ചുരം കടന്ന് ടാങ്കർ ലോറിയുമായി 23കാരി
text_fieldsഅഗളി: 12 ടൺ ഭാരവുമായി അട്ടപ്പാടി ചുരം കടന്ന് അഗളിയിലെത്തിയ ലോറി ഡ്രൈവറെ കണ്ട് അതിശയോക്തിയിലാണ് അട്ടപ്പാടിക്കാർ. അട്ടപ്പാടിയിലേക്ക് ഇന്ധനം എത്തിക്കാനായി എത്തിയ വണ്ടിയുടെ ഡ്രൈവർ 23കാരി ലക്ഷ്മി ആയിരുന്നു. ഏറെ പരിചയസമ്പന്നരായ ഡ്രൈവർമാർക്കുപോലും അട്ടപ്പാടി ചുരത്തിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
റോഡിന് വീതി ഇല്ലാത്തതും കൊടുംവളവുകളും വലിയ വാഹനങ്ങൾ ഓടിക്കുന്നതിന് വെല്ലുവിളിയാണ്. അഗളിയിലെത്താൻ വലിയ പ്രയാസങ്ങൾ തനിക്കുണ്ടായില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ഓഫർ കിട്ടിയാൽ ഇനിയും വരും. കുമളിയിലാണ് താമസം. അച്ഛനും ഭർത്താവും ഹെവി ഡ്രൈവർമാരാണ്. അച്ഛനാണ് പ്രചോദനം. മുമ്പ് അച്ഛനൊപ്പം ലോറിയിൽ അട്ടപ്പാടി സന്ദർശിച്ചിട്ടുണ്ടന്നും ലക്ഷ്മി പറഞ്ഞു.