68ലും വിമലാമ്മ ഫിറ്റ് !
text_fieldsവിമലാമ്മ പരിശീലകൻ ബാദുഷക്കൊപ്പം
ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണ് പുതിയ തലമുറ. ജിമ്മിൽ പോകുന്നവരുടെയും ചിട്ടയായ ഭക്ഷണ രീതി പിന്തുടരുന്നവരുടെയും എണ്ണം കൂടുന്നത് നല്ലകാര്യമാണ്. എന്നാൽ പ്രായമായവരോ? ഇനി പഴയ ആരോഗ്യമൊന്നും തിരിച്ച് കിട്ടില്ല, ഈ വേദനയും അസുഖങ്ങളുമൊന്നും മാറാൻ പോവുന്നില്ല എന്നൊക്കെ കരുതുന്നവരാകും മിക്കവരും. വ്യായാമം ഏത് പ്രായക്കാർക്കും ഉപകാരപ്പെടും.
പ്രായമായവരുടെ ശാരീരിക, മാനസിക വൈകാരിക ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കൃത്യമായ വ്യായാമത്തിലൂടെയും ചിട്ടയായ ഭക്ഷണ രീതികൊണ്ടും സാധിക്കും. പല കാരണങ്ങൾ കൊണ്ടും ഇക്കാര്യത്തിൽ ശ്രദ്ധിക്കാത്തവർ മാതൃകയാക്കേണ്ട വ്യക്തിയാണ് കോഴിക്കാട് കോട്ടൂളി സ്വദേശി വിമല എന്ന വിമലാമ്മ. 68ആം വയസിലാണ് വിമലാമ്മ ജിമ്മിലെത്തുന്നത്. ഒമ്പത് മാസമായി വർക് ഔട്ട് തുടങ്ങിയിട്ട്. വീടുകളിൽ അടുക്കള ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന അവർ ദിവസം ഒരു മണിക്കൂർ ആരോഗ്യത്തിനായി മാറ്റിവയ്ക്കുന്നു.
ജിമ്മിലേക്ക്
രണ്ട് കാൽമുട്ടുകളിലും വേദന വന്നു. പലയിടത്തും ചികിത്സിച്ചു. പല മരുന്നുകളും കഴിച്ചിട്ടും ഫലമുണ്ടായില്ല. മുട്ടുവേദനയും നടുവേദനയും അലട്ടിയിരുന്ന വിമലാമ്മ അന്നൊക്കെ പടി കയറാൻ നന്നേ ബുദ്ധിമുട്ടി. അൽപം വളഞ്ഞായിരുന്നു നടത്തം. വേദന മാറാൻ കാലിന് ശസ്ത്രക്രിയ വേണമെന്നായി ഡോക്ടർമാർ. ഈ സമയത്താണ് പ്രായമുള്ളവരെ കേന്ദ്രീകരിച്ച് കോഴിക്കോട്ടെ ജിമ്മിന്റെ നേതൃത്വത്തിൽ വീടുകളിൽ ക്യാമ്പ് നടത്തിയത്.
അതിൽ പരിശീലനത്തിന് താൽപര്യം കാട്ടിയ ആദ്യ വ്യക്തി വിമലാമ്മ ആയിരുന്നു. പരിശീലകരുടെ നിർദേശങ്ങൾ അനുസരിച്ച് ചിട്ടയായ ഭക്ഷണക്രമവും വ്യായാമങ്ങളും നല്ല കുറേ മാറ്റങ്ങൾക്ക് വഴി തെളിച്ചു. ഒരു കുട്ടിയെ പോലെയാണ് വിമലാമ്മ പറയുന്നത് അനുസരിക്കാറെന്ന് പരീശീലകൻ ബാദുഷ. ജിമ്മിൽ ചേർന്ന് മൂന്നാം ദിവസം മുതൽ ഫലം കണ്ടുതുടങ്ങിയതോടെ വിമലാമ്മക്കും ആവേശമായി.
മൂന്ന് മാസം കൊണ്ട് 16 കിലോ ഭാരമാണ് അങ്ങനെ കുറച്ചത്. കാർഡിയോ, ഫ്ലോർ എക്സർസൈസ്, സ്ട്രെങ്ത് ട്രെയിനിങ്, വെയ്റ്റ് ട്രെയിനിങ് തുടങ്ങിയ വ്യായാമങ്ങളാണ് ചെയ്യുന്നത്. ധാരാളം വെള്ളം കുടിക്കുന്നതും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നതും ശീലമാക്കി. പഞ്ചസാര ചേർത്തതും വറുത്തതുമായ ഭക്ഷണങ്ങളൊക്കെ ഒഴിവാക്കി.
