ഇന്ന് ലോക ചെസ് ദിനം; ചതുരംഗ കളത്തിൽ തന്ത്രശാലിയായി ദേവനാരായണൻ
text_fieldsദേവനാരായണൻ കള്ളിയത്ത്
പാലക്കാട്: രാജാവും കുതിരയും കാലാൾപ്പടയുമെല്ലാം എട്ടുവയസ്സുകാരൻ ദേവനാരായണന് കളിക്കൂട്ടുകാരാണ്. ഈ ചെറുപ്രായത്തിൽ തന്നെ കരുക്കളെല്ലാം കൃത്യമായി നീക്കി എതിരാളിയെ നിഷ്പ്രഭമാക്കുന്നതിൽ മിടുക്കനാണ് മേഴത്തൂർ സ്വദേശി സാവൻദേവ് കള്ളിയത്തിന്റെയും രശ്മിയുടെയും മകൻ ദേവനാരായണൻ കള്ളിയത്ത്. ഈ വർഷം നടക്കുന്ന ചെസ് ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള തയാറെടുപ്പിലാണ് ദേവനാരായണൻ കള്ളിയത്ത്.
അഞ്ചാം വയസ്സിൽ കോവിഡ് കാലത്താണ് ദേവനാരായണൻ ചെസ് കളിക്കാൻ തുടങ്ങുന്നത്. സഹോദരൻ മഹാദേവൻ ഓൺലൈനായി കളിക്കുന്നത് കണ്ടാണ് ദേവനാരായണനും ചെസിലേക്ക് താൽപര്യം തുടങ്ങുന്നത്. മകന്റെ താൽപര്യം ശ്രദ്ധയിൽപെട്ടതോടെ മാതാപിതാക്കൾ പരിശീലനത്തിനുള്ള സൗകര്യവും ഒരുക്കി. ആറാം വയസ്സിൽ 2023ലെ ചെസ് ഫെസ്റ്റിവലിൽ ക്യൂബൻ താരം റോഡ്നി ഓസ്കാർ പെരെസ് ഗാർസിയയെ സമനിലയിൽ പിടിച്ച് ദേവനാരായണൻ എല്ലാവരെയും ഞെട്ടിച്ചു.
അണ്ടർ-6 സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മൈസൂരിൽ നടന്ന 37-ാമത് അണ്ടർ-7 ദേശീയ ഓപൺ ചാമ്പ്യൻഷിപ്പിൽ മുഴുവൻ പോയന്റും നേടിയാണ് ദേവനാരായണൻ എതിരാളിയെ തോൽപ്പിച്ചത്. ഇക്കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിലായി ജോർജിയയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എട്ടാം സ്ഥാനത്തെത്തിയിരുന്നു.
നവംബർ, ഡിസംബർ മാസങ്ങളിലായി വരാനിരിക്കുന്ന അണ്ടർ-8 ഏഷ്യൻ ചാമ്പ്യൻഷിപ്, കോമൺവെൽത്ത് ടൂർണമെന്റ് എന്നീ മത്സരങ്ങളിൽ ദേവനാരായണൻ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ.
അക്ഷര ചെസ് അക്കാദമിയിലെ വിഷ്ണു ദത്ത്, സന്ദീപ് സന്തോഷ് എന്നിവരായിരുന്നു നേരത്തെ പരിശീലനം നൽകിയിരുന്നത്. നിലവിൽ ജുബിൻ ജിമ്മിയുടെ കീഴിലാണ് പരിശീലനം. ചെസ് അസോസിയേഷൻ കേരളയുടെ പിന്തുണയുമുണ്ട്.
മേഴത്തൂർ ഗവ. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ദേവനാരായണൻ. സ്കൂളിലെ അധ്യാപകരും കൂട്ടുകാരുമെല്ലാം ദേവനാരായണന് പിന്തുണ നൽകുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ദേവനാരായണനെ മത്സരങ്ങൾക്ക് കൊണ്ടുപോകുന്നത് തൃശൂർ എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരൻ കൂടിയായ പിതാവ് സാവൻദേവ് ആണ്. രാജ്യത്തിനകത്തുള്ള മത്സരങ്ങളിൽ മാതാവ് രശ്മി കൂട്ടുപോകും. ദേവനാരായണന്റെ സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മഹാദേവനും ചെസ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.