തഴയില്‍ ജീവിതം നെയ്തെടുക്കുന്നതിന്റെ സംതൃപ്തിയിൽ അംബുജം
text_fieldsകോതിയെടുത്ത് മെനഞ്ഞെടുത്ത തഴ വെയിലത്ത് ഉണക്കിയെടുക്കുന്ന അംബുജം
അമ്പലപ്പുഴ: 72ാം വയസ്സിൽ തഴപ്പായകൾ നെയ്തൊരുക്കുകയാണ് അംബുജം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കട്ടക്കുഴി കറുകമ്പറമ്പില് അംബുജം അയല്‍വാസികളും സുഹൃത്തുക്കളുമായ സുഭദ്ര, ചെല്ലമ്മ, ഓമന, ആനന്ദവല്ലി എന്നിവരോടൊപ്പം കാലം കൈവിട്ട തഴപ്പായയില്‍ ജീവിതം ഇഴചേര്‍ക്കുകയാണ്. പിറന്നത് കുട്ടനാടിന്റെ മണ്ണിന്റെ ഗന്ധമുള്ള മാപ്പിളശേരി തുണ്ടുപറമ്പിലായിരുന്നു.
അന്നത്തെ ജീവിത പ്രാരാബ്ധം തള്ളിനീക്കുകയെന്നതായിരുന്നു ഏറ്റവും വലിയ കാര്യം.അങ്ങനെ തിരിച്ചറിവ് വെക്കുംമുമ്പെ കൈതോലകളില്‍ തഴപ്പൊളികള്കൊണ്ട് ജീവിതത്തിലേക്കുള്ള അക്ഷരങ്ങള്‍ കുറിച്ചു.അമ്മ പെണ്ണമ്മയാണ് അംബുജത്തിന്റെ കൈപിടിച്ച് തഴപ്പൊളികള്‍ കോര്‍ത്തിണക്കി ജീവിതത്തിലേക്കുള്ള വെളിച്ചം പകര്‍ന്നത്. പാരമ്പര്യം നിലനിര്‍ത്താന്‍ ആരും മുന്നിട്ടിറങ്ങുന്നില്ലെന്ന പരിഭവം മാത്രമാണ് വനിതാദിനത്തില്‍ അംബുജത്തിന് പങ്കിടാനുള്ളത്.
കിടപ്പായക്ക് പുറമെ നെല്ലുണക്കുന്ന ചിക്കുപായയും വിത്ത് കിളിര്പ്പിക്കാനും സാധനങ്ങള്‍ മാര്‍ക്കറ്റുകളില്‍ നിന്നും കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്ന വട്ടിയും കുട്ടികളെ കിടത്തുന്ന ചെറിയ പായകളും ശര്ക്കരവല്ലങ്ങളും ഉണ്ടാക്കിയിരുന്നു. അതിനെല്ലാം ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ തഴക്കൈതകളുടെ വംശനാശവും ഈ രംഗത്തേക്ക് പുതിയ തലമുറക്ക് താല്പര്യം ഇല്ലാതായതും തഴപ്പായകൾ തഴയപ്പെടാൻ കാരണമായി. ഇതേ രംഗത്ത് പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കടന്നുവരവും തിരിച്ചടിയായി. ഇന്ന് അത്തരം ഉൽപന്നങ്ങള് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോഴും അതിന് പരിഹാരമായ പാരമ്പരാഗത വസ്തുക്കള്‍ വിപണിയില്‍ സജീവമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.