യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ച സഹോദരിമാർക്ക് തിളക്കമാർന്ന വിജയം
text_fieldsസുൽഫത്ത്, ഷാഹിന
അലനല്ലൂർ: യു.ഡി.എഫ് സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സഹോദരിമാർക്ക് തിളക്കമാർന്ന വിജയം. കുമരംപുത്തൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷാഹിന എരേരത്തും സഹോദരി സുൽഫത്ത് കോലോത്തൊടിയുമാണ് മുസ്‍ലിം ലീഗ് സ്ഥാനാർഥികളായി കോണി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചത്. എടത്തനാട്ടുകര കൈരളിയിലെ കൊളക്കാടൻ വീട്ടിൽ മമ്മതിന്റെയും സുലൈഖയുടെയും മക്കളാണ് ഇവർ.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 13 നെച്ചുള്ളി ഡിവിഷനിൽ മത്സരിച്ച ഷാഹിന സി.പി.എം സ്ഥാനാർഥി പത്മാവതിയെ 578 വോട്ടിനാണ് തോൽപിച്ചത്. ആദ്യമായി മത്സര രംഗത്തിറങ്ങിയ സുൽഫത്ത് കോലോതൊടി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ 20ാം വാർഡ് പാറപ്പുറത്ത് സി.പി.എമ്മിലെ പ്രിയ ഭാസ്കരനേക്കാൾ 346 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കുമരംപുത്തൂർ പള്ളിക്കുന്ന് എരേത്ത് അർസലിന്റെ ഭാര്യയാണ് ഷാഹിന.
കോട്ടോപ്പാടം പാറപ്പുറം കോലോതൊടി ഷൗക്കത്തിന്റെ ഭാര്യയാണ് സുൽഫത്ത്. 2010-‘15 കാലഘട്ടത്തിലാണ് ഷാഹിന എരേത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായത്. പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷം കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ, വനിത ലീഗ് മണ്ണാർക്കാട് മണ്ഡലം ജനറൽ സെക്രട്ടറി, ജില്ല വനിത ലീഗ് ജോയന്റ് സെക്രട്ടറി, കുടുംബശ്രീ തൊഴിലുറപ്പ് എസ്.ടി.യു സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. സുൽഫത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.


