79ലും സംഗീതം അഭ്യസിച്ച് അമ്മിണി
text_fieldsസംഗീതം അഭ്യസിക്കുന്ന അമ്മിണി വാസുദേവൻ
എടപ്പാൾ: 79ാം വയസ്സിൽ സംഗീതം അഭ്യസിച്ച് പ്രചോദനമാവുകയാണ് എടപ്പാൾ സ്വദേശിനി അമ്മിണി വാസുദേവൻ. ജനിച്ചത് അടൂരാണെങ്കിലും കർമരംഗം എടപ്പാളും പരിസര പ്രദേശങ്ങളുമാണ്.
1972ൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ എടപ്പാളിനടുത്തുള്ള ഒതളൂർ ജി.യു.പി സ്കൂൾ, ഇ.എം.യു.പി സ്കൂൾ എടപ്പാൾ, ജി.എച്ച്.എസ് വേങ്ങര, ജി.യു.പി.എസ് പൈങ്കണ്ണൂർ, ജി.എൽ.പി.എസ് തുയ്യം, ജി.എൽ.പി.എസ് എടപ്പാൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഹിന്ദി ഒഴികെയുള്ള വിഷയങ്ങളിൽ അധ്യാപനം നടത്തി. നിരവധി ശിഷ്യസമ്പത്തുള്ള ഈ അധ്യാപികക്ക് മക്കളായ സുജനും ഉദയസാനുവും സംഗീത പഠനത്തിന് പൂർണ പിന്തുണ നൽകുന്നു. കഴിഞ്ഞ എട്ട് മാസമായി സംഗീതം അഭ്യസിക്കുന്ന അമ്മിണിക്ക് പരിശീലനം നൽകുന്നത് സംഗീത അധ്യാപകൻ മണികണ്ഠൻ മൂതൂരാണ്.
സംഗീതം പഠിക്കണമെന്നത് ചെറുപ്പം തൊട്ടേയുള്ള ആഗ്രഹമായിരുന്നെന്ന് അമ്മിണി പറയുന്നു. എടപ്പാളിൽ എത്തിയ ശേഷം സംഗീതം അഭ്യസിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ തടസ്സമായി. 1999 മാർച്ചിലാണ് വിരമിച്ചത്. ഭർത്താവ് വാസുദേവൻ അധ്യാപകനായിരുന്നു. മക്കളും ചെറുമക്കളുമെല്ലാം സംഗീതം അഭ്യസിച്ചവരാണ്. കൊച്ചുമകൻ കീബോർഡ് വായിക്കും. പുറമെ നല്ലൊരു കർഷക കൂടിയാണ് അമ്മിണി.