നീതിയും സ്വാതന്ത്ര്യവും തേടി പോരാട്ടം തുടരുകയാണ് വക്കീലും അധ്യാപികയും
text_fieldsപരപ്പനങ്ങാടി: ഓരോ സ്ത്രീ സമത്വ ദിനം കടന്നു പോകുമ്പോഴും ഇല്ല പോരാട്ടം മതിയാക്കാനായിട്ടില്ല എന്ന ഉൾവിളിയാണ് പൊതുപ്രവർത്തകയായ പരപ്പനങ്ങാടി ബാറിലെ കൃപാലിനി വക്കീലിനെ സ്വാധീനിക്കുന്നത്. 1998 മുതലാണ് സ്ത്രീ സമത്വമെന്ന ആശയം മനസിൽ കുറിച്ച് വനിത പ്രവർത്തന രംഗത്ത് ചുവടുവെച്ചത്. സമത്വമെന്നത് തുല്യ പരിഗണനയുടെയും സ്വാഭാവിക നീതിയുടെയും സ്വാതന്ത്ര്യതലത്തിൽ നിന്ന് തുടങ്ങി ആത്മവിശ്വാസത്തിലെത്തി നിൽക്കേണ്ടതാണെന്ന് തിരിച്ചറിഞ്ഞ കൃപാലിനി പെൺകണ്ണീരുറ്റിയ നിയമപോരാട്ടങ്ങളുടെ മുന്നണി പോരാളിയായി മാറി. ഓർത്തെടുക്കാൻ നിരവധി കദനകഥകൾ വക്കിലിന്‍റെ പോരാട്ട ഡയറിയിലുണ്ട്.
പിതാവിനാൽ പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയെ കാണാൻ കൂടെയുള്ളവരുമായി പോയതാണ്. വാതിൽ തുറക്കാൻ മടിച്ച് അമ്മ. പിന്നീട് സംസാരത്തിൽ പതുക്കെ തുറന്ന വാതിലുകൾ. ഒറ്റമുറിയുള്ള വാടകവീട്ടിൽ നിന്ന് രണ്ട് മുറിയിലേക്ക് മാറിയത് പിതാവിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ പറ്റുമെന്ന തോന്നലിലാണ്. എന്തേ അയാളെ ഉപേക്ഷിച്ചു കൂടെ എന്ന ചോദ്യത്തിന് ചെലവിന് ആരുതരും എന്ന ദയനീയമായ മറുചോദ്യം മാത്രമായിരുന്നു ആ കണ്ണുകളിൽ നിന്ന് നിറഞ്ഞൊഴുകിയത്.
മറ്റൊരിടത്ത് ഉമ്മ ഉപേക്ഷിച്ചു പോയ പെൺകുട്ടിക്ക് നീതി നേടി ഇറങ്ങിയ രണ്ടാനമ്മയുടെ ഇടപെടൽ ഹൃദയ സ്പർശിയായിരുന്നു. ഏഴു മാസം ഗർഭിണിയായിരിക്കുമ്പോൾ ചവിട്ടേറ്റ് രക്തസ്രാവം വന്ന് ആശുപത്രിയിലായി. പിന്നെ ബന്ധുക്കൾ ഇടപെട്ട് വേർപിരിയാൻ തീരുമാനിച്ചപ്പോൾ സ്വർണ്ണത്തിന്‍റെ പേരിലുള്ള വില പേശൽ, ഒടുവിൽ അവർ സമ്മതിച്ച സ്വർണ്ണം മാത്രം കിട്ടാനായി നിയമ പോരാട്ടം. എ. അബൂബക്കർ എന്ന നല്ല മനുഷ്യൻ 19കാരിയായ ഒരു പെൺകുട്ടിയുമായി വക്കീൽ ഓഫിസിൽ തന്നെ തേടി വന്ന് വിവരിച്ച സങ്കടങ്ങൾ ഇന്നും കാതിൽ അലയടിക്കുകയാണ്.
കേസ് നടത്തി ഇദ്ദകാല ചെലവും മത്താഹും വിധിയാക്കി കൊടുത്തപ്പോൾ കിട്ടിയ മനോനിർവിതി പറഞ്ഞറിയിക്കുക വയ്യ. ഹൈകോടതി വരെ പോയ മറ്റൊരു കേസ്. ആ പെൺകുട്ടിയോട് ചേർത്തു പിടിച്ച് സ്വന്തം കാലിൽ നിൽക്കാൻ സ്വയം ശ്രമിക്കണമെന്ന നിയമ പുസ്തകത്തിൽ കാണാത്ത നിയമ ഉപദേശമാണ് ആദ്യം നൽകിയത്.
