ഇനിയും മരിക്കാത്ത അജിത
text_fieldsകോഴിക്കോട്: അജിത എന്നതിന് ‘ആർക്കും ജയിപ്പാൻ കഴിവില്ലാത്ത’ എന്നാണർഥം ശബ്ദതാരാവലിയിൽ. ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ കെ. അജിതയുടെ (46) കാര്യത്തിൽ അക്ഷരാർഥത്തിൽ മരണം പോലും പരാജയപ്പെട്ടു. ഹൃദയവും കരളും വൃക്കകളുമടക്കം അവരുടെ ആറ് അവയവങ്ങളാണ് മരണത്തിനു കീഴടങ്ങാതെ ഇനി മറ്റുള്ളവരുടെ ജീവനും ജീവിതവുമാകുക.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 28നാണ് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ രണ്ടിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവ് അസാധ്യമായി. തീവ്രമായ ആ സങ്കടത്തിനിടയിലും ഭർത്താവും മക്കളുമടങ്ങുന്ന അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. പിന്നീടെല്ലാം വേഗത്തിലായിരുന്നു.
അവയവദാന നടപടിക്രമങ്ങളും ഏകോപനവും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ പൂർത്തിയാക്കി. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44കാരിയിലാണ് അജിതയുടെ ഹൃദയം മിടിക്കുക. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. പി. രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. മക്കൾ: പി. സാരംഗി (ടി.ഡബ്ല്യു.എസ്.ഐ, കോഴിക്കോട്), പി. ശരത്. മരുമകൻ: മിഥുൻ (ഇന്ത്യൻ ആർമി).