ഇംഗ്ലീഷ് കവിതയിൽ വിസ്മയം തീർത്ത് യുവപ്രതിഭ
text_fieldsകുടുംബത്തോടൊപ്പം പുസ്തക പ്രകാശന ചടങ്ങിൽ
ചില ഹൃദയങ്ങൾ അക്ഷരങ്ങളാൽ വാതിൽ തുറന്നിടാറുണ്ട്. അവിടെ വാക്കുകൾ കവിതയായും കവിതകൾ ജീവിതാനുഭവങ്ങളായും പരിണമിക്കുന്നു. അത്തരത്തിൽ, ആധുനിക കവിതയുടെ ചുവരുകളിൽ സ്വന്തമായൊരിടം അടയാളപ്പെടുത്താൽ ശ്രമിക്കുകയാണ് ബഹ്റൈനിലെ മലയാളി പെൺകുട്ടിയായ മനാൽ മൻസൂർ. പേരിന്റെ ഭംഗിപോലെ തന്നെ, അവരുടെ കവിതകൾക്ക് ഒരു വസന്തത്തിന്റെ നനവും ചൂടുമുണ്ട്. 18 ആണ് മനാലിന്റെ പ്രായം, ഏഴ് വർഷത്തെ സ്വരുക്കൂട്ടലുകളാൽ വിരിയിച്ചെടുത്തത് അതിമനോഹരമായൊരു ഇംഗ്ലീഷ് കവിതയാണ്. അത്രയേറെ ഇഴയടുപ്പമുണ്ടായിരുന്ന വല്യുപ്പയുടെ മരണ ശേഷം അവരിലുള്ള വൈകാരിക ഓർമകളെയാണ് മനാൽ കവിതക്ക് പ്രമേയമാക്കിയത്. ജീവിതം, സ്നേഹം, നഷ്ടം, അംഗീകാരം, കാഴ്ചപ്പാട് തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് കവിത സഞ്ചരിക്കുന്നത്. ബഹ്റൈനിൽ പഠിച്ചു വളർന്ന മനാൽ ചെറുപ്രായത്തിലേ കലാ സൃഷ്ടികളിൽ തൽപരയായിരുന്നു.
ചിത്രം വരകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. തന്റെ കവിതാ സമാഹാരത്തിലെ കവർ ചിത്രമടക്കം മുഴുവൻ പ്രതീകാത്മക ചിത്രങ്ങളും മനാൽ സ്വന്തമായി വരച്ചതാണെന്ന ഖ്യാതിയും ഇതിലുണ്ട്. പഠനകാലത്തുതന്നെ തന്റെ കഴിവ് പ്രകടപ്പിക്കുന്നതിലും മത്സരങ്ങളിൽ സമ്മാനം വാങ്ങുന്നതിലും മനാൽ മുന്നിലായിരുന്നു. സ്വന്തമായി ഒരു ഷോട്ട് ഫിലിമും മനാൽ നിർമിച്ചിട്ടുണ്ട്. കൂടാതെ മികച്ചൊരു പബ്ലിക് സ്പീക്കർ കൂടിയാണ്. കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പബ്ലിക് സ്പീക്കിങ് മത്സരമായ ഗാവേൽ മാസ്റ്റേഴ്സിൽ സെമി ഫൈനലിസ്റ്റായും മനാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ആറ് ലോക റെക്കോഡുകൾ സ്വന്തമാക്കിയ ഒരു കൈയെഴുത്ത് പ്രതിയുടെ സഹ എഴുത്തുകാരിയായും പ്രവർത്തിച്ചു. ഇംഗ്ലീഷ് പരിജ്ഞാനത്തിൽ മികവ് പ്രകടിപ്പിച്ച മനാൽ അറബിക് കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലാസും നൽകിയിട്ടുണ്ട്. പ്രാഥമിക പഠനം പൂർത്തിയാക്കിയ മനാലിന്റെ ലക്ഷ്യം ഇനി ജോർജിയയിൽ നിന്നുള്ള എം.ബി.ബി.എസാണ്. പഠനത്തോടൊപ്പം തന്നെ സാഹിത്യ, കലാരംഗത്തും സജീവമായി തന്നെ തുടരാനാണ് മനാലിന്റെ ആഗ്രഹം. ബഹ്റൈനിലെ യു.എസ് നേവി ഉദ്യോഗസ്ഥനായ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി മൻസൂർ അലിയാണ് പിതാവ്. ഹഫ്സത്ത് മൻസൂർ മാതാവാണ്.
തന്റെ നേട്ടത്തിലും വളർച്ചയിലും മാതാപിതാക്കൾ നൽകുന്ന സഹകരണവും സഹായവും വളരെയേറെ സ്വാധീനിക്കുന്നുണ്ടെന്നാണ് മനാൽ പറയുന്നത്. കൂടാതെ സഹോദരങ്ങളായ മഹ്ഫൂസും മുബാരിസും എല്ലാവിധ പിന്തുണയുമായി മനാലിനൊപ്പമുണ്ട്. ‘ പെർസ്പെക്ടീവ്: സീയിങ് ദ അൺസീൻ’ എന്ന മനാലിന്റെ കവിതാ സമാഹാരം വരാനിരിക്കുന്ന ഒരു വലിയ കാവ്യയാത്രയുടെ തുടക്കം മാത്രമാണ്.സാഹിത്യ മേഖലയിൽ ഇനിയും ഒരുപാട് പ്രതീക്ഷ നൽകുന്ന, ചിന്തകളെ തട്ടിയുണർത്തുന്ന ഈ യുവപ്രതിഭ, വരും കാലങ്ങളിലും വരികളാൽ വിസ്മയം തീർക്കുമെന്ന് നിസ്സംശയം പറയാം.