
മീര നന്ദൻ
പ്രവാസികളുടെ സ്വന്തം ആർ.ജെ...
text_fieldsമലയാള സിനിമയിലേക്ക് 'മുല്ല'മൊട്ടിന്റെ സൗമ്യതയോടെ കടന്നുവന്ന താരമാണ് മീര നന്ദൻ. റിയാലിറ്റി ഷോയുടെ പിന്നാമ്പുറത്തുനിന്ന് അവതാരകയുടെ റോളിലേക്കും അതുവഴി ബിഗ് സ്ക്രീനിലേക്കും പ്രേക്ഷകഹൃദയങ്ങളിലേക്കും അന്യഭാഷാ സിനിമകളിലേക്കും കുടിയേറിയ മീരയിപ്പോൾ മറ്റൊരു വേഷത്തിൽ യു.എ.ഇയിലുണ്ട്.
പ്രവാസിവീടുകളിലും കാറുകളിലും മൊബൈലിലുമെല്ലാം സ്നേഹത്തിെൻറ ശബ്ദമായി ഒഴുകിയെത്തുന്ന റേഡിയോ ജോക്കിയുടെ റോളിലാണ് ആർ.ജെ മീരയിപ്പോൾ. ആറു വർഷമായി പ്രവാസി കുടുംബങ്ങളുടെ പ്രിയ കൂട്ടുകാരിയായി, മുറിയിടങ്ങളിലെ അതിഥിയായി...
മലയാളികളുടെ കാതും മനസ്സും കീഴടക്കുന്ന മീരക്ക് ഓണക്കാലവും കുട്ടിക്കാലവും കുടുംബവും നാടുമെല്ലാം ഇപ്പോഴും കുളിരുപകരുന്ന ഓർമകളാണ്. ഓരോ ഓണക്കാലവും മനസ്സിലൊരു കരടുബാക്കിയാക്കിയാണ് യാത്രയാകുന്നത്. ഓണമെത്തിയാൽ ഓടി വീട്ടിലെത്തിയിരുന്ന മീര നന്ദന് ആറു വർഷമായി പ്രവാസിയോണമാണ്.
നാടും വീടും സദ്യയും അത്തപ്പൂക്കളവുമൊന്നുമില്ലാത്ത ഓണം ജീവിതത്തിെൻറ ഭാഗമായി മാറി. ''അല്ലെങ്കിൽതന്നെ മൂന്നു വർഷമായി മലയാളികൾക്ക് ഓണമില്ലല്ലോ. രണ്ടു വർഷം മലയാളക്കരയുടെ ഓണം പ്രളയമുഖത്തായിരുന്നു. ഈ വർഷം കോവിഡിെൻറ പിടിയിലും. അടുത്ത ബന്ധുവിെൻറ മരണമുണ്ടായതിനാൽ ഈ വർഷം ഓണാഘോഷം വേണ്ടെന്ന് നേരേത്ത തീരുമാനിച്ചിരുന്നു'' -മീര നന്ദൻ ഓണം ഓർമകൾ പങ്കുവെക്കുന്നു...
സ്നേഹപ്പൊന്നോണം
ഓർമകളിലെ ഏറ്റവും നിറമുള്ള ഓണം കുട്ടിക്കാലത്തുതന്നെയാണ്. അച്ഛൻ, അമ്മ, അനിയൻ, സുഹൃത്തുക്കൾ... അവർക്കൊപ്പമുണ്ടാവുേമ്പാഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പ്ലസ് ടുവിൽ പഠിക്കുേമ്പാഴാണ് സിനിമയിലെത്തുന്നത്. അതുവരെ ഓണക്കോടിയും അത്തപ്പൂക്കളവും സദ്യയുമെല്ലാമായി അടിപൊളി ഓണമായിരുന്നു. സ്കൂളിലെ ഓണാഘോഷമാണ് ഏറ്റവും വലിയ നൊസ്റ്റു. സിനിമയിൽ എത്തിയതോടെ ഓണക്കോടി കിട്ടൽ കുറഞ്ഞു. കൊടുക്കുന്നത് കൂടി.
