എന്തുകൊണ്ടാണ് ഓഫിസിൽ പോയി ജോലി ചെയ്യാൻ ജെൻ സി ആഗ്രഹിക്കുന്നത്? കരിയറിൽ ഇത് എങ്ങനെ ഗുണം ചെയ്യും?
text_fieldsസാധാരണയായി റിമോട്ട് വർക്ക് അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ജെൻ സി ആണെന്ന് പൊതുവെ ഒരു ധാരണയുണ്ടെങ്കിലും വാസ്തവത്തിൽ ഓഫീസിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് അവർ. മറ്റ് തലമുറകളെ അപേക്ഷിച്ച് പൂർണമായും റിമോട്ട് വർക്ക് മാത്രം മതി എന്ന് പറയുന്ന ജെൻ സി ജീവനക്കാരുടെ എണ്ണം കുറവാണ്. അവർ കൂടുതലും ഹൈബ്രിഡ് മോഡലാണ് ഇഷ്ടപ്പെടുന്നതെങ്കിലും ഓഫീസിൽ പോയി ജോലി ചെയ്യാൻ അവർ ഇഷ്ടപ്പെടുന്നു. ജെൻ സിക്കാർക്ക് ഓഫീസ് ഒരു ജോലിസ്ഥലം എന്നതിലുപരി വളർച്ചക്കും ബന്ധങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രധാന ഇടം കൂടിയാണ്.
ജെൻ സി ജീവനക്കാരിൽ പലരും അവരുടെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്കക്കാർ ആയിരിക്കും. അതുകൊണ്ട് തങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതിന് ഓഫീസ് ഒരു അവിഭാജ്യ ഘടകമായി അവർ കാണുന്നു. കരിയർ വികസനത്തിൽ മെന്റർഷിപ്പ് നിർണായക പങ്ക് വഹിക്കുന്നു, പ്രത്യേകിച്ച് ആദ്യ ജോലികളിലേക്ക് പോകുന്ന യുവ ജീവനക്കാർക്ക്. ഇത്തരത്തിലുള്ള പഠനത്തിന് ഓഫീസുകൾ ജൈവിക അവസരങ്ങൾ നൽകുന്നു. പരിചയസമ്പന്നരായ സഹപ്രവർത്തകർ ക്ലയിന്റുമായി സംസാരിക്കുന്നതും, പ്രസന്റേഷനുകൾ കൈകാര്യം ചെയ്യുന്നതും നേരിട്ട് നിരീക്ഷിച്ച് പഠിക്കാൻ ഓഫീസിലെ അന്തരീക്ഷം സഹായിക്കുന്നു. പരിശീലന ക്ലാസ്സുകളിൽ ലഭിക്കാത്ത അറിവുകൾ, മെന്റർമാരിൽ നിന്നുള്ള നിരീക്ഷണത്തിലൂടെയുള്ള ഈ പഠനം വഴി ലഭിക്കുന്നു.
ഏകാന്തത അനുഭവിക്കുന്നതായി കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തലമുറയാണ് ജെൻ സി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പലപ്പോഴും ഇവരെ സാമൂഹികമായി ഒറ്റപ്പെടുത്താൻ സാധ്യതയുണ്ട്. ഓഫീസ് സമയം, ഉച്ചഭക്ഷണ സമയത്തെ സംഭാഷണങ്ങൾ, കാപ്പി സമയത്തെ ചെറിയ കൂടിച്ചേരലുകൾ എന്നിവയിലൂടെ സഹപ്രവർത്തകരുമായി സൗഹൃദം സ്ഥാപിക്കാനും, ബന്ധങ്ങൾ കെട്ടിപ്പടുക്കാനും സാധിക്കുന്നു. ഈ ബന്ധങ്ങൾ കരിയർ വളർച്ചക്ക് അത്യാവശ്യമായ അവസരങ്ങളിലേക്കും മാർഗനിർദേശങ്ങളിലേക്കും നയിച്ചേക്കാം.
ചിലർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിർത്തികൾ കൃത്യമായി പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഓഫീസിലേക്ക് പോകുമ്പോൾ, അവർക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു. കൂടാതെ വീട്ടിലെ ശ്രദ്ധ മാറ്റുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അഭിപ്രായമുണ്ട്. ഇത് ചിലരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കുന്നു. അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു ഹൈബ്രിഡ് മോഡലാണ് ജെൻ സി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവും, എന്നാൽ വളർച്ചക്കും സാമൂഹിക ബന്ധങ്ങൾക്കും വേണ്ടി ഓഫീസിൽ പോകാനുള്ള അവസരവും ആവശ്യമുണ്ട്.
ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള ജെൻ സിയുടെ തീരുമാനം ഒരു 'സീക്രട്ട് ഹാക്ക്' ആയി മാറുന്നുണ്ട്. പ്രത്യേകിച്ച് മില്ലേനിയൽസ് കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും തേടി റിമോട്ട് ജോലിയോട് ആഭിമുഖ്യം കാണിക്കുമ്പോൾ ജെൻ സി ഓഫീസിലെ സാന്നിധ്യം തങ്ങളുടെ കരിയർ വളർത്താനുള്ള ഒരു തന്ത്രമായി ഉപയോഗിക്കുന്നു. തത്സമയം സംശയങ്ങൾ ചോദിക്കാനും പ്രശ്നപരിഹാരങ്ങളിൽ ഏർപ്പെടാനും കഴിയുന്നത് അവരുടെ പഠന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഇത് പ്രൊമോഷനുകൾ വേഗത്തിലാക്കാനും കരിയറിൽ മുന്നോട്ട് പോകാനും സഹായിക്കുന്ന ഒരു 'ഹാക്ക്' ആണ്.
മിക്ക കമ്പനികളും ഹൈബ്രിഡ് മോഡൽ തുടരുമ്പോൾ പല ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് താൽപ്പര്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ, ഓഫീസിൽ സ്ഥിരമായി എത്തുന്ന ജെൻസികൾക്ക് ഒരു മത്സരമില്ലാത്ത അന്തരീക്ഷം ലഭിക്കുന്നു. നേതൃത്വം നൽകുന്നവരുടെ ശ്രദ്ധ ആകർഷിക്കാനും അവരുടെ വിശ്വാസം നേടാനും ഇത് എളുപ്പമുള്ള വഴിയാണ്. റിമോട്ട് ജോലിക്കാർ വെർച്വൽ മീറ്റിങ്ങുകളിൽ ഒതുങ്ങുമ്പോൾ ഓഫീസിൽ സ്ഥിരമായി വരുന്നവർ മാനേജർമാരുടെയും നേതാക്കളുടെയും ശ്രദ്ധയിൽ പെടാൻ സാധ്യത കൂടുതലാണ്. ഈ 'ദൃശ്യപരത' കാരണം പ്രധാനപ്പെട്ട പ്രോജക്റ്റുകളോ അവസരങ്ങളോ അവർക്ക് ലഭിക്കാൻ എളുപ്പമാകും.