Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_right6 സെക്കൻഡിൽ റൂബിക്‌സ്...

6 സെക്കൻഡിൽ റൂബിക്‌സ് ക്യൂബ്; സ്‌ക്രീൻ ടൈമിൽ നിന്ന് ശ്രദ്ധ തിരിച്ചുപിടിക്കാൻ പതിനെട്ടുകാരന്റെ മിഷൻ

text_fields
bookmark_border
6 സെക്കൻഡിൽ റൂബിക്‌സ് ക്യൂബ്; സ്‌ക്രീൻ ടൈമിൽ നിന്ന് ശ്രദ്ധ തിരിച്ചുപിടിക്കാൻ പതിനെട്ടുകാരന്റെ മിഷൻ
cancel

ന്യൂഡൽഹി: സ്‌ക്രീൻ ടൈം കൂടുന്നതല്ല, ശ്രദ്ധയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് ഇന്നത്തെ വിദ്യാർഥികളുടെ പ്രധാന പ്രശ്നം. 6.11 സെക്കൻഡിൽ റൂബിക്‌സ് ക്യൂബ് പൂർത്തിയാക്കിയ മേധാൻഷ് സേത്തിന്റേതാണ് ഈ വാക്കുകൾ. വിദ്യാർഥികളെ വീണ്ടും ചിന്തിക്കാൻ പഠിപ്പിക്കാനായി 'യൂത്ത് കോഗ്നിറ്റീവ് മിഷൻ (വൈ.സി.എം)' എന്ന സംരംഭവുമായി മുന്നോട്ടുപോകുകയാണ് ഈ പതിനെട്ടുകാരൻ.

റൂബിക്‌സ് ക്യൂബിൽ നാലുതവണ ഡൽഹി സംസ്ഥാന ചാമ്പ്യൻ, 150-ലധികം പോഡിയം ഫിനിഷുകൾ, നാല് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയാണ് മേധാൻഷിന്റെ നേട്ടം. ഒമ്പതാം വയസ്സിൽ അമ്മ വാണി നൽകിയ ക്യൂബിൽ നിന്നാണ് യാത്ര തുടങ്ങിയത്. ക്രിക്കറ്റ്, ഫുട്‌ബോൾ, ടെന്നീസ്, നീന്തൽ, ചെസ് എന്നിവയിലെല്ലാം തിളങ്ങിയ മേധാൻഷിന് ഏറെ ഇഷ്ടം ക്രിക്കറ്റിനോടായിരുന്നു. കോവിഡ് കാലത്ത് ദിവസം എട്ട് മണിക്കൂർ വരെ ക്യൂബ് പരിശീലിച്ചതോടെ ഇഷ്ടം മാറി. വെള്ളത്തിനടിയിൽ 15.5 സെക്കൻഡിൽ നിന്നും സിപ്‌ലൈനിൽ തൂങ്ങിയും ക്യൂബ് സോൾവ് ചെയ്ത് മേധാൻഷ് ശ്രദ്ധ നേടിയിട്ടുണ്ട്.

പതിനഞ്ചാം വയസ്സിൽ 0.01 സെക്കൻഡിന് സ്വർണം നഷ്ടമായത് വലിയ തിരിച്ചടിയായി. എന്നാൽ മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം സ്വന്തം റെക്കോർഡുകളെ മറികടക്കാൻ പഠിച്ചതാണ് തന്നെ മുന്നോട്ടുനയിച്ചതെന്ന് മേധാൻഷ് പറയുന്നു. ടൈമറില്ലാതെ പതുക്കെ പരിശീലിക്കുന്ന 'ലുക്ക്അഹെഡ്' രീതി തന്നെ ക്ഷമ പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോയിഡയിലെ സ്റ്റെപ് ബൈ സ്റ്റെപ് സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയ മേധാൻഷ് ഇപ്പോൾ ഗുരുഗ്രാമിലെ മാസ്റ്റേഴ്‌സ് യൂണിയനിൽ ടെക് ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ നാലുവർഷ കോഴ്‌സിന് പഠിക്കുകയാണ്. 15-ാം വയസ്സിൽ, 2023 ജൂണിൽ തുടങ്ങിയ 'ഏസ് ക്യൂബിങ്' എന്ന വിദ്യാഭ്യാസ സംരംഭത്തിലൂടെ ഓൺലൈൻ കോഴ്‌സുകളും സ്കൂൾ വർക്ക്ഷോപ്പുകളുമായി 600-ലധികം കുട്ടികൾക്ക് പരിശീലനം നൽകി. ദി ബ്രിട്ടീഷ് സ്കൂൾ ഉൾപ്പെടെ നിരവധി സ്കൂളുകളുമായി സഹകരിച്ചാണ് പ്രവർത്തനം.

ഇപ്പോൾ കുട്ടികൾക്ക് ചിന്തിക്കാൻ സമയമില്ല. അവർ എപ്പോഴും നോട്ടിഫിക്കേഷനുകളിലും ഷോർട്ട് വീഡിയോകളിലുമാണ്. പഠിപ്പിക്കുന്നതിനിടയിലാണ് ഈ തിരിച്ചറിവുണ്ടായതെന്നും താൻ ഫോൺ 'ഡു നോട്ട് ഡിസ്റ്റേർബ്' മോഡിൽ ഇട്ട് മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തിരിച്ചറിവിൽ നിന്നാണ് വൈസിഎം എന്ന ആശയം ഉടലെടുത്തത്. സ്കൂളുകളിൽ 15 മിനിറ്റ് ഫ്രീ-തിങ്കിങ് സമയം വേണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഇതിനായി ന്യൂറോ സയന്റിസ്റ്റുകളുടെ പിന്തുണയോടെ 'വൈസിഎം ലാബ്സ്' എന്ന പ്ലാറ്റ്‌ഫോമും അദ്ദേഹം ഒരുക്കുന്നുണ്ട്.

മേധാൻഷിന്റെ ബിസിനസ് ആശയങ്ങൾക്ക് അടിത്തറ കുടുംബം തന്നെയാണ്. ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന 'പെന്റഗോൺ ഇന്ത്യ' സ്ഥാപകനായ പിതാവ് സമീർ സേത്ത് ഏഴാം വയസ്സ് മുതൽ മകനെ ഫാക്ടറികളിലും മീറ്റിങ്ങുകളിലും കൊണ്ടുപോയി ബിസിനസിന്റെ ബാലപാഠങ്ങൾ പകർന്നുനൽകി.ആ അനുഭവങ്ങളിൽ നിന്നാണ് 700 ദിവസമെടുത്ത് തയ്യാറാക്കിയ 'സറോഗേറ്റ് എന്റർപ്രണർ ' എന്ന പുസ്തകം പിറന്നത്. 2026 ഒക്ടോബർ 17-ന് പുറത്തിറങ്ങിയ പുസ്തകത്തെ ശശി തരൂർ, കിഷോർ ബിയാനി, അങ്കുർ വാരിക്കൂ, ഡോ. റിതേഷ് മാലിക് തുടങ്ങിയവർ അഭിനന്ദിച്ചു.നിലവിൽ ആമസോൺ വെബ് സർവീസസ് (എ.ഡബ്ല്യു.എസ്) സ്റ്റുഡന്റ് ലീഡറായും വിദ്യാർഥി നേതൃനിരയിലും സജീവമായ മേധാൻഷിന്റെ ലക്ഷ്യം 2047-ഓടെ ഇന്ത്യയുടെ വളർച്ചയിൽ പങ്കാളിയാകുക എന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:youth education Rubiks Cube student 
News Summary - Youth Cognitive Mission Aims
Next Story