അലോ- അലോ- ഹലോ ഹലോ... ആലായാൽ തറ വേണം... ; വൈറലാണ് കുഞ്ഞുവാവയുടെ പാട്ട്
text_fieldsവണ്ടൂർ: ‘ആലായാൽ തറവേണം...’എന്ന പാട്ട് താളത്തിൽ പാടി സോഷ്യൽ മീഡിയയിൽ താരമായ നാലു വയസ്സുകാരൻ ഇവിടെയുണ്ട്. മിക്കവരും ഈ വൈറൽ വീഡിയോ കണ്ടിട്ടുണ്ടാകുമെങ്കിലും കുട്ടിയെ കുറിച്ച് അറിയുന്നവർ വളരെ ചുരുക്കം മാത്രം.
ഈ കൊച്ചു മിടുക്കൻ വണ്ടൂർ ഷാരിയിൽ സ്വദേശിനി കിടങ്ങഴി മനയിൽ മൃദുലയുടെയും മാതൃഭൂമി ന്യൂസിൽ വിഷ്വൽ എഡിറ്റർ ആയ വൈശാഖ് കൃഷ്ണന്റെയും ഏക മകനായ ജാതവേദ് കൃഷ്ണനാണ്. മുത്തച്ഛന്റെ പിറന്നാൾ ആഘോഷത്തിനിടെ പാടിയ പാട്ടാണ് പിന്നീട് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്.
മുത്തച്ഛൻ കിടങ്ങഴി മന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ 70ാം പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു ജാതവേദ്. തലേദിവസം രാത്രി പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ആഘോഷങ്ങൾക്കിടെ ജാതവേദ് പാടിയ പാട്ട് ബന്ധുക്കളിൽ ആരോ മൊബൈലിൽ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു. ജാതവേദിന് പാട്ടുകൾ ഏറെ ഇഷ്ടമാണെന്ന് അമ്മ മൃദുല പറയുന്നു. ജാദവേദ് നാട്ടിൽ സ്റ്റാറായതിന്റെ സന്തോഷത്തിലാണ് കുടുംബം.