ഏതു സെറ്റിലാണെങ്കിലും തിരുവോണനാളിൽ വീട്ടിൽ ഹാജരാകും. ആറു വർഷത്തെ ഏറ്റവും വലിയ നഷ്ടവും ഓണക്കാലമാണ്. ഇൗ സമയത്ത് പ്രോഗ്രാമുകളുടെ ബഹളമായതിനാൽ നാട്ടിൽ പോകാൻ കഴിയില്ല. എങ്കിലും, രണ്ടു വർഷം മുമ്പ് ഓണത്തിന് അച്ഛനും അമ്മയും ഇവിടെയുണ്ടായിരുന്നു. യു.എ.ഇയിലാണെങ്കിലും ഓണാഘോഷത്തിന് കുറവില്ല. അവസരം കിട്ടുേമ്പാഴെല്ലാം ഒത്തുചേരുന്ന പ്രവാസികളുടെ ഓണത്തിന് ഇക്കുറി പഴയ പകിട്ടുണ്ടാവില്ലല്ലോ.
ലൊക്കേഷനോണം
വി.ജെയിൽനിന്ന് ആർ.ജെയിലേക്കുള്ള യാത്രക്കിടയിലായിരുന്നു സിനിമക്കാലം. എട്ടു വർഷത്തോളം സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഒരു തവണ മാത്രമാണ് സെറ്റിൽ ഓണം ആഘോഷിച്ചത്. അത് മറക്കാനാകാത്ത അനുഭവമായിരുന്നു.
ഓണക്കാലത്തിനിടയിലായിരുന്നു 'മൈലാഞ്ചി മൊഞ്ചുള്ള വീടിെൻറ' ഷൂട്ട്. അച്ഛെൻറയും അമ്മയുടെയും വിവാഹവാർഷികവും തിരുവോണവും ഒത്തുവന്നത് ഈ സിനിമയുടെ ഇടയിലാണ്. വിവാഹംപോലെ തന്നെ സദ്യ വിളമ്പി ആഘോഷം ഗംഭീരമാക്കി. ലൊക്കേഷനിൽനിന്ന് വിളിയെത്തിയതോടെ ഓണാഘോഷം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. 'സ്വപ്നസഞ്ചാരി' ചെയ്യുേമ്പാഴാണ് എന്നാണോർമ.
എല്ലാവരുമൊത്ത് തിരുവനന്തപുരത്തെ റിസോർട്ടിലായിരുന്നു ഓണാഘോഷം. ഉത്രാടം മുതൽ തിരുവോണം വരെ റിസോർട്ടിൽ തങ്ങലായിരുന്നു ലക്ഷ്യം. എന്നാൽ, രണ്ടാം ദിവസം സെറ്റിൽ നിന്ന് ആളെത്തി. ഉടൻ തൊടുപുഴയിൽ എത്താനായിരുന്നു അറിയിപ്പ്. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാനും അമ്മയും ലൊക്കേഷനിലേക്ക്...
ഭാവി സിനിമ
അഞ്ചു വർഷമായി സിനിമയുടെ ബഹളങ്ങളിൽനിന്ന് മാറി നിൽക്കുകയാണ്. മാറ്റം മനഃപൂർവമല്ല. എങ്കിലും അഭിനയിക്കണമെന്ന് തോന്നിയ റോളുകളൊന്നും വന്നില്ല. അതിലെല്ലാമുപരി, ഇവിടെ എത്തിയതോടെ മടിച്ചിയായി എന്നതാണ് സത്യം. ഇവിടെയുള്ള ജോലി, കറക്കം എന്നതിലുപരിയായി സിനിമയെക്കുറിച്ചുള്ള ചിന്തകൾ കുറഞ്ഞു. ഈ മടിയാണ് സിനിമയിൽനിന്നുള്ള അകൽച്ചക്ക് പ്രധാന കാരണം. മനസ്സിനിണങ്ങിയ റോളുകൾ വരട്ടെ, അപ്പോൾ ആലോചിക്കാം.