ദ ഓൾ റൗണ്ടർ ഡോക്ടർ രേഖ
text_fieldsഡോക്ടർ രേഖ
സകലകലാവല്ലഭ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം ഡോക്ടർ രേഖയെ. പ്രഫഷൻ മാറ്റി വെച്ച് പാഷനുകൾക്ക് പിന്നാലെ പോകുന്നവരുണ്ട്. എന്നാൽ, പാഷനും പ്രഫഷനുമായി ഒരു പോലെ സമയം കണ്ടെത്തുന്ന ചുരുക്കം ചിലരിലൊരാളാണ് ഡോക്ടർ രേഖ ജയപ്രദീപ്. 26 വർഷമായി യു.എ.ഇയിലുള്ള രേഖ അജ്മാനിൽ ഭർത്താവ് ജയപ്രദീപിനൊപ്പം ഡെന്റിസ്റ്റായി ജോലി ചെയ്യുകയാണ്.
പെയിന്റിങ്ങും ഡാൻസും അഭിനയവും ആർട് വർക്കുകളും പച്ചക്കറി കൃഷിയുമൊക്കെയാണ് രേഖയുടെ പാഷനുകളിൽ ചിലത്. ഒഴിവു സമയത്ത് ചെയ്യുന്ന വെറും ആർട്ട് വർക്കുകൾ മാത്രമല്ല രേഖക്കിതൊന്നും. മനസ്സ് നിറക്കുന്ന പാഷനുകളാണ്. എല്ലാ തിരക്കിനിടയിലും തന്റെ പാഷനുകൾക്കായി സമയം കണ്ടെത്താറുണ്ട്.
രേഖയുടെ രചന
ആദ്യത്തെ മകൾ പിറന്നതോടെ കരിയറിൽ നിന്ന് ഇത്തിരിയൊന്ന് മാറി നിന്നെങ്കിലും ആ സമയത്താണ് പെയിന്റിങ് എന്നൊരു ഇഷ്ടം രേഖയുടെ മനസ്സിൽ കയറുന്നത്. ഒരു ചേച്ചിയുടെ സഹായത്തോടെ പെയിന്റിങ് പഠിച്ചു തുടങ്ങി. ഓയിൽ പെയിന്റുങ്ങുകൾ ചെയ്താണ് തുടക്കം. പിന്നീട് പലതരം ചിത്രങ്ങൾ വരച്ചു പഠിച്ചു. രേഖ വരക്കുന്ന ചിത്രങ്ങൾ കണ്ടാൽ പ്രഫഷനൽ ആർട്ടിസ്റ്റാണ് എന്നെ ആരും പറയൂ.
ജീവൻ തുടിക്കുന്ന മനോഹരമായ നിരവധി ചിത്രങ്ങൾ രേഖയുടെ വിരൽ തുമ്പിൽ നിന്ന് വിരിഞ്ഞിട്ടുണ്ട്. പാവപ്പെട്ടവന്റെ ഫാന്റസി എന്നറിയപ്പെടുന്ന യൂറോപ്പിൽ നിന്ന് ഉത്ഭവിച്ച ഡെക്കോപേജ് എന്ന ചിത്രമുദ്രണ രീതിയിലൊരുക്കിയിരിക്കുന്ന ആർട് വർക്കുകളും ചെയ്യാറുണ്ട് രേഖ. പാഴ്വസ്തുക്കളൊക്കെ മനോഹരമായ കരകൗശല വസ്തുക്കളാക്കി മാറ്റും ഈ ഡോക്ടർ. എന്തും മനോഹരമാക്കി മാറ്റാനുള്ള ഈ വിദ്യ യൂട്യൂബ് വഴിയാണ് പഠിച്ചെടുത്തത്.
രേഖ ഭർത്താവ് ജയപ്രദീപിനൊപ്പം
മൂന്നുവയസ്സിനു മുന്നേ തന്നെ നൃത്തം പഠിച്ചു തുടങ്ങിയിട്ടുണ്ട്. മലയാളി ഡോക്ടർമാരുടെ സംഘടനയുടെ പരിപാടികളിലൊക്കെ തന്റെ കഴിവുകൾ പുറത്തെടുക്കാറുമുണ്ട് രേഖ. നാടകവും നിർത്തവുമൊക്കെ പുറത്തെടുക്കാനൊരു വേദി കൂടിയാണ് ഇത്തരം പരിപാടികളെന്ന് രേഖ പറയുന്നു. നർത്തകിയും സിനിമാ താരവുമായ ആശ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമ ടീച്ചറുടെ ശിഷ്യ കൂടിയാണ്. ഗാർഡനിങ്ങും ഇഷ്ടമുള്ള രേഖ വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും വീട്ടിൽ തന്നെ വിളയിച്ചെടുക്കാറുണ്ട്. നാട്ടിൽ നിന്ന് കൊണ്ട് വരുന്ന നാടൻ വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കാറ്.
ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് ഇഷ്ടങ്ങളൊക്കെ മാറ്റി വെച്ച് ജീവിക്കുന്നവർക്ക് ഒരു മാതൃക തന്നെയാണ് ഡോക്ടർ രേഖ ജയപ്രദീപ്. ഒരു ഓൾ റൗണ്ടർ ഡോക്ടർ എന്നൊക്കെ വിളിക്കാം. 1998 ലാണ് യു.എ.ഇയിലെത്തുന്നത്. അന്ന് മുതൽ അജ്മാനിലെ പാർട്ണർഷിപ്പോടു കൂടിയുള്ള ക്ലിനിക്കിൽ തന്നെയാണ് ഡെന്റിസ്റ്റായി ജോലി ചെയ്യുന്നത്. രണ്ടു മക്കളാണുള്ളത്. രണ്ട് പേരും യു.എസ്സിൽ പഠിക്കുകയാണ്. രേഖയും ഭർത്താവ് ജയപ്രദീപും ദുബൈയിലാണ് താമസം.
രേഖയുടെ രചന