ആമിനാസ് വിങ്സ് ഓഫ് ഡിറ്റർമിനേഷൻ
text_fields
ആമിന
ജന്മനാലുള്ള പരിമിതികളുടെ പ്രതിബന്ധങ്ങള്‍ താണ്ടി കരുത്തായി മാറുകയാണ് അജ്മാന് കൊസ്മോപോളിറ്റന്‍ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി ആമിന. പ്രസവത്തില്‍ തന്നെ കൈകാലുകള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു തിരുവനന്തപുരം ആലംകോട് സ്വദേശിയായ മുസമ്മില്‍-സുമയ്യ ദമ്പതികളുടെ ആദ്യ പുത്രി ആമിനക്ക്.
എല്ലാ പരിമിതികളും വകവെക്കാതെ ദൃഢനിശ്ചയത്തോടെ മുന്നേറുകയായിരുന്നു കുഞ്ഞു ആമിന. കൈക്ക് പരിമിതികള്‍ ഉള്ളതിനാല്‍ കാലുകള്‍കൊണ്ട് എഴുതാന്‍ തുടങ്ങിയിരുന്ന ആമിന പതിയെ കൈകൊണ്ടും എഴുതാന്‍ പരിശീലിച്ചു. അതോടെ എഴുത്തുകളോട് വലിയ ഹരമായി മാറി. പലതും എഴുതാന്‍ തുടങ്ങിയ കൂട്ടത്തില്‍ കഥകളും കവിതകളും എഴുതാനും ചിത്രം വരക്കാനും തുടങ്ങി.
കുട്ടിയുടെ കഴിവ് മനസ്സിലാക്കിയ രക്ഷിതാക്കള്‍ വലിയ പിന്തുണയും നല്കി. ഇതിനകം നിരവധി മികച്ച കവിതകള്‍ക്ക് ആമിന ജീവന് നല്കി. നിരവധി ചിത്രങ്ങളും വരച്ചു നിറംനല്‍കി. ആമിനയുടെ രചനകള്‍ ഇന്ന് പഠിക്കുന്ന സ്കൂളിലെ എല്ലാവര്ക്കും വലിയ കൗതുകമാണ്. താനിഷ്ടപ്പെടുന്ന മേഖലയില്‍ ഇനിയും മുന്നേറാനാണ് ആമിനയുടെ ആഗ്രഹം.
ആമിന രചിച്ച കവിതകളുടെ ഒരു സമാഹാരം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. സ്കൂളിലെ ക്രാഫ്റ്റ് ടീച്ചര്‍ റുബീനയുടെ അകമഴിഞ്ഞ വലിയ പിന്തുണയും മുതല്‍കൂട്ടാണെന്ന് ആമിന പറയുന്നു. മാതാവ് സുമയ്യയും കവിതകള്‍ എഴുതാറുണ്ട്. ഫാത്തിമ മുസമ്മിലാണ് ആമിനയുടെ ഇളയ സഹോദരി.