ആ ഉപദേശം അവളുടെ ജീവിതം മാറ്റി മറച്ചു. വരുമാനം വേണമെന്ന തോന്നൽ ക്ലച്ച് പിടിച്ചു. പിതാവിൽ നിന്ന് കിട്ടിയ ചെറിയ ഭൂമിയിൽ ഷെഡ് പണിത ബിരിയാണിയുണ്ടാക്കി വിൽപന തുടങ്ങിയും പശുവിനെ വളർത്തിയും ഇ.എം.എസ്. ഭവന പദ്ധതിയിൽ ലഭിച്ച പണവും കൊണ്ട് വീടുവെച്ചും ജീവിത അധ്യായങ്ങൾ മാറ്റി എഴുതിയ അവർ പിന്നീട് വർഷങ്ങൾക്കിപ്പുറം മകന് പട്ടാളത്തിൽ ചേരാനുള്ള ആവശ്യത്തിന് പേപ്പറുകൾ ശരിയാക്കാൻ ഓഫിസ് കയറി വന്നപ്പോൾ എല്ലാവരോടും എന്‍റെ കഥ പറയണമെന്ന് പറഞ്ഞു തിരിച്ചു പോയപ്പോൾ മനസിൽ അലയടിച്ച വിപ്ലവത്തിന്‍റെ കുളിർകാറ്റുകൾ ഇന്നും മനസിനെ തലോടുന്നതായി കൃപാലിനി വക്കീൽ പറയുന്നു.
ഇന്നും പെൺകുട്ടിയുടെ സ്വർണ്ണം തങ്ങളുടേതാണ് എന്ന് ധരിച്ചുവച്ച് വിവാഹ ദിവസം തന്നെ ഊരി വാങ്ങി വക്കുന്ന അമ്മായിയമ്മമാരാണ് സ്ത്രീ സമൂഹത്തിന്‍റെ ഏറ്റവും വലിയ ശത്രുവെന്നും സ്ഥലം വാങ്ങിച്ചാൽ പോലും ഭർത്താവിന്‍റെ പേരിൽ മാറ്റി എഴുതാൻ പ്രേരിപ്പിക്കുന്ന സാമൂഹ്യ ദുരവസ്ഥക്കും അറുതി വരണമെന്നും വക്കീൽ പറഞ്ഞു.
എന്നും പീഡനം ഏറ്റുവാങ്ങാൻ തയാറായിരിക്കുന്ന ഡോക്ടർമാരും എഞ്ചിനീയർമാരും അടക്കമുള്ള പെൺകുട്ടികൾ പോലും തിരിച്ചു പോവാൻ ഒരിടമില്ലെന്ന കാരണം കൊണ്ട് എല്ലാം സഹിക്കുകയാണെന്നും. സ്വർണ്ണം എടുത്തു പറ്റിയതിന് കരാറുണ്ടായിട്ടും രാഷ്ട്രീയക്കാരനായ ഭർത്താവിനെയും വീട്ടുകാരെയും രക്ഷപ്പെടുത്താൻ 40 പവനോ നിനക്കോ എന്ന് പരിഹസിക്കുന്ന പൊലീസുകാരനെ വരെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വക്കീൽ പറഞ്ഞു. നോ പറയാനും ആത്മവിശ്വാസം സ്ഫുരിക്കുന്ന എസിലേക്കെത്താനും പെൺസമൂഹത്തിന് കഴിഞ്ഞാൽ സാമൂഹ്യ സമത്വം പുരുലരുമെന്നാണ് ഈ സ്ത്രീ പക്ഷ നിയമ സാമൂഹ്യ പോരാളിയുടെ പ്രത്യാശ
സ്ത്രീകളോടൊപ്പമുണ്ട് ഒരു ടീച്ചർ
പരപ്പനങ്ങാടി: വിജിഷ ടീച്ചർ പഠിപ്പിക്കുന്നത് സർക്കാർ എൽ.പിയിലെ ബാലപാഠങ്ങളാണങ്കിലും കുട്ടികളുടെ അമ്മമാരാണ് ശരിക്കും പഠിതാക്കൾ. സംസ്ഥാന സ്ക്കൂൾ റിസോഴ്സ് പേഴ്സണായ വിജിഷ മോൾ കുട്ടികളുടെ പഠന നിലവാരം ഉയർത്താനാണ് അമ്മമാരുമായി ബന്ധപെടുന്നതെങ്കിലും ഇന്ന് അവരുടെ സങ്കടങ്ങൾ കേൾക്കാൻ ഒരാളുണ്ടെന്ന ആത്മവിശ്വാസമാണ് അമ്മമാരെ അവരുടെ പഠിതാക്കളാക്കി മാറ്റിയത്.
അമ്മമാരുടെ രാത്രികൾ വിജിഷ ടീച്ചർക്ക് വേണ്ടി നീക്കി വെക്കുകയാണ്. കുടുംബ പ്രശ്നങ്ങൾ മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ എല്ലാം പങ്കുവെക്കും. കോവിഡ് കാലത്തു പോലും കുട്ടികളെ തെരഞ്ഞു വീടുകൾ കയറി ഇറങ്ങിയ വിജിഷ ടീച്ചർ വീട്ടുകാർക്ക് എന്നും ഒറ്റപെടലിനിടയിലുള്ള അത്താണിയായി നിലകൊണ്ടു.
നവജീവൻ വായനശാല വനിത വിങ് അമരത്തുള്ള വിജിഷ പ്രകാശ് വായനയുടെ വെളിച്ചവും ആത്മവിശ്വാസത്തിന്‍റെ തെളിച്ചവും അധ്യായനത്തിന്‍റെ മധുരവും പകർന്ന് നാം സ്ത്രീകൾ മോശക്കാരല്ലെന്ന് സമൂഹത്തെ പഠിപ്പിച്ചു കൊണ്ടെയിരിക്കുന്നു. അങ്ങിനെ പഠിപ്പിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.