ജോലി എടുക്കുമ്പോഴുണ്ടാകുന്ന കിതപ്പൊക്കെ പമ്പ കടന്നു. ഒരു മണിക്കൂർ കൊണ്ട് ചെയ്യുന്ന ജോലിയൊക്കെ പകുതി സമയം മതി ഇപ്പോൾ. പുലർച്ചെ അഞ്ചര മണിക്ക് വീട്ടിൽ നിന്നിറങ്ങുന്ന വിമാലാമ്മ മൂന്ന് വീടുകളിലെ ജോലിക്ക് ശേഷമാണ് വെസ്റ്റ് നടക്കാവിലെ ടൈറ്റനിക്സ് ജിമ്മിലെത്തുന്നത്. ഒരു മണിക്കൂർ കഠിന പരിശീലനത്തിനു ശേഷം വീണ്ടും അടുത്ത വീട്ടിലേക്ക്.
മടിയന്മാരോട്
മടിയന്മാരായ യുവാക്കളോട് ആരോഗ്യം സംരക്ഷിക്കാൻ തയ്യാറാവണം എന്ന് മാത്രമാണ് പറയാനുള്ളത്. മടിയും കൊണ്ടിരുന്നാൽ ഭാവിയിൽ പലതും നഷ്ടമായെന്ന് വരാം. ആരോഗ്യം നിലനിർത്താൻ കുറച്ച് കഷ്ടപ്പെടണം. പ്രായമായവരോടും ഇത് തന്നെയാണ് പറയാനുള്ളത്. വീട്ടിലിരുന്ന് തന്നെ പല വ്യായാമങ്ങളും ചെയ്യാം. പുതിയ ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ സാമ്പത്തികം, സമയം തുടങ്ങി പല പ്രതിസന്ധികളും മുന്നിൽ വരാം.
എന്നാൽ, ഒഴികഴിവുകൾ പറഞ്ഞ് ഒന്നും ചെയ്യാതെ ഇരിക്കുന്നത് താൽപര്യക്കുറവ് കൊണ്ടാണ്. വേണമെന്ന് വിചാരിച്ചാൽ എന്തും നേടാം. ജിമ്മിൽ പോകുന്നതിനെ തുടക്കത്തിൽ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. എന്തിനാ ജിമ്മിൽ പോവുന്നത്, മെലിഞ്ഞു പോയല്ലോ എന്നൊക്കെയായിരുന്നു കമന്റ്. പക്ഷെ, ഇപ്പോൾ അതെല്ലാം മാറി.
ഒന്ന് രണ്ട് ദിവസം ജിമ്മിൽ വന്ന് നിർത്തുന്നവരുണ്ട്. എന്നാൽ സ്വന്തമായി അധ്വാനിച്ച് തനിക്ക് വേണ്ടതെല്ലാം ചെയ്യുകയാണ് ഈ അമ്മ. വീടുണ്ടാക്കിയതും മക്കളെ പഠിപ്പിച്ചതും തുടങ്ങി ചെറുപ്പം മുതലേ രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളും നോക്കിയത് വീട്ടുപണിയെടുത്താണ്.
അമ്മ ഇനി വിശ്രമിച്ചോളൂ എന്ന് മക്കൾ പറഞ്ഞിട്ടും അധ്വാനിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് വിമലാമ്മക്ക് ആഗ്രഹം. 12 വയസിൽ തുടങ്ങിയ അധ്വാനമാണ്. 25 പൈസയായിരുന്നു അന്ന് കൂലി. കുവൈത്തിലും ഒമ്പതു വർഷം ജോലിക്ക് പോയിട്ടുണ്ട്. സ്വയം അധ്വാനിച്ച് അതുകൊണ്ട് ജീവിക്കുന്നതിലും സന്തോഷം മറ്റൊന്നിനുമില്ല.
ഇപ്പോൾ ഒരു ദിവസം വർക് ഔട്ട് മുടക്കിയാൽ ടെൻഷനാണ്. മടി പിടിച്ച് വരാതിരിക്കാറില്ല. ഞായറാഴ്ച ജിം അവധിയാണെങ്കിലും വീട്ടിൽതന്നെ ചെറിയ വ്യായാമങ്ങളിൽ മുഴുകും. നല്ല താൽപര്യത്തോടെയാണ് ചെയ്യുന്നത്. പറ്റിയാൽ സിനിമയിൽ മുഖം കാണിക്കണമെന്ന ഒരു ആഗ്രഹം കൂടിയുണ്ട് ഈ അമ്മക്ക്.
‘‘കസേരയിൽ ഇരിക്കാൻ വരെ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു ഞാൻ. അത്രക്ക് വേദനയായിരുന്നു. ഇന്ന് അതെല്ലാം മാറി. ശരീരത്തിലെ നീരൊക്കൊ കുറഞ്ഞു. സുഖമായി പടികൾ കയറാൻ കഴിയും. 15 വർഷമായി ശബരിമലയിൽ പോകുന്നുണ്ട്. 14 വർഷവും നടക്കുമ്പോൾ വേദനയുണ്ടായിരുന്നു. പലയിടത്തും ഇരുന്നായിരുന്നു നടത്തം. കഴിഞ്ഞ തവണ അവസ്ഥ അതായിരുന്നില്ല. എവിടെയും ഇരിക്കാതെ വേദനയൊന്നുമില്ലാതെ മല ചവിട്ടി അയ്യനെ കണ്ടു' - വിമലാമ്മ പറയുന്നു.