ആൽബം ഓഫ് ന്യൂ ഏജ്
text_fieldsചന്ദ്രിക ടാണ്ഡൻ
ഗ്രാമിയിൽ പുതുചരിത്രം രചിക്കുകയാണ് ചന്ദ്രിക ടാണ്ഡൻ. ഗ്രാമി പുരസ്കാര ജേതാക്കളിലെ ഇന്ത്യന്‍ സാന്നിധ്യം. ഇത് രണ്ടാം തവണയാണ് ഇന്തോ-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടാണ്ഡന് ഗ്രാമി നാമനിര്‍ദേശം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ വൗട്ടര്‍ കെല്ലര്‍മാനും ജാപ്പനീസ് സെലിസ്റ്റ് എരു മാറ്റ്സുമോട്ടോയുമായും ചേർന്ന് നിര്‍മിച്ച ‘ത്രിവേണി’ എന്ന ആല്‍ബമാണ് 67ാമത് ഗ്രാമി പുരസ്കാരം ചന്ദ്രികയിലെത്തിച്ചത്. ‘ബെസ്റ്റ് ന്യൂ ഏജ് ആൽബം വിഭാഗത്തിലായിരുന്നു പുരസ്കാരം. റിക്കി കെജിന്റെ ‘ബ്രേക്ക് ഓഫ് ഡോണ്‍’, അനുഷ്ക ശങ്കറിന്റെ ‘ചാപ്റ്റര്‍ II: ഹൗ ഡാര്‍ക്ക് ഇറ്റ് ഈസ് ബിഫോര്‍ ഡോണ്‍’ അടക്കമുള്ളവയെ പിന്തള്ളിയാണ് ‘ത്രിവേണി’ പുരസ്കാരത്തിലെത്തിയത്.
“സംഗീതം പ്രണയമാണ്, പ്രകാശമാണ്, പുഞ്ചിരിയാണ്. നമുക്കുചുറ്റും എപ്പോഴും സ്നേഹവും വെളിച്ചവും പുഞ്ചിരിയും നിറഞ്ഞുനിൽക്കട്ടെ. സംഗീതത്തിന് നന്ദി, സംഗീതം സൃഷ്ടിക്കുന്ന എല്ലാവർക്കും നന്ദി. ഏത് വിഷമവും മറികടന്ന് സൗഖ്യമാക്കാനുള്ള സംഗീതത്തിന്റെ യാത്രയിലൊന്നാണ് ഞങ്ങളുടെ ആൽബം. പുരസ്കാരം നേടിയത് വലിയ സന്തോഷം നൽകുന്നു. ഞങ്ങൾക്കൊപ്പം മത്സരിച്ചത് ഏറെ കഴിവുള്ള സംഗീതജ്ഞർതന്നെയായിരുന്നു. സന്തോഷം’’ ഗ്രാമി പുരസ്കാര നിറവിൽ ചന്ദ്രിക ടാണ്ഡൻ പറയുന്നു.
ചെന്നൈയിലായിരുന്നു ചന്ദ്രികയുടെ ജനനം. പെപ്സിക്കോയുടെ സി.ഇ.ഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് സഹോദരി. ബാങ്കറായിരുന്നു അച്ഛൻ, അമ്മ സംഗീതജ്ഞ. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഉന്നത വിദ്യാഭ്യാസം. നിയമവഴിയിലേക്ക് കടക്കാനായിരുന്നു ആഗ്രഹം. എന്നാൽ ചേർന്നത് അഹ്മദാബാദ് ഐ.ഐ.എമ്മിൽ. പഠനശേഷം നിരവധി കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചു.
കുടുംബത്തിലെ ഒരു ആഘോഷ ചടങ്ങാണ് സംഗീതരംഗത്തേക്കുള്ള ചന്ദ്രികയുടെ കടന്നുവരവിന് കാരണം. ഭര്‍തൃപിതാവിന്റെ പിറന്നാളാഘോഷത്തിനിടെ ചില വരികൾ റെക്കോഡ് രൂപത്തിൽ ചന്ദ്രിക സമ്മാനിച്ചു. ഈ റെക്കോഡ് പിന്നീട് ചന്ദ്രികയുടെ ‘സോള്‍ കാള്‍’ എന്ന ആദ്യ ആല്‍ബത്തിന് കാരണമായി.
2011ൽ ഇത് ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 2013ല്‍ രണ്ടാമത്തെ ആല്‍ബവും പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ ഉപ്പുസത്യഗ്രഹവും യാത്രയുമായിരുന്നു പ്രമേയം. 75 സംഗീതജ്ഞരാണ് ഈ ആൽബത്തിൽ അണിനിരന്നത്. 2014ല്‍ മൂന്നാമത്തെ ആല്‍ബം പുറത്തിറങ്ങി.
2023ല്‍ ചന്ദ്രികയുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആല്‍ബം ‘അമ്മൂസ് ട്രഷര്‍’ പുറത്തിറങ്ങിയിരുന്നു. വിവിധ ഭാഷകളിൽ ഒരുക്കിയ ഈ ആൽബം നിരവധി അവാർഡുകൾ നേടി. 2024ലാണ് ‘ത്രിവേണി’ പുറത്തിറങ്ങുന്നത്. ഏഴ് ഗാനങ്ങളാണ് ആൽബത്തിലുള്ളത്.