃഷ്ടിച്ചില്ല. എല്ലാവിധ സഹായങ്ങള്‍ക്കും കൂടെ നില്‍ക്കാന്‍ ഇന്ത്യന്‍ ആര്‍മി കാവലായി നിന്നതോടെ പാതിവഴിയില്‍ ഉപേക്ഷിച്ച യാത്ര കൊടുമുടി കയറുകയായിരുന്നു. മൂന്നു വയസ്സിനുള്ളിൽ അസര്‍ബൈജാന്‍, സൗദി അറേബ്യ, ജോർഡന്‍, ദുബൈ തുടങ്ങി നാല് രാജ്യങ്ങളില്‍ ഈ കുഞ്ഞു സഞ്ചാരി യാത്രചെയ്തു കഴിഞ്ഞു. ഇനി എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കാനാണ് ഗസാലിയുടെ ആഗ്രഹം.