ആഷിക്കയുടെ കൈകളിലെ ചോക്ലേറ്റ് മധുരം
text_fieldsആഷിഖ ചോക്ലേറ്റ് നിർമ്മാണത്തിന്റെ മിനുക്ക് പണിയിൽ
പരപ്പനങ്ങാടി : മലബാറിന്റെ മധുര റാണിയായി മാറിയ റോചി ചോക്ലേറ്റിന്‍റെ ഹൃദയമിടിപ്പ് ഇപ്പോഴുള്ളത് മുക്കത്തെ മിടുക്കിയായ ആഷിക്കയുടെ കൈകളിലാണ്. ചോക്ലേറ്റിനോടുള്ള മധുര ബാല്യാനുരാഗത്തിൽ നിന്നാണ് ഈ മുപ്പതു കാരി മലബാറിന്റെ സ്വന്തം ചോക്ലേറ്റ് റാണിയായി മാറിയത്. മാതാപിതാക്കളോടൊപ്പം വിദേശത്ത് വിദ്യാർഥി കാലം കഴിച്ചു കൂട്ടിയ ആഷിക്കയുടെ കൂടെ കൂടിയ മധുര കൂട്ടുകാരനായിരുന്നു ചോക്ളേറ്റുകൾ.
വഴി പിരിയാനാവാത്ത ആ അടുപ്പത്തിൽ നിന്നാണ് ചോക്ലേറ്റ് നിർമ്മാണത്തിലേക് ചുവടുവെച്ചത്. ബി.എസ്.സി എം.എൽ.ടി പൂർത്തിയാക്കിയിട്ടും താല്പര്യം ചോക്ലേറ്റുകളുടെ ലോകമാണെന്ന് മനസിലാക്കിയതോടെ പിതാവ് മുഹമ്മദ് അശ്റഫ് തന്നെക്കൊണ്ട് കഴിയുന്ന പ്രോത്സാഹനമെല്ലാം ആഷികക്ക് നൽകി . കൊടുവളളി സ്വദേശിയായ ആഷിക ഇപ്പോൾ കോഴിക്കോട് മുക്കത്തിനടുത്തെ കാരശ്ശേരി സ്വദേശി സുഹൈൽ റോഷന്റെ ഇണയാണ്. സോഫ്റ്റ് വെയർ എഞ്ചീനിയറായ സുഹൈലിനൊപ്പമുള്ള ജീവിതത്തിൽ തന്റെ ചോക്ളേറ്റ് നിർമ്മാണമോഹം പ്രൊഫഷണൽ തലത്തിലെത്തിലെത്തിച്ച് വിപണിയിൽ പ്രിയം നേടുകയാണിവർ.
നിർമ്മാണം പൂർത്തിയാക്കി വെച്ച കോംപ്ലിമെൻറ് ചോക്ലേറ്റുകൾ
കേക്ക് നിർമ്മാണത്തിലും ആഷിക ഖദീജക് കഴിവുണ്ടെങ്കിലും തന്റെ തട്ടകം ചോക്ളേറ്റാണന്ന് ഇവർ പറയുന്നു. ആവശ്യക്കാരുടെ ഇഷ്ടമറിഞ്ഞ് വിവിധ നിറങ്ങളിലും ഗുണങ്ങളിലും വിവിധയിനം ചോക്ളേറ്റുകൾ ആഷിക്കയുടെ കൈകളിൽ വിരിയുന്നുണ്ട്. മലബാർ ജ്വല്ലറി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ കസ്റ്റമേഴ്സിന് കോംപ്ലിമെന്റുകളായി നൽകുന്നത് ആഷിക്കയുടെ ചോക്ലേറ്റുകളാണ്. അതുകൊണ്ടുതന്നെ നൂറുകണക്കിന് പാക്കറ്റുകളാണ് ഇവിടെനിന്നും കയറ്റി പോകുന്നത്.
ബേക്കറികളിൽ നിന്നും മുൻകൂട്ടി ഓർഡറുകളെടുത്ത് വിൽപ്പന തുടങ്ങിയതോടെ തൊഴിലാളികളെ വെച്ച് ചോക്ളേറ്റ് ഫാക്ടറി വലുതാക്കി. നിരന്തരം വെല്ലുവിളികൾ നേരിട്ടാണ് ഇന്ന് കാണുന്ന ബിസിനസ് ലോകം കെട്ടിപ്പടുക്കാനായത്. യൂറോപിലെ തുർക്കി ഷെഫുമാർ ചോക്ളേറ്റിൽ കാഴ്ച്ചവെക്കുന്ന വൈവിധ്യങ്ങൾ യൂട്യൂബിലൂടെ കണ്ട് നിരന്തരം പരീക്ഷണങ്ങൾ നടത്തിയാണ് ആഷിക ഖദീജ ചോക്ളേറ്റ് വിപണിയിൽ തന്റേതായ കൈമുദ്ര പതിപ്പിച്ചത്.