അതിജീവനത്തിന്റെ ആൽഫിക്ക് ആഗ്രഹം പോലൊരു ജോലി
text_fieldsആൽഫിയ ജെയിംസ്
ദുബൈ: ചെറിയൊരു പനി വന്നാൽ തളർന്ന് വീണുപോകുന്നവർക്ക് ആൽഫിയ ജെയിംസ് എന്ന മാതൃകയെ പകർത്തിയെഴുതാം. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ അരക്കു താഴെ തളർന്നിട്ടും സ്വപ്നജോലി തേടി മുന്നോട്ടുകുതിച്ച അവളുടെ യാത്രക്ക് പ്രവാസലോകത്ത് സാക്ഷാത്കാരം.
ദുബൈയിലെ എലൈറ്റ് ഗ്രൂപ് ഫിനാൻസ് വിഭാഗത്തിലാണ് ഇന്ത്യൻ പാരാ ബാഡ്മിന്റൺ താരം കൂടിയായ ആൽഫി ജെയിംസിന് ആഗ്രഹിച്ച ജോലി ലഭിച്ചത്. വൈകല്യത്തിന്റെ പേരിൽ മാറ്റിനിർത്തിയവർക്കു മുന്നിൽ അവളിനി തലയുയർത്തി ജോലി ചെയ്യും, ഒപ്പം അന്താരാഷ്ട്ര ബാഡ്മിന്റണിൽ ഇന്ത്യക്കായി പൊരുതാനിറങ്ങും. മാർച്ച് ഒന്നു മുതലാണ് മൂവാറ്റുപുഴ സ്വദേശിയായ ആൽഫിയ ജോലിയിൽ പ്രവേശിച്ചത്.
ദേശീയ ബാസ്കറ്റ്ബാൾ കോർട്ടിൽ പാറിപ്പറന്ന് നടന്ന കാലത്താണ് ആൽഫിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ അപകടമുണ്ടായത്. ആറു വർഷം മുമ്പ് പ്ലസ് വണിന് പഠിക്കുന്ന കാലത്താണ് ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് കാൽവഴുതി വീണത്. നെഞ്ചിനു താഴെ തളർന്നുപോയ ആൽഫിക്ക് ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ല എന്നുപോലും മെഡിക്കൽ ലോകം വിധിയെഴുതി.
ആരും മാനസികമായി തളർന്നുപോകുന്നിടത്തുനിന്നായിരുന്നു ആൽഫിയയുടെ ഉയിർപ്പ്. വീൽചെയറിൽ ജീവിതം ചലിക്കാൻ തുടങ്ങിയതോടെ അവൾ വീണ്ടും സ്വപ്നങ്ങൾ നെയ്തുകൂട്ടി. വീട്ടിൽപോലുമറിയാതെ വീൽചെയർ ബാസ്കറ്റ്ബാൾ പരിശീലനം തുടങ്ങി. പവർലിഫ്റ്റിങ്ങും ബാഡ്മിന്റണും പരിശീലിച്ചു. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതിനാൽ കുടുംബം പോറ്റാൻ ജോലി തേടിയിറങ്ങി. എന്നാൽ, വൈകല്യത്തിന്റെ പേരിൽ ജോലിയിൽനിന്ന് മാറ്റിനിർത്തപ്പെട്ടു.
‘ഈ അവസ്ഥയിൽ എങ്ങനെയാണ് ജോലി ചെയ്യുക’ എന്നായിരുന്നു പലരുടെയും ചോദ്യം. ജോലി തേടി കൊച്ചിയിലെ ഹോട്ടലുകളിൽ കയറിയിറങ്ങി. ചില സ്ഥലങ്ങളിൽ പാർട്ട് ടൈമായി ജോലി ചെയ്തു. ഹോസ്റ്റൽ മുറികളും ഫ്ലാറ്റുകളും വാടകക്ക് നൽകുന്നവരുടെ ഇടനിലക്കാരിയായി നിന്നു. അമ്മയെ ബുദ്ധിമുട്ടിക്കാതെ സ്വന്തംനിലയിൽ സാധാരണക്കാരെ പോലെ ജീവിക്കണമെന്ന ആഗ്രഹമാണ് ആൽഫിയെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്.
ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് ആൽഫിയ കായിക ലോകത്ത് സജീവമായി. ദേശീയ പാരാലിഫ്റ്റിങ്ങിൽ വെള്ളിമെഡലോടെ വരവറിയിച്ചു. ബാഡ്മിന്റണിൽ പങ്കെടുത്ത ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ ഇരട്ട സ്വർണം നേടി. സുഹൃത്തുക്കളോടൊത്ത് മണാലിയിലും ഹിമാചലിലുമെല്ലാം പോയി. പാരാ ബാസ്കറ്റ്ബാളിൽ ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങി. ഒടുവിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഫസ ബാഡ്മിന്റണിൽ പങ്കെടുക്കാൻ ദുബൈയിലുമെത്തി. വിദേശത്ത് നല്ലൊരു ജോലി നേടണമെന്ന ആൽഫിയുടെ ആഗ്രഹത്തിലേക്ക് വഴിത്തിരിവായത് ഈ ദുബൈ യാത്രയാണ്. ആൽഫിയെ പരിചയപ്പെട്ട എലൈറ്റ് എം.ഡി ആർ.
ഹരികുമാർ തന്റെ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഓഫർ ലെറ്റർ കൈമാറി. ആൽഫിക്ക് ഇഷ്ടമുള്ളപ്പോൾ കളിക്കാൻ പോകാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും ഹരികുമാർ അനുവദിച്ചിട്ടുണ്ട്. ഒളിമ്പിക്സ് എന്ന സ്വപ്നത്തിലേക്ക് ബാറ്റേന്തുന്ന ആൽഫി ഈ മാസം ലഖ്നോയിലും മെയിൽ തായ്ലൻഡിലും ബഹ്റൈനിലും കളിക്കാനിറങ്ങും.
എല്ലാ മത്സരങ്ങളുടെയും സ്പോൺസർ ഹരികുമാറാണ്. എലൈറ്റിനായി മെഡൽ കൊണ്ടുവരുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഭിന്നശേഷി സൗഹൃദ നഗരമാണ് ദുബൈയെന്നും അതാണ് തന്നെ ഇവിടേക്ക് ആകർഷിച്ച മുഖ്യഘടകമെന്നും ആൽഫിയ പറയുന്നു. ഒറ്റക്ക് എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സഞ്ചരിക്കാം. നമ്മുടെ പരിമിതികളെ കുറിച്ച് ചിന്തിക്കാതെ ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് ഓരോ സ്ത്രീയും ശ്രമിക്കേണ്ടതെന്നും ആൽഫിയ വനിതാദിന സന്ദേശമായി പറയുന്നു.